Cricket

കിരീടപ്പോര്: ഭാരതം ദക്ഷിണാഫ്രിക്ക

Published by

ബ്രിഡ്ജ്ടൗണ്‍: ട്വന്റി20 ലോക കിരീടത്തിനായി ഭാരതവും ദക്ഷിണാഫ്രിക്കയും ഇന്ന് രാത്രി എട്ടിന് ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണിലിറങ്ങും. 120 വര്‍ഷത്തെ പഴക്കമുള്ള കെനിങ്സ്റ്റണ്‍ ഓവലിലെ പിച്ചില്‍ പ്രാദേശിക സമയം രാവിലെ പത്തരയ്‌ക്കായിരിക്കും കലാശപ്പോരാട്ടം. നാലാഴ്‌ച്ചയായി തുടരുന്ന ഐസിസി ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഒമ്പതാം പതിപ്പിന് ഇതോടെ സമാപനമാകും.

മഹേന്ദ്ര സിങ് ധോണിക്ക് കീഴില്‍ 2007ലെ പ്രഥമ ട്വന്റി20 ലോക കിരീടത്തില്‍ മുത്തമിട്ട ശേഷം ഭാരതം ഇതേവരെ കിരീടം തൊട്ടിട്ടില്ല. പത്ത് വര്‍ഷം മുമ്പ് ഫൈനലിലെത്തിയെങ്കിലും അയല്‍ക്കാരായ ശ്രീലങ്കയോട് തോറ്റു. പിന്നീട് രണ്ട് തവണ സെമി വരെ മുന്നേറി. ഇപ്പോഴിതാ തോല്‍വി അറിയാതെ ഫൈനല്‍ വരെ എത്തിയിരിക്കുന്നു.

ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയിരിക്കുന്നത്. ഇതിന് മുമ്പ് 2009ല്‍ സെമിയിലെത്തിയെങ്കിലും പാകിസ്ഥാനോട് തോറ്റു. പിന്നീട് 2014 സെമിയില്‍ ഭാരതവുമായി ഏറ്റുമുട്ടി പരാജയപ്പെട്ടു.

ഇരു ടീമുകളും ഇതുവരെ 26 ട്വന്റി20കളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ 14 ജയം ഭാരതത്തിനൊപ്പമായിരുന്നു. 11 എണ്ണത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു. ഒരു മത്സരം ഫലമില്ലാതെ തീര്‍ന്നു. ഭാരതം ഹോം മൈതാനത്ത് അഞ്ച് കളികള്‍ ജയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക അവരുടെ നാട്ടില്‍ മൂന്ന് കളികള്‍ ജയിച്ചു. എവേ മത്സരങ്ങളില്‍ ഇരു ടീമുകളും ആറ് വീതം ജയം നേടി തുല്യത പാലിക്കുകയാണ്. നിഷ്പക്ഷ വേദിയില്‍ മൂന്ന് ജയം ഭാരതം നോടിയപ്പോള്‍ ദക്ഷിണാഫ്രിക്ക ജയിച്ചത് രണ്ടെണ്ണത്തില്‍ മാത്രം.

ഐസിസി ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മയുടെ മൂന്നാം ഫൈനലാണിത്. കഴിഞ്ഞ വര്‍ഷം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. മാസങ്ങള്‍ക്കകം ഏകദിന ലോകകപ്പ് ഫൈനലിലും ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. ഈ രണ്ട് പരാജയങ്ങള്‍ക്കും പരിഹാരം കാണാനാകും രോഹിത്ത് ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുക. മാത്രമല്ല കഴിഞ്ഞ 11 വര്‍ഷമായി ഭാരതത്തിന് ഒരു ഐസിസി ടൂര്‍ണമെന്റ് സ്വന്തമാക്കാനായിട്ടില്ലെന്ന പോരായ്മയും രോഹിത്തിന് പരിഹരിക്കേണ്ടതുണ്ട്.

ദക്ഷിണാഫ്രിക്കയുടെ സ്ഥിതി ഇതിലും മോശമാണ്. 1998ലെ പ്രഥമ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും അക്കൊല്ലം കൊമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടിയ സ്വര്‍ണവും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന് പറയാനുള്ള പ്രധാന നേട്ടം. 1992 ഏകദിന ലോകകപ്പ് മുതല്‍ വിവിധ ഐസിസി ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം കാഴ്‌ച്ചവച്ചിട്ടുണ്ടെങ്കിലും കപ്പടിക്കാന്‍ സാധിച്ചിട്ടില്ല. ആ കുറവ് പരിഹരിക്കാനാണ് എയ്‌ദെന്‍ മാര്‍ക്രത്തിന് കീഴില്‍ ടീം ഇന്നിറങ്ങുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by