ബുകാറസ്റ്റ്: റൊമാനിയയുടെ തലസ്ഥാനമായ ബുകാറസ്റ്റില്‍ നടന്ന ക്ലാസിക് ചെസില്‍ മൂന്നാം റൗണ്ട് കഴിഞ്ഞപ്പോള്‍ രണ്ട് പോയിന്‍റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ ഗുകേഷ്. മൂന്നാം റൗണ്ടില്‍ പ്രജ്ഞാനന്ദയുമായുള്ള മത്സരത്തില്‍ പാതി ദൂരം പിന്നിട്ടപ്പോള്‍ ജയസാധ്യതകളുമായി നിന്ന പ്രജ്ഞാനന്ദയില്‍ നിന്നും സമനില പിടിച്ചുവാങ്ങുകയായിരുന്നു ഗുകേഷ്.
ഗുകേഷും പ്രജ്ഞാനന്ദയും കഴിഞ്ഞ മാസം കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗുകേഷ് പ്രജ്ഞാനന്ദയെ തോല്പിച്ചിരുന്നു. എന്നാല്‍ ബുക്കാറസ്റ്റില്‍ പ്രജ്ഞാനന്ദ വിജയത്തിന്റെ വക്കിലായിരുന്നു. പഴയ തോല്‍വിക്ക് പ്രതികാരം ചെയ്യാമായിരുന്നു. പക്ഷെ ക്ഷമയോടെ കരുക്കള്‍ നീക്കുന്ന ഗുകേഷ് എതിരാളിയുടെ ദൗര്‍ബല്യത്തിന് വേണ്ടി കാത്ത് കാത്തിരുന്ന് ഒടുവില്‍ സമനില നേടിയെടുക്കുകയായിരുന്നു. കറ്റാലന്‍ എന്ന ഓപ്പണിംഗ് ശൈലിയിലാണ് ഇരുവരും കളി തുടങ്ങിയത്.
രണ്ടാം റൗണ്ടില്‍ ഗുകേഷ് റഷ്യയുടെ ഇയാന്‍ നെപോമ്നിഷിയെ സമനിലയില്‍ കുരുക്കി. ഒന്നരമണിക്കൂര്‍ കൊണ്ട് 40 കരുനീക്കങ്ങളേ നടത്തേണ്ടൂ എന്നതിനാല്‍ പൊതുവേ സാവധാനകരുനീക്കങ്ങളുടെ ഗെയിമാണ് ക്ലാസിക് ചെസ്. ഒരു നീക്കത്തിന് രണ്ടരമിനിറ്റ് വരെ ലഭിക്കും. എന്നാല്‍ റൊമാനിയയില്‍ നടക്കുന്ന സൂപ്പര്‍ബെറ്റ് ക്ലാസിക് ഗെയിമില്‍ രണ്ട് മണിക്കൂര്‍ അനുവദിക്കും. അതിനാല്‍ ഓരോ കരുനീക്കത്തിനും കൂടുതല്‍ സമയം ലഭിയ്‌ക്കും. ഇതില്‍ ഇപ്പോള്‍ 18 കാരനായ തമിഴ്നാട്ടിലെ ഗുകേഷ് മിടുക്കനാണ്. മാത്രമല്ല, ക്ഷമയോടെ കാത്തിരുന്ന് എതിരാളിയെ മെല്ലെ വലയില്‍ കുരുക്കി വിജയം നേടാനും പരാജയത്തിലേക്ക് വഴുതി വീഴുന്ന കളികളില്‍ നിന്നും സമനില കണ്ടെത്താനുമുള്ള ഗുകേഷിന്റെ കഴിവ് അപാരമാണ്. അതാണ് ഈ പ്രതിഭയെ ഇപ്പോള്‍ ലോക ചെസ് കിരീടത്തിന് അരികില്‍ എത്തിച്ചിരിക്കുന്നത്. അടുത്ത മാസം ലോക ചെസ് കിരീടത്തിനായി ഇപ്പോഴത്തെ ലോക ചാമ്പ്യനായ ഡിങ് ലിറനെ നേരിടാനിരിക്കുകയാണ് ഡി. ഗുകേഷ്. അതിന് മുന്നോടിയായി നടക്കുന്നതാണ് റൊമാനിയയിലെ സൂപ്പര്‍ ബെറ്റ് ക്ലാസിക് ചെസ്.
മൂന്നാം റൗണ്ട് കഴിഞ്ഞുള്ള പോയിന്‍റ് നില ടേബിള്‍
ആദ്യറൗണ്ടില്‍ റൊമാനിയയുടെ ഡിയാക് ബോഗ്ഡാന്‍ ഡാനിയേലിനെ ഗുകേഷ് തോല്‍പിച്ചിരുന്നു. ഒന്നര പോയിന്‍റ് നേടിയ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്താണ്. ഈ ടൂര്‍ണ്ണമെന്‍റില്‍ പ്രജ്ഞാനന്ദ കളിച്ച മൂന്ന് കളികളും സമനിലയില്‍ കലാശിച്ചു. അമേരിക്കയുടെ ഫാബിയാനോ കരുവാനയും രണ്ട് പോയിന്‍റോടെ ഗുകേഷിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്. ഇനിയും ആറ് റൗണ്ടുകള്‍ കൂടി ബാക്കിയുണ്ട്. രണ്ടാം റൗണ്ടില്‍ അലിറെസ ഫിറൂഷ ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തറോവിനെ തോല്‍പിച്ചിരുന്നു. അതുപോലെ, യുഎസിന്റെ ഫാബിയാനോ കരുവാനയും സ്വന്തം നാട്ടുകാരനായ വെസ്ലി സോയെ തോല്‍പിച്ചിരുന്നു.
പ്രജ്ഞാനന്ദയോടൊപ്പം ഒന്നര പോയിന്‍റ് വീതം നേടി മറ്റ് അഞ്ച് താരങ്ങള്‍ കൂടിയുണ്ട്. ഇയാന്‍ നെപോമ്നിഷി (റഷ്യ), അലിറെസ ഫിറൂഷ (ഫ്രാന്‍സ്), വെസ്ലി സോ (യുഎസ്), അനീഷ് ഗിരി (ഹോളണ്ട്), മാക്സിം വാചിയര്‍ ലെഗ്രാവെ (ഫ്രാന്‍സ്) എന്നിവരാണ് പ്രജ്ഞാനന്ദയെക്കൂടാതെ രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്നവര്‍. നോഡിര്‍ബെക് അബ്ദുസത്തറോവ് (ഉസ്ബെക്കിസ്ഥാന്‍), ബോഗ്ഡാന്‍ ഡാനിയല്‍ ഡീക് (റൊമാനിയ) എന്നിവര്‍ ഒരു തോല്‍വി ഏറ്റുവാങ്ങി ഓരോ പോയിന്‍റോടെ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ബുകാറസ്റ്റിലെ ഗ്രാന്‍റ് ഹോട്ടലാണ് സൂപ്പര്‍ബെറ്റ് ചെസിന്റെ വേദി.
ഗ്രാന്‍റ് ചെസ് ടൂര്‍ണ്ണമെന്‍റ് 2024ലെ രണ്ടാമത്തെ ടൂര്‍ണ്ണമെന്‍റാണ് റൊമാനിയയില്‍ നടക്കുന്ന സൂപ്പര്‍ബെറ്റ് ചെസ് ക്ലാസിക്. ഗ്രാന്‍റ് ചെസ് ടൂറിലെ ആദ്യമത്സരം നടന്നത് പോളണ്ടിലെ ബ്ലിറ്റ്സ് ആന്‍റ് റാപിഡാണ്. അതില്‍ റാപിഡില്‍ വെയ് യി ചാമ്പ്യനായപ്പോള്‍ ബ്ലിറ്റ്സില്‍ മാഗ്നസ് കാള്‍സന്‍ ചാമ്പ്യനായി. അവിടെ പ്രജ്ഞാനന്ദ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. പോളണ്ടിലെ റാപിഡ് ആന്‍റ് ബ്ലിറ്റ്സില്‍ രണ്ടിലും കൂടി നാലാം സ്ഥാനത്തായിരുന്നു പ്രജ്ഞാനന്ദ. ആകെ ഏഴ് പോയിന്‍റ് അന്ന് നേടിയ പ്രജ്ഞാനന്ദയ്‌ക്ക് ഇരുപതിനായിരം ഡോളര്‍ നേടിക്കഴിഞ്ഞു. അഞ്ച് ടൂര്‍ണ്ണമെന്‍റുകളാണ് 2024ലെ ഗ്രാന്‍റ് ചെസ് ടൂറില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: