Business

ബിസ്ക്കറ്റ് ഉള്‍പ്പെടെയുള്ള പാക്ക് ചെയ്ത ഭക്ഷ്യവിഭവങ്ങളില്‍ ബ്രിട്ടാനിയയെ കടത്തിവെട്ടി ഐടിസി; ഇന്ത്യയിലെ രണ്ടാമന്‍

ബിസ്ക്കറ്റ് ഉള്‍പ്പെടെയുള്ള പാക്ക് ചെയ്ത് വില്‍ക്കുന്ന ഭക്ഷ്യവിഭവങ്ങളില്‍ കാലാകാലങ്ങളായി ബ്രിട്ടാനിയയ്ക്കുണ്ടായിരുന്ന മേല്‍ക്കൈ തകര്‍ത്ത് ഇന്ത്യയിലെ ഐടിസി.

Published by

മുംബൈ: ബിസ്ക്കറ്റ് ഉള്‍പ്പെടെയുള്ള പാക്ക് ചെയ്ത് വില്‍ക്കുന്ന ഭക്ഷ്യവിഭവങ്ങളില്‍ കാലാകാലങ്ങളായി ബ്രിട്ടാനിയയ്‌ക്കുണ്ടായിരുന്ന മേല്‍ക്കൈ തകര്‍ത്ത് ഇന്ത്യയിലെ ഐടിസി. ഒരു കാലത്ത് സിഗരറ്റ് കമ്പനിയായി അറിയപ്പെട്ടിരുന്ന ഐടിസി(ഇന്ത്യന്‍ ടുബാകോ കമ്പനി), പിന്നീട് അവരുടെ ബിസിനസ് വൈവിധ്യവല്‍ക്കരിച്ചപ്പോഴാണ് പാക്ക് ചെയ്ത ഭക്ഷ്യവിഭവങ്ങളുടെ ബിസിനസിലേക്ക് കടന്നത്.

പാക്ക് ചെയ്ത ഭക്ഷ്യവിഭവങ്ങളുടെ വില്‍പനയുടെ കാര്യത്തില്‍ ഇപ്പോള്‍ ബ്രിട്ടാനിയയെ കടത്തിവെട്ടി ഐടിസി രണ്ടാം സ്ഥാനം പിടിച്ചെടുത്തു. ഇപ്പോഴും ഈ മേഖലയില്‍ മാഗി നൂഡില്‍സും നെസ് കഫേയും സെറിലാകും മഞ്ച് ചോക്കലേറ്റും എല്ലാം വില്‍ക്കുന്ന നെസ് ലെ തന്നെയാണ് ഒന്നാം സ്ഥാനത്ത്.

നുസ്ലി വാഡിയ നയിക്കുന്ന ഇന്ത്യന്‍ കമ്പനിയായ ബ്രിട്ടാനിയ ഇന്ത്യയില്‍ ഏറെ വേരുറപ്പിച്ച കമ്പനിയായിരുന്നു. ബിസ്കറ്റുകള്‍, ബ്രെഡുകള്‍, ഡയറി ഉല്‍പന്നങ്ങള്‍ തുടങ്ങി ഗുഡ് ഡെ ബിസ്കറ്റുകള്‍, മാരി ഗോള്‍ഡ്, ടൈഗര്‍ ബിസ്കറ്റുകള്‍, ന്യൂട്രിചോയ്സ്, മില്‍കി ബികിസ് എന്നിവ ബ്രിട്ടാനിയയുടെ ഉല്‍പന്നങ്ങളാണ്.

സണ്‍ഫീസ്റ്റ് ബ്രാന്‍റില്‍ പുറത്തിറക്കുന്ന ബിസ്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഒരു പിടി ഉല്‍പന്നങ്ങള്‍, ഡാര്‍ക് ഫാന്‍റസി, ബി നാച്ചുറല്‍ പാക്ക് ചെയ്ത ജ്യൂസുകള്‍, ആശിര്‍വാദ് ആട്ട തുടങ്ങിയവ ഐടിസിയുടെ ഉല്‍പന്നങ്ങളാണ്. 2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 17,194.5 കോടിയുടെ വില്‍പനയാണ് പാക്ക് ചെയ്ത ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തില്‍ ഐടിസി നേടിയത്. ആഭ്യന്തരവിപണിയും കയറ്റുമതിയും ചേര്‍ന്നുള്ള കണക്കാണിത്. ആശിര്‍വാദ് ആട്ട, ബിംഗോ ചിപ്സ്, സണ്‍ഫീസ്റ്റ് ബിസ്കറ്റ് എന്നിവയുടെ വില്‍പനയാണ് വലിയ വില്‍പനകുതിപ്പിന് ഐടിസിയെ സഹായിച്ചത്. തൊട്ടുമുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പനയില്‍ ഒമ്പത് ശതമാനം വളര്‍ച്ച നേടാന്‍ ഐടിസിയ്‌ക്ക് സാധിച്ചു.

ഇക്കാലയളവില്‍ ബ്രിട്ടാനിയയ്‌ക്ക് 16,792.2 കോടി രൂപയുടെ വില്‍പനയേ നേടാന്‍ സാധിച്ചുള്ളൂ. പക്ഷെ നെസ്ലെ ഇന്ത്യയുടെ വില്‍പന 24,275 കോടി രൂപയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക