Samskriti

ശിവപുത്രിയായ സാക്ഷാൽ ഭദ്രകാളിക്ക് വസൂരി വന്നതും, ഭദ്രകാളി ക്ഷേത്രങ്ങളിലെ കളമെഴുത്തു പാട്ടും തമ്മിൽ… ഐതീഹ്യം അറിയാം

അയോനിജയായ ഒരു സ്ത്രീയുടെ കരങ്ങളാല്‍ മാത്രമേ താന്‍ വധിക്കപ്പെടുകയുള്ളുവെന്ന് ദാരികന്‍ വരം നേടി.

Published by

ദേവാസുരയുദ്ധം നടന്നുകൊണ്ടിരിക്കുന്ന സമയം. യുദ്ധത്തില്‍ മരിക്കുന്ന അസുരന്മാരെ കുലഗുരുവായ ശുക്രാചാര്യന്‍ മൃതസഞ്ജീവനി മന്ത്രത്താല്‍ ജീവിപ്പിച്ചു. തന്മൂലം യുദ്ധത്തില്‍ ദേവന്മാര്‍ പരാജിതരായിക്കൊണ്ടിരുന്നു. ദേവന്മാര്‍ മഹാവിഷ്ണുവിനെ കണ്ട് സങ്കടം ഉണര്‍ത്തിച്ചു. വിഷ്ണു സുദര്‍ശനചക്രത്താല്‍ അസുരന്മാരെ നിഗ്രഹിച്ചു. സുദര്‍ശനചക്രത്തിന്റെ അഗ്നിയാല്‍ അസുരജഡങ്ങള്‍ വെന്ത് ചാരമായിത്തീര്‍ന്നു.

ആയതിനാല്‍ ശുക്രാചാര്യന് അസുരന്മാരെ ജീവിപ്പിക്കാനും കഴിഞ്ഞില്ല. ശേഷിച്ച അുസരന്മാര്‍ ജീവനും കൊണ്ട് ഓടിപ്പോയി. അസുര സ്ത്രീകള്‍ വിധവകളായി. ആണുങ്ങള്‍ അസുരകുലത്തില്‍ കുറഞ്ഞുവന്നു. വംശം നിലനിര്‍ത്താനും, രാജ്യം നിലനിര്‍ത്താനും കൊല്ലപ്പെട്ട അസുര രാജാക്കന്മാരുടെ ഭാര്യമാരായ ദാരുവതിയും, ദാനവതിയും ഗുരുവായ ശുക്രാചാര്യന്റെ നിര്‍ദ്ദേശപ്രകാരം ബ്രഹ്മാവിനെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്തി.ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ അവര്‍ക്ക് ഓരോ പുത്രനുണ്ടായി. അവരാണ് ദാരികനും ദാനവനും. ദാരികന്‍ വീരശൂര പരാക്രമിയും ബലശാലിയുമായിരുന്നു.

ശുക്രാചാര്യന്‍ അവരെ എല്ലാവിധ അഭ്യാസങ്ങളും പഠിപ്പിച്ചു. കാലാന്തരത്തില്‍ അസുരവംശം വര്‍ദ്ധിച്ചു. ദാരികനും ദാനവനും ബ്രഹ്മാവിനെ തപസ്സ് ചെയ്ത് ഉഗ്രവരങ്ങള്‍ സമ്പാദിച്ചു. അയോനിജയായ ഒരു സ്ത്രീയുടെ കരങ്ങളാല്‍ മാത്രമേ താന്‍ വധിക്കപ്പെടുകയുള്ളുവെന്ന് ദാരികന്‍ വരം നേടി. തന്റെ ഓരോതുള്ളി ചോരയും ഭൂമിയില്‍ വീഴുമ്പോള്‍ അനേകം അസുരന്മാര്‍ ഉണ്ടാകണമെന്ന വരവും ദാരികന്‍ നേടിയിരുന്നു. ദാരികനും ദാനവനും ലോക ഉപദ്രവികളായി മാറി. അവരുടെ പേര് കേട്ടാല്‍ ത്രിലോകങ്ങളും നടുങ്ങും എന്ന സ്ഥിതിയായി.

ദാരികനും കൂട്ടരും സന്യാസിമാരെ നിഗ്രഹിച്ചു, കൈലാസനാഥനെ അധിക്ഷേപിച്ചു, മാനസ സരസ്സ് മലനമാക്കി. വിഷ്ണു പാര്‍ഷദന്മാരെ ഉപദ്രവിച്ച്‌ ഓടിച്ചു. ഇന്ദ്രന്റെ സിംഹാസനം തട്ടിപ്പറിച്ചു. ഇങ്ങനെ അസുരശല്യം സഹിക്കാതായപ്പോള്‍ ത്രിമൂര്‍ത്തികള്‍ ഒരു തീരുമാനത്തിലെത്തി. ത്രിമൂര്‍ത്തികളുടെ മൂന്ന് അംശങ്ങളും വരുണന്‍, മുരുകന്‍, യമന്‍, ഇന്ദ്രന്‍ ഇവരുടെ നാല് അംശങ്ങളും കൊണ്ട്, ഏഴ് സ്ത്രീകളെ സൃഷ്ടിച്ച്‌ ദാരിക നിഗ്രഹത്തിനയച്ചു. ദരികനും സപ്തമാതാക്കളും തമ്മില്‍ നടന്ന യുദ്ധത്തില്‍ ദാരികന്‍ വിജയിച്ചു. ശിവന് ഇത് സഹിച്ചില്ല. കോപിഷ്ടനായ ശിവന്റെ മൂന്നാം തൃക്കണ്ണില്‍ നിന്നും കരാള രൂപിണിയായ ഒരു ഗംഭീര വീരാംഗന അട്ടഹസിച്ചുകൊണ്ട് പുറത്തുവന്നു.

മഹാദേവന്‍ പറഞ്ഞു: ”മകളെ നീ ദാരികനേയും ദാനവനേയും വധിക്കണം. സപ്ത മാതാക്കളെ പരാജയപ്പെടുത്തിയ ദാരികനെ വധിച്ച്‌ അവന്റെ ശിരസ്സ് എന്റെ മുമ്പില്‍ കാഴ്ചവയ്‌ക്കണം. നീ ലോകമാതാവായി ധര്‍മ്മം നിലനിര്‍ത്തണം. എല്ലവര്‍ക്കും രക്ഷയേകുന്ന ഭദ്രയായി വാഴുക. നിനക്ക് ”ഭദ്രകാളി” എന്ന നാമം ഞാന്‍ തരുന്നു. ഇപ്രകാരം ശിവന്റെ അനുഗ്രഹവും വാങ്ങി ഭദ്രകാളി ദാരിക നിഗ്രഹത്തിനായി പുറപ്പെട്ടു. മകളോടൊപ്പം തന്റെ ഭൂതഗണങ്ങളേയും ശിവന്‍ അയച്ചു.

വേതാളത്തിന്റെ പുറത്തുകയറി ഒരു സ്ത്രീ യുദ്ധത്തിന് വരുന്ന വിവരം ദാരികന്‍ അറിഞ്ഞു. പിന്നീട് പൊരിഞ്ഞ യുദ്ധമായിരുന്നു. ദാരികന്റെ ശരീരത്തില്‍ നിന്ന് വീഴുന്ന ഓരോ തുള്ളി ചോരയും വേതാളം നാക്കു നീട്ടി നുണഞ്ഞു കുടിച്ചു. തന്മൂലം പുതിയ അസുരന്മാര്‍ ഉണ്ടാവാതായി. ശിവഭൂതഗണങ്ങളും കാളിയും അസുരപ്പടയെ നശിപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ ദാരികപത്‌നി തനിക്ക് വൈധവ്യം സംഭവിക്കാതിരിക്കാന്‍ ശ്രീപാര്‍വ്വതിയെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി.

പാര്‍വ്വതീദേവി മുന്നും പിന്നും ആലോചിക്കാതെ ഒരുപിടി വസൂരി വിത്ത് ദാരിക പത്‌നിക്ക് കൊടുത്തു. ”ഇത് നീ ആരുടെ ദേഹത്ത് എറിയുന്നുവോ അവന്‍ വസൂരി രോഗത്താല്‍ മൃതപ്രായനായിത്തീരും.” ദാരികപത്‌നി വസൂരി വിത്തുമായി പടക്കളത്തില്‍ ചെന്ന് ഭദ്രകാളിയുടെ നേര്‍ക്ക് വിത്തെറിഞ്ഞു. പെട്ടെന്ന് കാളി തളര്‍ന്ന് പരവശയായി. ശിവഭൂതഗണങ്ങള്‍ ഓടിപ്പോയി പരമശിവനെ വിവരം ധരിപ്പിച്ചു.

ശിവന്‍ പാര്‍വ്വതീ ദേവിയെ അതികഠിനമായി ശകാരിച്ചു. തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കി പാര്‍വ്വതി ശിവനോട് മാപ്പ് പറഞ്ഞു. ശിവന്‍ തന്റെ ശക്തി ഉപയോഗിച്ച്‌ ഒരു മൂര്‍ത്തിയെ സൃഷ്ടിച്ചു. കര്‍ണ്ണത്തില്‍നിന്നും ഉത്ഭവിച്ചവനാകയാല്‍ ”കണ്ഠാ കര്‍ണ്ണന്‍” എന്ന നാമവും അവന് നല്‍കി. ”മകനേ ഉടന്‍ തന്നെ നിന്റെ സഹോദരിയുടെ അരികിലെത്തി അവളുടെ ശരീരത്തിലുളള മസൂരി കുരുക്കളെ നശിപ്പിക്കണം. വഗം പുറപ്പെടുക.” ശിവന്‍ ഇത്രയും പറഞ്ഞ് കണ്ഠാകര്‍ണ്ണനെ അനുഗ്രഹിച്ച്‌ യാത്രയാക്കി. കണ്ഠാ കര്‍ണ്ണന്‍ ഉടന്‍ തന്നെ പടക്കളത്തിലെത്തി.

സഹോദരി ഭദ്രകളിയുടെ വസൂരി കുരുക്കളുളള ശരീരം തടവി. എല്ലാ കുരുക്കളും അപ്രത്യക്ഷമായി. സഹോദരീ സ്ഥാനമുള്ളതിനാല്‍ ഭദ്രയുടെ മുഖത്ത് തടവിയില്ല. മുഖത്തിന് വസൂരി കുരുക്കള്‍ അലങ്കാരമാവുകയും ചെയ്തു. ഭദ്രകാളി സുഖം പ്രാപിച്ചതോടെ യുദ്ധം രൂക്ഷമായി. കാളിയുടെ മായയാല്‍ പ്രപഞ്ചം പെട്ടെന്ന് അന്ധകാരമയമായി. ഇരുട്ടത്ത് എങ്ങോട്ടാണ് ഓടേണ്ടതെന്നറിയാതെ ദരികനും, ദാനവനും കുഴഞ്ഞു. ഈ സമയം കൊണ്ട് കാളി ദാരികന്റെ കഴുത്തറുത്തു.

ദാനവനെ കൊല്ലുകയും ചെയ്തു.ദാരികന്റെ കുടല്‍മാല കഴുത്തിലണിഞ്ഞ് അറുത്തെടുത്ത ശിരസ്സുമായി കാളി പരമശിവന്റെ സമീപമെത്തി. ശിവനും, പാര്‍വ്വതിയും മകളെ അനുഗ്രഹിച്ചു. ”നിന്റെ രൂപം കളമെഴുതി പൂജിക്കുന്നവര്‍ക്ക് സര്‍വ്വമംഗളങ്ങളും സിദ്ധിക്കും. നിന്നെ ലോകം അധര്‍മ്മനാശിനിയായി വാഴ്‌ത്തും. ഭദ്രകാളിയായി നീ ലോകത്ത് പൂജിക്കപ്പെടും.” ശിവന്‍ പുത്രയെ അനുഗ്രഹിച്ചു.പല ഭദ്രകാളി ക്ഷേത്രങ്ങളിലും കാളീരൂപം വര്‍ണ്ണപ്പൊടികളാല്‍ വരച്ച്‌ പാട്ടുകള്‍ പാടാറുണ്ട്. അതിന് കളമെഴുത്തും പാട്ടും എന്നു പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by