കോട്ടയം: ഇതുവരെ മനുഷ്യനിലോ മറ്റു മൃഗങ്ങളിലോ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ക്ക് അത്തരമൊരു സ്വഭാവമുണ്ടോ എന്ന് പഠനം നടത്തും. ഇതിനായി കോട്ടയത്തെ പക്ഷിപ്പനി ബാധ്യത മേഖലയില്‍ നിന്നുള്ള ആളുകളുടെയും മൃഗങ്ങളുടെയും സാമ്പിള്‍ പരിശോധനയ്‌ക്ക് അയച്ചു.
നേരത്തെ കോഴിയിലും താറാവിലും മാത്രം കണ്ടെത്തിയിരുന്ന പക്ഷിപ്പനി കാട, പ്രാവ്, മയില്‍, കാക്ക തുടങ്ങിയ പക്ഷികളിലും സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസിനെ ജനിതകമാറ്റം സംഭവിച്ചു എന്ന് വ്യക്തമായത് . ഈ സാഹചര്യത്തിലാണ് മനുഷ്യരിലേക്കും മറ്റു പക്ഷി മൃഗാദികളിലേക്കും വൈറസ് ബാധ ഉണ്ടാകുന്നുണ്ടോ എന്ന് ആരായുന്നത്.
അതേസമയം പക്ഷിപ്പനി ബാധ മൂലം ദയാവധത്തിന് വിധേയമാക്കുന്ന പക്ഷികളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ദയാവധം നടപ്പാക്കുന്ന ഘട്ടത്തില്‍ ഫാം ഉടമയുടെ പേരും വിലാസവും ബാങ്ക് അക്കൗണ്ട് നമ്പറും അധികൃതര്‍ രേഖപ്പെടുത്തുന്നുണ്ട്. ഈ അക്കൗണ്ട് നമ്പറിലേക്ക് സ്വാഭാവികമായും നഷ്ടപരിഹാരത്തുക എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടുമാസം വരെ പ്രായമായ പക്ഷികള്‍ക്ക് 100 രൂപയും അതിനു മുകളിലുള്ളവയ്‌ക്ക് 200 രൂപയുമാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: