സായുധ സേനയുടെ ആധുനികവത്കരണം ശക്തമായ ഇന്ത്യക്ക് അത്യന്താപേക്ഷിതമാണ്. സായുധ സേനയിലെ പരിഷ്‌കാരങ്ങള്‍ തുടര്‍ച്ചയായ പ്രക്രിയയായിരിക്കണം. അതുവഴി യുദ്ധസമയത്ത് സൈന്യം അവരുടെ മേധാവിത്വം നിലനിര്‍ത്തുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പ്രതിരോധ മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. സിഡിഎസ് പോലുള്ള പരിഷ്‌കാരങ്ങള്‍ നമ്മുടെ പ്രതിരോധ സേനയ്‌ക്ക് കരുത്ത് നല്‍കി. ഓര്‍ഡനന്‍സ് ഫാക്ടറികളിലെ പരിഷ്‌കാരങ്ങള്‍ പ്രതിരോധ മേഖലയ്‌ക്ക് ഗുണം ചെയ്തിട്ടുണ്ട്. 40-ലധികം ഓര്‍ഡനന്‍സ് ഫാക്ടറികള്‍ 7 പ്രതിരോധമേഖലാ സംരംഭങ്ങളായി പുനഃക്രമീകരിച്ചു. അതിന്റെ ഫലമായി അവയുടെ ശേഷിയും കാര്യക്ഷമതയും മെച്ചപ്പെട്ടു.
ഇത്തരം പരിഷ്‌കാരങ്ങള്‍ മൂലമാണ് ഭാരതമിപ്പോള്‍ ഒരു ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ ദശകത്തില്‍ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 18 മടങ്ങില്‍ കൂടുതല്‍ വര്‍ധിച്ച് 21,000 കോടി രൂപ വരെയായി.
ഫിലിപ്പൈന്‍സുമായുള്ള ബ്രഹ്മോസ് മിസൈല്‍ പ്രതിരോധ കരാര്‍, പ്രതിരോധ കയറ്റുമതി മേഖലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തി.
യുവാക്കള്‍ക്കും അവരുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രോത്സാഹനം നല്‍കുന്നതിലൂടെ, സ്വയം പര്യാപ്തമായ പ്രതിരോധ മേഖലയ്‌ക്ക് ശക്തമായ അടിത്തറ പാകാന്‍ കഴിഞ്ഞു. ഉത്തര്‍പ്രദേശിലും തമിഴ്നാട്ടിലും രണ്ട് പ്രതിരോധ ഇടനാഴികളും വികസിപ്പിക്കുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 7 പുതിയ ഐഐടികളും 16 ഐഐഐടികളും 7 ഐഐഎമ്മുകളും 15 പുതിയ എയിംസുകളും 315 മെഡിക്കല്‍ കോളേജുകളും 390 സര്‍വകലാശാലകളും സ്ഥാപിക്കപ്പെട്ടു. ഈ സ്ഥാപനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താനും ആവശ്യാനുസരണം എണ്ണം വര്‍ധിപ്പിക്കാനുമാണ് സര്‍ക്കാരിന്റ ശ്രമം. ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കാനുള്ള ശ്രമവും നടക്കുന്നു.
അടല്‍ ടിങ്കറിംഗ് ലാബ്സ്, സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ തുടങ്ങിയ പരിപാടികള്‍ രാജ്യത്തെ യുവാക്കളുടെ കര്‍മശേഷി മെച്ചപ്പെടുത്താന്‍ സഹായിച്ചു.
രാജ്യത്തെ യുവജനങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ശരിയായ അവസരങ്ങള്‍ ഒരുക്കുകയെന്നത് സര്‍ക്കാരിന്റെ നിരന്തര പരിശ്രമമാണ്. അത് മത്സര പരീക്ഷകളായാലും സര്‍ക്കാര്‍ റിക്രൂട്ട്മെന്റായാലും ഒരു തടസ്സവും ഉണ്ടാകാന്‍ പാടില്ല. ഈ പ്രക്രിയയ്‌ക്ക് സുതാര്യതയും സത്യസന്ധതയും ആവശ്യമാണ്. സമീപകാലത്ത് ചില പരീക്ഷകളില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായ സംഭവങ്ങളില്‍, നീതിയുക്തമായ അന്വേഷണത്തിനും കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നേരത്തെയും, വിവിധ സംസ്ഥാനങ്ങളില്‍ പേപ്പര്‍ ചോര്‍ച്ചയുടെ നിരവധി സംഭവങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി രാജ്യവ്യാപകമായി ശക്തമായ നടപടികള്‍ കൈക്കൊള്ളേണ്ടത് പ്രധാനമാണ്.
പരീക്ഷകളിലെ അന്യായമായ മാര്‍ഗങ്ങള്‍ക്കെതിരെ പാര്‍ലമെന്റ് കര്‍ശനമായ നിയമവും നടപ്പിലാക്കിയിട്ടുണ്ട്.
പരീക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും അവയുടെ പ്രവര്‍ത്തനത്തിലും പരീക്ഷാ പ്രക്രിയയുടെ സമസ്ത മേഖലയിലും ബൃഹദ് പരിഷ്‌കാരങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു.
രാഷ്‌ട്രനിര്‍മ്മാണത്തില്‍ യുവാക്കളുടെ പങ്കാളിത്തം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന് ‘മേരാ യുവ ഭാരത് (മൈ ഭാരത്)’ പ്രചാരണ പരിപാടി ആരംഭിച്ചു. ഇതുവരെ 1.5 കോടിയിലധികം യുവാക്കള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തു. പാരീസ് ഒളിമ്പിക്‌സും ആരംഭിക്കാന്‍ പോകുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഓരോ കായികതാരത്തിലും രാജ്യം അഭിമാനിക്കുന്നു. 2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍.
ജൂലൈ ഒന്ന് മുതല്‍ ഭാരതീയ ന്യായ് സംഹിത രാജ്യത്ത് നിലവില്‍ വരും. ശിക്ഷയെക്കാള്‍ നീതിക്കാണ് ഇപ്പോള്‍ മുന്‍ഗണന ലഭിക്കുക, അത് നമ്മുടെ ഭരണഘടനയുടെ അന്തസത്തയ്‌ക്ക് അനുസൃതവുമാണ്. ഈ പുതിയ നിയമങ്ങള്‍ ജുഡീഷ്യല്‍ പ്രക്രിയയെ വേഗത്തിലാക്കും.
പട്ടികജാതി, പട്ടികവര്‍ഗ, ദരിദ്ര ജനവിഭാഗങ്ങളോടുള്ള ആദരവിന്റെ പ്രതീകമായി ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനം ജന്‍ ജാതി ഗൗരവ് ദിവസ് ആയി ആഘോഷിക്കാനാരംഭിച്ചു. അദ്ദേഹത്തിന്റെ 150-ാം ജന്മദിനം അടുത്ത വര്‍ഷം രാജ്യത്തുടനീളം ആഘോഷിക്കും. റാണി ദുര്‍ഗാവതിയുടെ 500-ാം ജന്മവാര്‍ഷികവും രാജ്യം വിപുലമായി ആഘോഷിക്കുകയാണ്. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന സങ്കല്പത്തിലൂന്നി കാശി തമിഴ് സംഗമം, സൗരാഷ്‌ട്ര തമിഴ് സംഗമം തുടങ്ങിയവ ആഘോഷിക്കുകയെന്ന പാരമ്പര്യത്തിന് ഈ സര്‍ക്കാരാണ് തുടക്കം കുറിച്ചത്.
നമ്മുടെ ജനാധിപത്യത്തിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും നാം അപലപിക്കണം. ബാലറ്റ് പേപ്പറുകള്‍ തട്ടിയെടുക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്ന ഭൂതകാല സംഭവങ്ങള്‍ ഇന്നും ഓര്‍മ്മയിലുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രത ഉറപ്പാക്കാനാണ്, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സുപ്രീം കോടതി മുതല്‍ ജനകീയ കോടതി വരെയുള്ള എല്ലാ പരീക്ഷകളിലും ഇവിഎം വിജയിച്ചിട്ടുണ്ട്.
ആശയവിനിമയ വിപ്ലവത്തിന്റെ ഈ കാലഘട്ടത്തില്‍, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും സമൂഹത്തില്‍ വിള്ളല്‍ സൃഷ്ടിക്കാനും വിഘടനവാദ ശക്തികള്‍ ഗൂഢാലോചന നടത്തുകയാണ്. ഈ ശക്തികള്‍ രാജ്യത്തിനകത്തുനിന്ന് മാത്രമല്ല പുറത്തുനിന്നും പ്രവര്‍ത്തിക്കുന്നു. ഈ പ്രതിലോമ ശക്തികള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും പരിശ്രമിക്കുന്നു. ഈ സാഹചര്യം അനുവദിക്കാനാവില്ല
ഇന്ന്, സാങ്കേതികവിദ്യ അനുദിനം മുന്നേറുകയാണ്. മനുഷ്യരാശിക്കെതിരായ സാങ്കേതികവിദ്യയുടെ ദുരുപയോഗം അങ്ങേയറ്റം വിനാശകരമാണ്. അന്താരാഷ്‌ട്ര വേദികളിലും ഇന്ത്യ ഈ ആശങ്കകള്‍ പ്രകടിപ്പിക്കുകയും ആഗോള ചട്ടക്കൂടിന് വേണ്ടി വാദിക്കുകയും ചെയ്യുന്നു. ഈ ദുഷ്പ്രവണതകള്‍ അവസാനിപ്പിക്കുകയും, വെല്ലുവിളികള്‍ നേരിടാന്‍മാര്‍ഗങ്ങളും ഉപാധികളും തേടുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
21-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തില്‍ ഒരു പുതിയ ആഗോള ക്രമം രൂപം കൈക്കൊള്ളുകയാണ്. ഭാരതം വിശ്വബന്ധു എന്ന നിലയിലേക്കുയര്‍ന്ന് ലോകത്തിന് പുതിയ ആത്മവിശ്വാസം പകരുന്നു. മനുഷ്യ കേന്ദ്രീകൃത സമീപനത്തില്‍ അടിയുറച്ചുനിന്നുകൊണ്ട്, ഏത് പ്രതിസന്ധിയിലും പ്രതികരിക്കാന്‍ ഇന്ന് ആദ്യം മുന്നോട്ടു വരുന്നത് ഭാരതമാണ്. ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ ശക്തമായ ശബ്ദമായി രാജ്യം മാറിയിരിക്കുന്നു. ലോകം ഇന്ത്യയെ വീക്ഷിക്കുന്ന രീതിയിലെ മാറ്റം ഇറ്റലിയില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ പ്രകടമായിരുന്നു.
ഭാരതം ജി-20 അധ്യക്ഷപദമലങ്കരിച്ചിരുന്ന സമയത്ത് വിവിധ ആഗോള വിഷയങ്ങളില്‍ ലോകരാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ വിജയിച്ചു. ഇന്ത്യ അധ്യക്ഷപദമലങ്കരിച്ചിരുന്ന കാലയളവിലാണ് ആഫ്രിക്കന്‍ യൂണിയനെ ജി-20ല്‍ സ്ഥിരാംഗമാക്കിയത്.
ഇത് ആഫ്രിക്കയുടെയും മുഴുവന്‍ ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെയും ആത്മവിശ്വാസം ഉയര്‍ത്തി. അയല്‍രാജ്യങ്ങള്‍ക്ക് പ്രഥമപരിഗണന എന്ന ഇന്ത്യയുടെ നയം അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തി.
ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളുമായുള്ള സഹകരണം ഇന്ത്യ വര്‍ധിപ്പിക്കുകയാണ്. കിഴക്കനേഷ്യയായാലും പശ്ചിമേഷ്യയായാലും യൂറോപ്പായാലും കണക്റ്റിവിറ്റിക്ക് വലിയ പ്രാധാന്യം നല്‍കുന്നു. ഇന്ത്യ- പശ്ചിമേഷ്യ -യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് വഴിമരുന്നിട്ട കാഴ്ചപ്പാട് ഭാരതത്തിന്റേതാണ്. ഈ സാമ്പത്തിക ഇടനാഴി 21-ാം നൂറ്റാണ്ടില്‍ വിപ്ലവകരമായ പരിവര്‍ത്തനം സൃഷ്ടിക്കുന്ന പദ്ധതിയാണെന്ന് തെളിയും. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലുണ്ടായ പരിഷ്‌കാരങ്ങളും പുതിയ ആത്മവിശ്വാസവും ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റാനുള്ള പരിശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നു.
ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കുക എന്നത് രാജ്യത്തെ ഓരോ പൗരന്റെയും അഭിലാഷവും ദൃഢനിശ്ചയവുമാണെന്ന് നാമെല്ലാവരും സദാ ഓര്‍ക്കേണ്ടതുണ്ട്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് തടസ്സങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്.
നയങ്ങളോടുള്ള എതിര്‍പ്പും പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതും രണ്ടും രണ്ടായിക്കാണണം. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുമ്പോള്‍, ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍, ദീര്‍ഘദര്‍ശിയായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ മാത്രമല്ല, മുഴുവന്‍ സംവിധാനത്തിലും വിശ്വാസം ജനിക്കും. പാര്‍ലമെന്റിന്റെ ഓരോ നിമിഷവും അര്‍ത്ഥപൂര്‍ണമായി വിനിയോഗിക്കുമെന്നും പൊതുതാത്പര്യത്തിന് മുന്‍ഗണന നല്‍കുമെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: