നൈന മണ്ണഞ്ചേരി
അച്ഛന്‍ ഇനിയും ഉറങ്ങിയിട്ടില്ല. അല്ലെങ്കില്‍ എപ്പോഴാണ് അച്ഛനുറങ്ങുക..അവള്‍ക്കറിയില്ല.അവള്‍ രാത്രി ഉറങ്ങാന്‍ നേരം അച്ഛന്‍ ഉണര്‍ന്നിരിപ്പുണ്ടാവും രാവിലെ ഉണരുമ്പോഴും അച്ഛന്‍ ഉണര്‍ന്നിരിപ്പുണ്ടാവും. കടലാസും പേനയുമായി എന്തോ കുത്തിക്കുറിക്കുകയാവും. വലിയ എഴുത്തുകാരനല്ലേ, അതിനിടയില്‍ പലരുടെയും ഫോണ്‍ വിളികളും. മകളുടെ കാര്യം നോക്കാന്‍ ഇതിനിടയില്‍ എവിടെയാണ് സമയം? എങ്കിലും ചായ ഉണ്ടാക്കിവച്ചിരിക്കും. ഭക്ഷണം ഉണ്ടാക്കാനും അടുക്കള ജോലിക്കുമായി ഒരു സ്ത്രീ വരും. വൈകിട്ടത്തെ ഭക്ഷണം ഉണ്ടാക്കി. വെച്ചിട്ട് അവര്‍ പോകും.
അച്ഛന്‍ ഇനിയും അമ്മയെ വിളിച്ചുകൊണ്ടു വരാത്തതെന്തെന്ന് അവള്‍ക്ക് മനസ്സിലായിട്ടില്ല. പറയുമ്പോഴെല്ലാം ഓരോ ഒഴികഴിവുകള്‍ പറയും. അവര്‍ തമ്മില്‍ എന്തോ പിണക്കമാണെന്നും, കോടതിയില്‍ കേസ് നടക്കുകയാണെന്നും മാത്രം അവള്‍ക്കറിയാം. അല്ലെങ്കില്‍ എന്നാണ് അച്ഛനും അമ്മയും തമ്മില്‍ വഴക്ക് കൂടിയിട്ടില്ലാത്തത്. അവള്‍ക്ക് ഓര്‍മ്മ വച്ച കാലം മുതല്‍ അവരുടെ വഴക്ക് കേട്ടാണ് അവള്‍ വളര്‍ന്നത്. എന്തെങ്കിലും നിസാര കാര്യങ്ങള്‍ മതി, രണ്ടാളും വിട്ടുകൊടുക്കില്ല.
എഴുത്തിലും വായനയിലും കൂടുതല്‍ ശ്രദ്ധിക്കുന്ന അച്ഛന്‍, അതിലൊന്നും ശ്രദ്ധയില്ലാത്ത അമ്മ, പലപ്പോഴും പ്രശ്‌നം അതായിരിക്കണം. അച്ഛന്‍ അല്‍പ്പം വീട്ടുകാര്യങ്ങളും അമ്മ അല്‍പ്പം അച്ഛന്റെ കാര്യങ്ങളും ശ്രദ്ധിച്ചാല്‍ തീരാവുന്നതേയുള്ളൂ അവര്‍ തമ്മിലെ പ്രശ്‌നമെന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ട്. കോടതി വരെ ഇതെങ്ങനെ എത്തി എന്നവള്‍ക്ക് അറിയില്ല.
അമ്മ പോയതോടു കൂടി നക്ഷത്രങ്ങളായി അവളുടെ കൂട്ടുകാര്‍. രാത്രി ഏറെ നേരം അവള്‍ നക്ഷത്രങ്ങളെ നോക്കി നില്‍ക്കും അവയോട് വര്‍ത്തമാനങ്ങള്‍ പറയും. കഥകള്‍ പറയും വിശേഷങ്ങള്‍ പങ്കുവയ്‌ക്കും. പകല്‍ ആരുമില്ല അവള്‍ക്ക് വിശേഷങ്ങള്‍ പങ്കുവയ്‌ക്കാന്‍. അവധിക്കാലമായതു കൊണ്ട് വായിച്ചും ടെലിവിഷന്‍ കണ്ടും മൊബൈല്‍ ഗെയിം കളിച്ചും അവള്‍ക്ക് മതിയായി പഴയ കഥകള്‍ വായിക്കുമ്പോള്‍ അതില്‍ കുട്ടീം കോലും കളിയും ഓലപ്പന്തു കളിയുമൊക്കെ വിവരിക്കുന്നത് കാണുമ്പോള്‍ അവള്‍ക്ക് കൊതിയാവും.
മടിച്ച് മടിച്ച് ഒരു ദിവസം അവള്‍ അച്ഛന്റെ എഴുത്തു മുറിയില്‍ കയറിച്ചെന്നു. ”മോള്‍ ഭക്ഷണം കഴിച്ചോ?”
”ഞാന്‍ കഴിച്ചു..അച്ഛാ,ഞാനൊരു കാര്യം പറഞ്ഞാല്‍ കേള്‍ക്കുമോ?”
എന്താണെന്ന മട്ടില്‍ അച്ഛന്‍ തലയുയര്‍ത്തി..
”നാളെ അമ്മയെ വിളിച്ചു കൊണ്ടുവരുമോ?” അതു കേട്ടതും അച്ഛന്റെ മുഖം ഇരുണ്ടു.”
ഇങ്ങോട്ടു വിളിക്കുന്നില്ലെങ്കില്‍ വെക്കേഷന്‍ കഴിയും വരെ എന്നെ അമ്മയുടെ അടുത്തു കൊണ്ടു നിര്‍ത്തുമോ?”
”അതൊക്കെ ഇനി കോടതി തീരുമാനിക്കും.മോള്‍ പോയി ഉറങ്ങിക്കോളൂ.” അനിഷ്ടത്തോടെ അച്ഛന്‍ പറഞ്ഞു.
കോടതിയുടെ തീരുമാനം എന്തായാലും തനിക്ക് ഒരാള്‍ നഷ്ടപ്പെടും. രണ്ടുപേരും ഒരേപോലെ പ്രിയപ്പെട്ടവരാണ്. തിരക്കിനിടയിലും ഇഷ്ട്ടപ്പെട്ടതെല്ലാം വാങ്ങിത്തരുന്ന അച്ഛന്‍, പ്രത്യേകിച്ച് തനിക്ക് ഏറെ ഇഷ്ടമുള്ള പുസ്തകങ്ങള്‍.. പിടിവാശിക്കാരിയാണെങ്കിലും തന്നെ മനസ്സു തുറന്ന് സ്‌നേഹിക്കുന്ന അമ്മ… ആരെ പിരിയേണ്ടി വന്നാലും അത് എന്നും വേദനയായി അവശേഷിക്കും.
ഈശ്വരാ, അതിനു മുന്‍പ് ഒരു ഒത്തു തീര്‍പ്പുണ്ടാവണേ… ഉറക്കം വരാതെ കിടക്കുമ്പോള്‍ അവള്‍ പ്രാര്‍ത്ഥിച്ചു. അവള്‍ ആകാശത്തേക്ക് നോക്കി. നിറയെ കുഞ്ഞു നക്ഷത്രങ്ങള്‍. അച്ഛനും അമ്മയും ഞാനും അമ്മയും ഒത്തുചേര്‍ന്ന് സന്തോഷത്തോടെ ജീവിക്കാന്‍ നിങ്ങളും പ്രാര്‍ത്ഥിക്കണേ.. അത് കേട്ടിട്ടെന്ന പോലെ നക്ഷത്രങ്ങള്‍ തന്നെ നോക്കി ചിരിക്കുന്നതായി അവള്‍ക്ക് തോന്നി.
പ്രതികരിക്കാൻ ഇവിടെ എഴുതുക