തൃശ്ശൂര്‍: കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍ തുടരുന്നതിന് മല്ലിക സാരാഭായിക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപ വീതം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും ബുദ്ധിമുട്ടുന്ന കലാമണ്ഡലത്തിന് പ്രതിവര്‍ഷം 24 ലക്ഷം രൂപയുടെ അധിക ചെലവാണ് ഇതുമൂലം ഉണ്ടാകുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കാനാണ് കല്പിത സര്‍വകലാശാല പദവിയുള്ള കലാമണ്ഡലത്തില്‍ മല്ലിക സാരാഭായിയെ ചാന്‍സലറായി ഇടതുസര്‍ക്കാര്‍ നിയമിച്ചത്.
ആദ്യഘട്ടത്തില്‍ പ്രതിഫലം ഒന്നും നല്‍കേണ്ടതില്ല എന്നായിരുന്നു സിപിഎം നേതാക്കളുടെയും സര്‍ക്കാരിന്റെയും അവകാശവാദം. എന്നാല്‍ തനിക്ക് പ്രതിമാസം മൂന്നു ലക്ഷം രൂപ അലവന്‍സ് നല്‍കണമെന്ന് മല്ലിക തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് 1.75 ലക്ഷം രൂപ പ്രതിമാസ അലവന്‍സും 25,000 രൂപ കാര്‍ വാടക ഇനത്തിലും നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരേയാണ് ഇപ്പോള്‍ വ്യാപക പ്രതിഷേധം ഉയരുന്നത്. ഇടത് സഹയാത്രികരായ സാംസ്കാരിക പ്രവര്‍ത്തകരും സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗവര്‍ണര്‍ ചാന്‍സലര്‍ ആയിരുന്നപ്പോള്‍ അധിക ചെലവായി ഒരു രൂപ പോലും ഈ ഇനത്തില്‍ നഷ്ടപ്പെട്ടിരുന്നില്ല. ഇപ്പോള്‍ പ്രതിവര്‍ഷം 24 ലക്ഷം രൂപ കലാമണ്ഡലത്തിന് താങ്ങാവുന്നതല്ലെന്നും വിമര്‍ശനമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. കലാമണ്ഡലത്തിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം മാസങ്ങളായി കുടിശികയാണ്.
ഇത്രയും പണം നല്കിയാലും കലാമണ്ഡലത്തിന് മല്ലികയുടെ സേവനം കാര്യമായി ലഭിക്കുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കലാപരമായ കാര്യങ്ങളെക്കാള്‍ രാഷ്ട്രീയത്തിലാണ് മല്ലികയ്ക്കു താത്പര്യമെന്നും വളരെ ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ് അവര്‍ കലാമണ്ഡലത്തില്‍ എത്തിയിട്ടുള്ളതെന്നും ആക്ഷേപമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: