തിരുവനന്തപുരം: സാമ്പത്തിക ഇടപാടുകളില്‍ മനംനൊന്ത് ബിജുകുമാര്‍ ആത്മഹത്യ ചെയ്തതോടെ പുറത്തുവരുന്നത് ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുള്‍. മാസങ്ങള്‍ക്ക് മുന്നെ ബാങ്ക് ഓഡിറ്റില്‍ ക്രമക്കേട് നടന്നായി രജിസ്റ്റാര്‍ സംഘം കണ്ടെത്തിയെന്നാണ് വിവരം.
17 കോടിയുടെ ക്രമക്കേട് നടന്നതായാണ് സൂചന. ബാങ്ക് പ്രസിഡന്റിന്റെ അറിവോടെ ബന്ധുക്കളുടെ പേരില്‍ ലോണ്‍ അനുവദിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നും ആരോപണമുണ്ട്. വിവിധ ബ്രാഞ്ചുകളില്‍ പ്രവര്‍ത്തിക്കുന്ന ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന് കടകംപള്ളി സുരേന്ദ്രന് വകുപ്പ് മന്ത്രിയായി ഇരുന്നപ്പോഴാണ് അനുമതി നല്‍കിയത്. നിരവധിപ്പേര്‍ക്ക് സ്ഥിര നിക്ഷേപം തിരികെ നല്‍കാനുണ്ട്.
ബിജുകുമാറിന്റെ ആത്മഹത്യയെ തുടര്‍ന്ന് രേഖകള്‍ മറച്ച് വച്ച് ഉദ്യോഗസ്ഥര്‍ തലയൂരാന്‍ ശ്രമം തുടങ്ങി. ബാങ്ക് മാനേജരെ സംരക്ഷിക്കുന്നതിനായി ഭരണപക്ഷ എംഎല്‍എ ഇടപെടല്‍ നടത്തുന്നതായും ആരോപണമുണ്ട്. ബാങ്കിന്റെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും നിക്ഷേപകരും പ്രതിഷേധങ്ങള്‍ വ്യാപിപ്പിക്കുകയാണ്. എന്നാല്‍ ബിജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുവാന്‍ പോലീസ് ഇതുവരെയും തയ്യാറായില്ല. ബിജുകുമാറിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞു ജീവനക്കാര്‍ നേരത്തെ ബാങ്ക് പൂട്ടി പോയിരുന്നു. രാവിലെ പോലീസ് ചെമ്പഴന്തിയിലെ സഹകരണ സംഘത്തില്‍ പരിശോധന നടത്തിയപ്പോള്‍ 11,85,220 രൂപയുടെ ബാധ്യത ബിജുകുമാറിനു ഉണ്ടെന്നാണ് സെക്രട്ടറി എഴുതി നല്‍കിയത്. ഇതു തെറ്റാണെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. സംഭവം അറിഞ്ഞ് നിരവധി ഇടപാടുകാര്‍ ബാങ്കില്‍ എത്തി. നിക്ഷേപിച്ച തുക ആവശ്യപ്പെട്ടിട്ടും മാസങ്ങളായി നല്‍കുന്നില്ലെന്ന് കാണിച്ച് പരാതികള്‍ എഴുതി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും തഹസില്‍ദാര്‍ക്കും നല്കി. നാല്പതിലേറെ ജീവനക്കാരുള്ള ഈ സംഘത്തില്‍ ഒരു വര്‍ഷമായി ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നില്ല എന്ന് ജീവനക്കാരും പറയുന്നു.
സംഭവം വിവാദമായതോടെ ഡിസിസി അംഗവും സഹകരണ സംഘം പ്രസിഡന്റുമായ അണിയൂര്‍ ജയനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്ത് ഡിസിസി നേതൃത്വം തലയൂരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: