അബുജ: നൈജീരിയയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബോര്‍ണോയില്‍ ചാവേറാക്രമണങ്ങള്‍. പലയിടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 18 പേര് കൊല്ലപ്പെട്ടു. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഗ്വോസ പട്ടണത്തില്‍ മൂന്നിടങ്ങളിലായാണ് ചാവേറാക്രമണം ഉണ്ടായത്.
പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ 19 പേരെ പ്രവിശ്യാ തലസ്ഥാനമായ മെയ്ദുഗുരിയിലെ ആശുപത്രിയിലേക്ക് മാറ്റി. വിവാഹ ചടങ്ങിലും മരണാനന്തര ചടങ്ങിലുമുള്‍പ്പെടെ ചാവേര്‍ എത്തി പൊട്ടിത്തെറിക്കുകയായിരുന്നു. വിവാഹവേദിയില്‍ കൈക്കുഞ്ഞുമായി ഒരു സ്ത്രീയാണ് ചാവേറായി എത്തിയതെന്ന് പ്രാദേശിക പോലീസ് അറിയിച്ചു. കാമറൂണിലെ അതിര്‍ത്തിക്ക് സമീപമുള്ള ആശുപത്രിയിലും ചാവേറായെത്തിയത് സ്ത്രീയാണ്. വിവാഹച്ചടങ്ങിനിടെയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാരച്ചടങ്ങിനിടെയാണ് മറ്റൊരാക്രമണമുണ്ടായത്.
മൂന്നിടങ്ങളിലെ ചാവേര്‍ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഗര്‍ഭിണികളും കൊല്ലപ്പെട്ടതായി ബോര്‍ണോ സ്റ്റേറ്റ് എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി മേധാവി ബര്‍കിന്‍ഡോ സെയ്ദു സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ നൈജീരിയന്‍ സൈന്യവും പോലീസും അന്വേഷണം ശക്തമാക്കി. ഭീകര സംഘടനകളായ ബോക്കോ ഹറാമിന്റെയും ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുടെയും ശക്തികേന്ദ്രമാണ് ബോര്‍ണോ. ആക്രമണത്തിന് പിന്നില്‍ ഇവരാകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: