Kerala

ഭൂമി തരംമാറ്റ അപേക്ഷകള്‍ 71 ഡെപ്യൂട്ടി കളക്ടര്‍മാര്‍ നേരിട്ട് കൈകാര്യം ചെയ്യും

Published by

കോട്ടയം: ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്നു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 27 ആര്‍ഡിഒ/സബ് കളക്ടര്‍മാര്‍ തീര്‍പ്പ് കല്‍പ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതല്‍ 71 ഡെപ്യൂട്ടി കളക്ടര്‍മാര്‍ നേരിട്ട് കൈകാര്യം ചെയ്യും. ഇവരെ സഹായിക്കാന്‍ 68 ജൂനിയര്‍ സൂപ്രണ്ട് തസ്തികയും 181 ക്ലര്‍ക്ക് തസ്തികയും മുമ്പ് തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ 123 സര്‍വെയര്‍മാരെ താത്കാലികമായി നിയമിക്കാനും 220 വാഹനങ്ങള്‍ വാടകയ്‌ക്ക് എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. ആവശ്യമായ സോഫ്റ്റ്വെയര്‍ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനവും പൂര്‍ത്തികരിച്ചു.
ഭൂമി തരം മാറ്റത്തിനായി ദിവസേന നൂറുകണക്കിന് അപേക്ഷകള്‍ ഓരോ ആര്‍ഡിഒ ഓഫീസുകളിലും ലഭിക്കുന്നുണ്ട്. ഭൂനികുതിയുള്‍പ്പടെ പ്രധാന ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കിത്തുടങ്ങിയതോടെയാണ് ഭൂമി തരംമാറ്റത്തിനായി ഇത്രയധികം അപേക്ഷകള്‍ വരാനിടയായത്. 4,26,902 ലക്ഷം അപേക്ഷകളാണ് തരമാറ്റത്തിനായി ഇതുവരെ ലഭിച്ചത്. ഇതില്‍ 98 ശതമാനവും തീര്‍പ്പുകല്‍പ്പിച്ചു. 3,660 അപേക്ഷകള്‍മാത്രമാണ് പലവിധ കാരണങ്ങളാല്‍ തീര്‍പ്പാകാതെ കിടക്കുന്നത്.
വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലുമുള്ള ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫീസുകളില്‍ നിന്നുള്ള 779 ഒഎമാരെയും 243 ടൈപ്പിസ്റ്റ്മാരെയും വില്ലേജ്/താലൂക്ക് ഓഫീസുകളിലേക്ക് പുനര്‍വിന്യസിച്ചു. ഈ സംവിധാനങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിയാണ് ഒന്നാം തീയതി മുതല്‍ താലൂക്കടിസ്ഥാനത്തില്‍ തരം മാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by