തിരുവനന്തപുരം: ആറ് സര്‍വകലാശാലകളില്‍ വിസിയെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മറ്റി രൂപീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജ്ഞാപനമിറക്കിയതോടെ പോര്‍മുഖം തുറന്ന് സര്‍ക്കാര്‍.
സര്‍വകലാശാലകള്‍ പ്രതിനിധികളെ നല്‍കാത്തതിനാല്‍ യുജിസിയുടെയും ചാന്‍സലറായ ഗവര്‍ണറുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചത്. ഇതോടെ വിജ്ഞാപനത്തിനെതിരെ നിയമയുദ്ധത്തിനൊരുങ്ങി സര്‍ക്കാര്‍.
കഴിഞ്ഞദിവസമാണ് കേരള, എംജി., കാര്‍ഷികം, മലയാളം, സാങ്കേതികം, ഫിഷറീസ് സര്‍വകലാശാലകളുടെ വിസിമാരെ നിശ്ചയിക്കാനുള്ള സമിതികള്‍ക്ക് ഗവര്‍ണര്‍ രൂപം കൊടുത്തത്. യുജിസി റെഗുലേറ്ററി ആക്ട് പ്രകാരമാണ് സെര്‍ച്ച് കമ്മിറ്റിയുടെ രൂപീകരണം. സെര്‍ച്ച് കമ്മറ്റി പ്രതിനിധികളെ നല്കാന്‍ സര്‍വകലാശാലകളോട് നിരവധി തവണ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍വകലാശാല സിന്‍ഡിക്കേറ്റുകള്‍ അനുസരിച്ചിരുന്നില്ല. അതേസമയം ആറ് സെര്‍ച്ച് കമ്മറ്റിയിലേക്കും യുജിസി പ്രതിനിധികളെ നിര്‍ദേശിച്ചു. ഇതോടെയാണ് യുജിസി പ്രതിനിധിയെയും ചാന്‍സലറുടെ പ്രതിനിധിയെയും നിശ്ചയിച്ച് സെര്‍ച്ച് കമ്മറ്റി ഗവര്‍ണര്‍ രൂപീകരിച്ചത്. സര്‍വകലാശാലകള്‍ പ്രതിനിധികളെ പിന്നീട് നിര്‍ദേശിച്ചാല്‍ അവരെ സമിതികളില്‍ ഉള്‍പ്പെടുത്തും എന്ന ഉപാധിവച്ചാണ് സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്.
ഗവര്‍ണറുടെ നടപടിക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു രംഗത്തെത്തി. ഗവര്‍ണറുടെ നീക്കം ജനാധിപത്യത്തിന്റെ മീതെയുള്ള കടന്നുകയറ്റമാണെമെന്നും സര്‍ക്കാര്‍ അതിന്റെ നിയമസാധുത പരിശോധിക്കുമെന്നും ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് ചാന്‍സലറുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളാണ്. ക്വാളിറ്റി, മെറിറ്റ് ഒന്നും പരിശോധിക്കാതെയാണ് നോമിനേറ്റ് ചെയ്യുന്നത്. എബിവിപി പ്രവര്‍ത്തകര്‍ ആയതുകൊണ്ട് മാത്രം ചില ആളുകളെ നോമിനേറ്റ് ചെയ്തു. കാവിവല്‍ക്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു.
താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍വകലാശാലകള്‍ പ്രതിനിധികളെ നല്‍കാന്‍ തയാറായില്ലെന്നും തന്റെ ജോലി കൃത്യമായി നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും അതാര്‍ക്കും തടയാനാകില്ലെന്നും ഗവര്‍ണര്‍ തിരിച്ചടിച്ചു. വിസി നിയമനത്തില്‍ തന്റെ ഉത്തരവ് പ്രകാരം സര്‍വകലാശാലകള്‍ ഒരു മാസത്തിനുള്ളില്‍ തങ്ങളുടെ പ്രതിനിധികളെ അയയ്‌ക്കാന്‍ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം ചാന്‍സലര്‍ക്ക് നിയമങ്ങള്‍ക്കും യുജിസി മാനദണ്ഡങ്ങള്‍ക്കുമനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാം. പത്തിലധികം യൂണിവേഴ്‌സിറ്റികളില്‍ ഇപ്പോഴും വിസിമാരില്ല. കഴിഞ്ഞ ഒരു വര്‍ഷമായി പല ഘട്ടങ്ങളിലും സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ നോമിനികളെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു. കേരള സര്‍വകലാശാലയ്‌ക്ക് മാത്രം ആറ് തവണ നോട്ടീസ് നല്‍കി. കേരളയില്‍ അവസാനം
നടത്തിയ യോഗം വിദ്യാഭ്യാസ മന്ത്രിയെത്തി അലങ്കോലപ്പെടുത്തി. മന്ത്രി ആര്‍. ബിന്ദുവിന്റെ ഇപ്പോഴത്തെ വിമര്‍ശനം അര്‍ത്ഥശൂന്യമായ പരാമര്‍ശമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇരുവരും വാക്‌പോരിലേക്ക് നീങ്ങിയതോടെ സെര്‍ച്ച് കമ്മറ്റി രൂപീകരണവും കോടതി കേറുമെന്ന് ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: