തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വികസനഫണ്ടും മെയിന്റനന്‍സ് ഗ്രാന്റും ജനറല്‍ പര്‍പ്പസസ് ഫണ്ടും അവസാന ഗഡുക്കള്‍ നല്കുന്നതില് കാലതാമസമുണ്ടായെന്നും മന്ത്രി എം.ബി. രാജേഷ്. ത്രിതല പഞ്ചായത്തുകളുടെ അടങ്കല്‍ തുക യഥാസമയം അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനം പ്രതിസന്ധിയിലായതായി പറയപ്പെടുന്ന വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തോട് കേന്ദ്രത്തിന് ശത്രുതാപരമായ നിലപാടാണെന്നും ജിഎസ്ടി വിഹിതവും ഗ്രാന്റുകളും വെട്ടിക്കുറച്ചെന്നും സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ട്രഷറിയില്‍ സമര്‍പ്പിച്ച ചില ബില്ലുകള്‍ മാറാനായില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ടും നടത്തി.
എന്നാല്‍ ജിഎസ്ടി വിഹിതം വെട്ടിക്കുറച്ചെന്നത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് കൊല്ലത്തേക്കാണ് ജിഎസ്ടി നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചത്. അഞ്ച് കൊല്ലവും കേരളം അത് വാങ്ങിയെടുത്തു. ആറാം കൊല്ലവും വേണമെന്ന് പറയുന്നതിലെന്തര്‍ത്ഥമാണുള്ളത്.
ഏതെങ്കിലുമൊരു സംസ്ഥാനത്തിന് കൊടുത്തിട്ടുണ്ടോ. കേന്ദ്ര ഗവണ്മെന്റ് വിചാരിച്ചാലും നല്കാന് പറ്റില്ല. അത് ആക്ടിലെ വ്യവസ്ഥയാണ്. ഏറ്റവും കൂടുതല്‍ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കിട്ടിയ സംസ്ഥാനം കേരളമാണ്. 53,137 കോടി രൂപയും കേരളം വാങ്ങിയെടുത്ത് ചെലവാക്കിയെന്നും വി.ഡി. സതീശന് പറഞ്ഞു.
ജൂണ്‍ 6ന് മന്ത്രി നടത്തിയ യോഗത്തില്‍ പറഞ്ഞത് വികസന ഫണ്ട് ഇനത്തില്‍ 30,360 ബില്ലുകളിലൂടെ 656 കോടി ട്രഷറിയില്‍ കുടിശികയാണെന്നാണ്. മെയിന്റനന്‍സ് ഗ്രാന്റുകൂടി ചേര്‍ത്താല്‍ ഇത് 40,855 ബില്ലുകളിലൂടെ 1,135 കോടിയുടെ കുടിശികയാണ്. ഇതില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുള്ള പദ്ധതികള്‍ വരെയുണ്ട്.
സര്‍ക്കാരിന്റെ പല പരിപാടികളിലും പണം വാങ്ങാനുള്ള കറവപ്പശുവായി മാത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കാണുന്നുവെന്ന് പ്രമേയം അവതരിപ്പിച്ച് ടി. സിദ്ധിഖ് പറഞ്ഞു. ഗ്രാമ പഞ്ചായത്തുകള്‍ കമ്യൂണിറ്റി കിച്ചണും സൗജന്യ കിറ്റുകളും നല്‍കിയതിന്റെ പേരില്‍ അധികാരത്തില്‍ വന്ന ഈ സര്‍ക്കാര്‍ പണം നല്‍കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്നു. സിദ്ധിഖ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: