Categories: News

കര്‍ണാടക കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, ഡി കെയ്‌ക്ക് വേണ്ടി മഠാധിപതിയും രംഗത്ത്, തടയിടാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ

Published by

ബംഗളുരു : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയേറ്റതിന് പിന്നാലെ സംസ്ഥാനത്ത് പാര്‍ട്ടിക്കുളളില്‍ ചേരിപ്പോര് രൂക്ഷം. അധികാരമാറ്റം ലക്ഷ്യമിട്ടുളള നീക്കത്തിന് തടയിടാനുളള സിദ്ധരാമയ്യ പക്ഷത്തിന്റെ ശ്രമത്തിനിടെ ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് വൊക്കലിഗ മഠാധിപതി ചന്ദ്രശേഖരനാഥ് സ്വാമി ആവശ്യപ്പെട്ടതോടെ ഗ്രൂപ്പ് പോര് മൂര്‍ദ്ധന്യത്തിലെത്തി.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഡി.കെ ശിവകുമാറിനാണെന്നാണ് സിദ്ധരാമയ്യ പക്ഷത്തുള്ള മന്ത്രിമാരുടെ വാദം. കൂടുതല്‍ ഉപമുഖ്യമന്ത്രിമാര്‍ വേണമെന്ന ആവശ്യം ഉന്നയിച്ചതും ഡികെ ശിവകുമാറിനെതിരെയുളള പുതിയ നീക്കമാണ്. ഡി.കെ വിഭാഗം ഉയര്‍ത്തുന്ന അധികാരമാറ്റ ചര്‍ച്ചകളുടെ മുനയൊടിക്കുകയാണ് സിദ്ധരാമയ്യ പക്ഷം ലക്ഷ്യമിടുന്നത്.

ഈ സാഹചര്യത്തിലാണ് വൊക്കലിഗ വിഭാഗത്തിലെ പ്രധാന നേതാവായ ഡി.കെ ശിവകുമാറിന് പിന്തുണയുമായി മഠാധിപതി രംഗത്തെത്തിയത്.
സിദ്ധരാമയ്യയെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രി പദവി ഡി കെ ശിവകുമാറിന് നല്‍കണമെന്ന് ചന്ദ്രശേഖരാനാഥ് സ്വാമി ആവശ്യപ്പെട്ടത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ വൊക്കലിഗ വോട്ടുകള്‍ ഉറപ്പാക്കിക്കാന്‍ ഡി കെയ്‌ക്ക് കഴിഞ്ഞില്ലെന്ന് സിദ്ധരാമയ്യ വിഭാഗം വിമര്‍ശിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് സ്വാമി ഡി കെയ്‌ക്ക് അനുകൂലമായി രംഗത്തു വന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക