തിരുവനന്തപുരം: വടകരയിലെ കാഫിര്‍ പോസ്റ്റിലും വര്‍ഗീയ പ്രചാരണത്തിലും മുന്‍ എംഎല്‍എ കെ.കെ. ലതികയെ നിയമസഭയില്‍ ന്യായീകരിച്ച് മന്ത്രി എം.ബി. രാജേഷ്. ചോദ്യോത്തരവേളയില്‍ ആഭ്യന്തരവകുപ്പിന് വേണ്ടി മറുപടി പറയവെയാണ് ന്യായീകരണം.
കെ.കെ. ലതിക പ്രചരിപ്പിച്ചത് വര്‍ഗീയതയോ അതോ അതിനെ എതിര്‍ത്തുള്ള പോസ്റ്റോ ആണോയെന്ന് ലതികയുടെ പോസ്റ്റ് വായിച്ചുകൊണ്ടാണ് മന്ത്രി ചോദിച്ചത്. പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചതോടെ ആര് വര്‍ഗീയത പ്രചരിപ്പിച്ചാലും നടപടിയുണ്ടാകുമെന്ന് പറഞ്ഞ് മന്ത്രി തലയൂരി. മാത്യു കുഴല്നാടന് എംഎഎല്‍എയാണ് വിഷയം ഉന്നയിച്ചത്.
മന്ത്രിയുടെ ന്യായീകരണത്തിനിടെ ലതികയ്ക്ക് താമ്രപത്രം കൊടുത്തൂടെ എന്ന് പ്രതിപക്ഷം പരിഹസിച്ചു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിന്റെ പുരോഗതി എന്തെന്നുള്ള ഉപചോദ്യവുമായി ഭരണപക്ഷത്തുനിന്നും വി. ജോയി രംഗത്തെത്തി. ഇതും കൂടിയായതോടെ പ്രതിപക്ഷാംഗങ്ങള്‍ ബഹളവുമായി എഴുന്നേറ്റു.
ഭരണ- പ്രതിപക്ഷം പരസ്പരം വാക്പോരായി. ചോദ്യം വടകരയിലെ സൈബര്‍ ആക്രമണമാണെന്നും ഭരണപക്ഷം വിഷയം മാറ്റാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേര് മന്ത്രി പറയാന്‍ തുടങ്ങിയതോടെ യുഡിഎഫ് അംഗങ്ങള്‍ സ്പീക്കറുടെ ചേംബറിന് മുന്നില്‍ പ്രതിഷേധവുമായെത്തി. ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാത്തതിനെ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഏറെ നേരത്തെ ബഹളത്തിന് ശേഷമാണ് ചോദ്യോത്തരം തുടരാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: