കോതമംഗലം/ കൊച്ചി: കെഎസ്ആര്‍ടിസി കോതമംഗലം ഡിപ്പോയില്‍ ഡ്യൂട്ടിക്കിടയില്‍ മദ്യപിക്കുന്ന ജീവനക്കാരെ പിടികൂടാനുള്ള ശ്രമം പാളി. പരിശോധിക്കാനെത്തിയ ബ്രീത്തലൈസര്‍ ‘ഫിറ്റായതോടെ’ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമായി, സാങ്കേതിക തകാരാറെന്ന് പറഞ്ഞ് തടിയൂരി പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍.
ഇന്നലെ പുലര്‍ച്ചെയാണ് കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബ്രീത്തലൈസര്‍ മെഷീനുമായി ഇന്‍സ്പെക്ടര്‍ രവി, ഇന്‍സ്പെക്ടര്‍ സാംസണ് എന്നിവര്‍ പരിശോധനയ്ക്കെത്തിയത്. സര്‍വീസിന് പോകാന്‍ വന്ന ജീവനക്കാരെ പരിശോധിക്കുകയും ചെയ്തു. പിന്നീട് രാവിലെ 8.05ന് പാലക്കാട് സര്‍വീസ് പോകാന്‍ വന്ന കണ്ടക്ടര്‍ പി.വി. ബിജുവിനെ ബ്രീത്തലൈസറില്‍ ഊതിച്ചു. മെഷീനില്‍ മദ്യത്തിന്റെ സാന്നിധ്യമായി രേഖപ്പെടുത്തിയത് 39%. താന്‍ മദ്യം കഴിക്കില്ലെന്ന് പറഞ്ഞ് ബിജു ഇതിനെ എതിര്‍ത്തു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സ്റ്റേഷന് മാസ്റ്ററും ബിജുവിന്റെ വാദം ശരിവച്ചു. ഇത് ഉദ്യോഗസ്ഥരും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മിലുള്ള വാഗ്വാദത്തിലെത്തി.
ഇതോടെ സ്റ്റേഷന് മാസ്റ്റര്‍ ഷാജു സെബാസ്റ്റ്യനെ ഊതിക്കാനായി തീരുമാനം. സ്റ്റേഷന് മാസ്റ്ററിന്റെ ശ്വാസത്തിലുള്ള മദ്യത്തിന്റെ സാന്ദ്രത 40%. തുടര്‍ന്ന് റഷീദ എന്ന ജീവനക്കാരിയെ ഊതിച്ചപ്പോള്‍ അളവ് 48%. സ്റ്റോര്‍ ജീവനക്കാരിയായ അമ്പിളി ഊതിയപ്പോള്‍ 40%. ഓഫീസ് ജീവനക്കാരനായ അജീഷ് ലക്ഷ്മണന് ഊതിയപ്പോള്‍ 35 ശതമാനം ഇതോടെ പിന്നാലെ ‘ഊതിക്കാന്‍ വന്നവര്‍ കൂടി ഊതിയിട്ട് പോയാല്‍ മതി’ എന്നായി ജീവനക്കാര്‍. അങ്ങനെ ഇന്‍സ്പെക്ടര്‍ രവി ഊതിയപ്പോള്‍ മദ്യത്തിന്റെ അളവ് 45%. തങ്ങളാരും മദ്യപിക്കുന്നവരല്ലെന്ന് പറഞ്ഞതോടെ സ്ഥലത്ത് തര്‍ക്കം മൂത്തു.
എന്നാല്‍ കേടായ ബ്രീത്തലൈസറുമായി പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ ഊരിപ്പോകാനാതെ കുടുങ്ങി. പിന്നീട് സാങ്കേതിക തകരാറെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടങ്ങി. അതേസമയം പുലര്‍ച്ചെ നാലുമുതല്‍ എട്ടുവരെ പരിശോധന നടത്തിയപ്പോള്‍ കുഴപ്പമില്ലായിരുന്നുവെന്നും 8.05 മുതല്‍ പരിശോധിച്ചപ്പോഴാണ് ബ്രീത്തലൈസര്‍ കുഴപ്പം കാട്ടിയതെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: