പെരുമ്പാവൂര്‍: കേരളത്തില്‍ വനവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇ ഗ്രാന്റ് നല്‍കാത്തതിനെ തുടര്‍ന്ന് പഠനം മുടങ്ങുന്നു.
രണ്ടു വര്‍ഷമായി ഇ ഗ്രാന്റ്ഒന്നും നല്‍കുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിനായി കോളജുകളില്‍ ചെല്ലുമ്പോള്‍ 10,000 മുതല്‍ 20,000 രൂപ വരെ അഡ്മിഷന് ഫീസിനത്തില്‍ കോളജില്‍ അടക്കേണ്ടതുണ്ട്. ഇ ഗ്രാന്റ് മുടങ്ങുന്നതിനു മുമ്പ് കോളജുകാര്‍ ഫണ്ടില്‍ നിന്നും തുക എടുക്കുമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇ-ഗ്രാന്റ് കിട്ടാത്തതിനാല്‍ അഡ്മിഷന് ഇനത്തില്‍ കൊടുക്കേണ്ട തുക നല്‍കാതെ പ്രവേശനം നല്‍കില്ലെന്ന് കോളജുകാര്‍ നിര്‍ബന്ധം പിടിക്കുന്നു.
ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കുന്നില്ല. രണ്ടു വര്‍ഷമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ വനവാസി ഗോത്ര സഭകളില്‍പെട്ട കുട്ടികള്‍ക്കൊന്നും പഠിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വനവാസികളുടെ ക്ഷേമത്തിനായി കോടികള്‍ ചെലവഴിക്കുമ്പോഴും ഇതുപോലുള്ള സംഭവങ്ങള്‍ വിവിധ തലങ്ങളില്‍ അറിയിക്കുമ്പോള്‍ വ്യക്തമായ മറുപടി ലഭിക്കുന്നില്ല. അതിനാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു.
എറണാകുളം ജില്ലയിലെ കോട്ടപ്പടിയിലുള്ള വനവാസി കോളനിയിലെ ഊരുമൂപ്പന് സന്തോഷ് അദ്ദേഹത്തിന്റെ മകള്‍ക്ക് വേണ്ടി കോളജില്‍ ചെന്നപ്പോള്‍ ഗ്രാന്റ് കിട്ടുമെന്ന് കരുതി ഇവിടെ അഡ്മിഷന് വാങ്ങി പഠിക്കാമെന്ന് വിചാരിക്കേണ്ട എന്ന മറുപടിയാണ് കോളജ് അധികൃതരില്‍ നിന്നും ലഭിച്ചത്.ഏതെങ്കിലും രീതിയില്‍ അഡ്മിഷന് വാങ്ങിയാലും ഇ-ഗ്രാന്റ് കിട്ടാത്തതിനാല്‍ ഫീസ് അടയ്ക്കേണ്ട സമയം ആകുമ്പോള്‍ കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയും ഇതോടെ വിദ്യാര്‍ത്ഥികള്‍ ഇടയ്ക്ക് വെച്ച് വിദ്യാഭ്യാസം നിര്‍ത്തേണ്ട അവസ്ഥയുമാണ്. ഇതിനിടയില്‍ ലാപ്ടോപ്പ് വിതരണത്തിലും വലിയ അഴിമതിയാണെന്ന് കുട്ടികള്‍ ആരോപിക്കുന്നു. പ്രവര്‍ത്തിക്കാത്ത ലാപ്ടോപ്പ് പ്രവര്‍ത്തിപ്പിച്ചു കാണിക്കാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് പൈസ മുടക്കില്ലല്ലോ എന്നാണ് വിതരണക്കാര്‍ വിദ്യാര്‍ത്ഥികളോട് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: