അമ്പലപ്പുഴ: കടലാക്രമണത്തിന്റെ ശക്തി കുറഞ്ഞതോടെ തോട്ടപ്പള്ളിക്കും കരൂരിനുമിടയില്‍ ചാകര തെളിയുന്നു. ജില്ലയുടെ മറ്റു തീരങ്ങളില്‍ ചാകര പ്രതിഭാസമില്ലാത്തിനാല്‍ ഭൂരിഭാഗം വള്ളങ്ങളും തോട്ടപ്പള്ളി ഹാര്‍ബറില്‍ എത്തിച്ചാണ് മല്‍സ്യബന്ധനത്തിന് പോകുന്നത്. പുന്തല, പുറക്കാട്, കരൂര്‍, ആനന്ദേശ്വരം ഭാഗങ്ങളിലാണ് തിരയുടെ ശക്തി കുറഞ്ഞത്. ഇവിടെ നിന്നു കടലില്‍ ഇറക്കിയ ഏതാനും വള്ളങ്ങള്‍ക്ക് ചെമ്മീന്‍ ലഭിച്ചത് മത്‌സ്യത്തൊഴിലാളികള്‍ക്ക് പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. ചാകരയിലെ പ്രധാന ഇനമാണ് ചെമ്മീന്‍.
കിലോയ്‌ക്ക് 160 രൂപ മൊത്തവില വെച്ചാണ് ഹാര്‍ബറില്‍ കച്ചവടം നടന്നത്. നീണ്ട വറുതിക്കും ട്രോളിങ് നിരോധനത്തിനു ശേഷം ആദ്യമായാണ് ചെമ്മീന്‍ ലഭിച്ചത്. ചെറിയ വള്ളങ്ങളും പൊന്തു വലക്കാരുമാണ് തോട്ടപ്പള്ളിയില്‍ മത്‌സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതില്‍ ഏറെയും. നൂറിലേറെ തൊഴിലാളികള്‍ കയറുന്ന കൂറ്റന്‍ ലെയ്‌ലന്റുകള്‍ കായംകുളത്താണ് അടുക്കുന്നത്.
തോട്ടപ്പള്ളി ഹാര്‍ബറിന്റെ ആഴക്കുറവും വിസ്താരമില്ലായ്മയുമാണ് വലിയ യാനങ്ങള്‍ക്ക് പ്രതിസന്ധി സ്വഷ്ടിക്കുന്നത്. 49 ദിവസത്തെ ട്രോളിങ് നിരോധനം കഴിഞ്ഞു ട്രോളറുകള്‍ കടലില്‍ ഇറക്കാന്‍ തുടങ്ങിയാല്‍ വിപണിയില്‍ മത്‌സ്യം സുലഭമാകുന്നതോടെ വള്ളങ്ങള്‍ പിടിച്ചു കൊണ്ടുവരുന്ന മത്‌സ്യത്തിന് വിലയിടിയും. അതിന് മുമ്പുള്ള ചാകരക്കോള് പ്രതീക്ഷിച്ചുള്ള നെട്ടോട്ടത്തിലാണ് പരമ്പരാഗത വള്ളങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക