ആലപ്പുഴ: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയെന്നും കെ സി വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വിജയിക്കുകയും എ എം ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമായിരുന്നുവെന്നും യോഗത്തിന്റെ വിലയിരുത്തൽ. ഐസക്കിനെ ആലപ്പുഴയിൽ മത്സരിപ്പിക്കണമായിരുന്നുവെന്നും ജില്ല സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു.
മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെയും രൂക്ഷമായി വിമർശിച്ച യോഗത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ, മുൻമന്ത്രി എ.കെ ബാലൻ എന്നിവർക്കെതിരെയും വിമർശനം ഉയർന്നു
സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. എ എം ആരിഫ് ദുർബല സ്ഥാനാർത്ഥിയായിരുന്നു. ആരിഫിന്റെ സ്ഥാനാർത്ഥിത്തത്തോടെ അവിടെ തോൽവി ഉറപ്പായി. കെ സി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ആരിഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ശോഭാ സുരേന്ദ്രൻ വിജയിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് വിലയിരുത്തൽ.
ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണ ജോർജ് എന്നിവരെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. ഇരു വകുപ്പുകളും സമ്പൂർണ പരാജയമെന്നായിരുന്നു ഉയർന്ന വിമർശനം.
വോട്ടു ചോർച്ചയുമായി ബന്ധപ്പെട്ട ചർച്ചയിൽ എച്ച് സലാം എംഎൽഎ വെള്ളാപ്പള്ളിയെ പിന്തുണച്ച് രംഗത്തെത്തി. മലബാറിൽ വോട്ടു ചോർന്നത് വെള്ളാപ്പള്ളി കാരണമല്ലല്ലോ എന്നായിരുന്നു എച്ച്.സലാമിന്റെ പരാമർശം.ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെ മാത്രമല്ല, എല്ലാ വിഭാഗത്തിന്റെയും വോട്ടു ചോർന്നുവെന്നും എച്ച് സലാം എംഎൽഎ പറഞ്ഞു. പി.പി. ചിത്തരഞ്ജൻ എംഎൽഎ, കെ പ്രസാദും എച്ച് സലാമിനെ പിന്തുണച്ചു.
ഈഴവ വോട്ടുകൾ മാത്രമല്ല പാർട്ടിക്ക് നഷ്ടമായത്. മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും കയർ തൊഴിലാളികളും ഉൾപ്പടെ അടിസ്ഥാന വർഗം തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തു നിന്നകന്നു നിന്നുവെന്നും യോഗം വിലയിരുത്തി.
മുതിർന്ന നേതാക്കളായ ഇ പി ജയരാജനും എ കെ ബാലനും നേരെ വിമർശനം ഉയർന്നു. ജാവദേക്കറെ കണ്ടെന്ന ഇ പി ജയരാജന്റെ തിരഞ്ഞെടുപ്പ് ദിവസത്തെ പ്രതികരണം ബിജെപിക്ക് ഗുണം ചെയ്തു. പാർട്ടിയുടെ അഭിപ്രായം പറയാൻ എ കെ ബാലനെ ആരും ഏൽച്ചിട്ടില്ലെന്നും വിമർശനമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: