ന്യൂദൽഹി: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിനും പ്രത്യേകിച്ച് പി ജയരാജനും ബന്ധമുണ്ടെന്ന സിപിഎം കണ്ണൂർ മുൻ ജില്ലാകമ്മിറ്റിയംഗം മനുതോമസിന്റെ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ. ഏതോ ഒരു ജില്ലാ കമ്മറ്റി അംഗവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സംസ്ഥാന കമ്മറ്റിയുടെ ഭാഗത്തുനിന്ന് എന്ത് പ്രതികരിക്കാനാണെന്നായിരുന്നു എം. വി ഗോവിന്ദൻ ചോദിച്ചത്.
മാധ്യമങ്ങൾ ഉണ്ടാക്കുന്ന വാർത്താണിതെല്ലാം. അതിൽ ഇടപെടാൻ ഒരുതരത്തിലും തയ്യാറല്ല. അതെല്ലാം അവിടെ ജില്ലാ കമ്മറ്റിയോട് ചോദിച്ചാൽ മതിയെന്നായിരുന്നു മറുപടി. അവിടെ ജില്ലാ സെക്രട്ടറി എംവി ജയരാജനെ വിളിച്ചാൽ മതി’ എന്നായിരുന്നു പ്രതികരണം. ദൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകർ മനുതോമസ് വിഷയം ഉന്നയിച്ചത്.
കരുവന്നൂരില്‍ സിപിഎമ്മിനെതിരായ ഇഡി നീക്കം രാഷ്‌ട്രീയപ്രേരിതമാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഗോവിന്ദന്‍ പ്രതികരിച്ചു. ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി ഓഫീസുകള്‍ നിര്‍മിക്കാന്‍ വേണ്ടിയുള്ള സ്ഥലം ജില്ലാ കമ്മിറ്റിയുടെ പേരില്‍ വാങ്ങുന്നത് പാര്‍ട്ടിയില്‍ പതിവാണ്. കള്ളപ്പണം ഉപയോഗിച്ച് നിര്‍മിച്ചതെന്ന് പറഞ്ഞ് പാര്‍ട്ടി ഓഫീസ് പിടിച്ചെടുക്കാനാണ് ഇഡി ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ല.
ഇഡി തോന്ന്യാസം കാട്ടുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളോടുള്ള പകപോക്കലിന്റെ ഭാഗമാണിത്. ഇഡി നടപടികളെ രാഷ്‌ട്രീയമായും നിയമപരമായും നേരിടും. പാര്‍ട്ടിക്കെതിരേ ഒരു തെളിവുമില്ല. എന്തടിസ്ഥാനത്തിലാണ് സിപിഎമ്മിനെതിരേ കേസെടുത്തതെന്നും ഗോവിന്ദന്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: