തിരുവനന്തപുരം: ഐഎസ്ആര്‍ഒ ശസ്ത്രജ്ഞന്‍ നമ്പി നാരായണനെ വ്യാജ ചാരവൃത്തിക്കേസില്‍ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ അഞ്ചു ഉദ്യോഗസ്ഥര്‍ ജൂലൈ 26ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. സിബിഐ കുറ്റപത്രം അംഗീകരിച്ചു കൊണ്ടാണ് സിജെഎം കോടതിയുടെ ഉത്തരവ്.
മുന്‍ ഡിഐജി സിബി മാത്യൂസ്, സ്പെഷല്‍ ബ്രാഞ്ച് മുന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്മാര്‍ട്ട് വിജയനെന്ന എസ്. വിജയന്, ഡിവൈഎസ്പി കെ.കെ. ജോഷ്വ, ഇന്റലിജന്റ്സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.ബി. ശ്രീകുമാര്‍, കൊച്ചി ഐബിഎ സിഐ ടി.എസ്. ജയപ്രകാശ് എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കലില്‍ വച്ച് പീഡിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കോടതി കേസെടുത്തത്.
അഞ്ചു പേര്‍ക്കെതിരെ ബുധനാഴ്ച സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തലസ്ഥാന സിജെഎം കോടതിയിലാണ് സിബിഐ ദല്‍ഹി യൂണിറ്റ് എസ്പി ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെ മുദ്രവച്ച കവറില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഉന്നത പോലീസുദ്യോഗസ്ഥരടക്കം 18 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. എഫ്ഐആര്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ 2021ല്‍ ഹാജരാക്കിയിരുന്നു. യാതൊരു ചാരവൃത്തിയും നടന്നിട്ടില്ലന്നും ശാസ്ത്രജ്ഞനായ നമ്പിനാരായണനെ ചാരക്കേസില്‍ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്നും സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ജയിന് കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: