Kerala

മേയര്‍ ആര്യ രാജേന്ദ്രനുമായി തര്‍ക്കത്തിന് പിന്നാലെ ജോലി നല്‍കാതെ കെ എസ് ആര്‍ ടി സി; ഡ്രൈവര്‍ യദു ഗതാഗത മന്ത്രിക്ക് പരാതി നല്‍കി

Published by

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായി തര്‍ക്കത്തിലേര്‍പ്പെട്ടന്നതിന്റെ പേരില്‍ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്ന കെ എസ് ആര്‍ ടി സി താത്കാലിക ഡ്രൈവര്‍ യദു ജോലി നല്‍കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് പരാതി നല്‍കി.ഒന്നുകില്‍ ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കില്‍ പറഞ്ഞ് വിടണമെന്നാണ് യദു പരാതിയില്‍ പറയുന്നത്.

ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ പാളയം യൂണിവേഴ്‌സിറ്റി കോളേജിന് സമീപം വച്ചായിരുന്നു മേയറും യദുവും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. മേയറും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കള്‍ക്കൊപ്പം സഞ്ചരിച്ച സ്വകാര്യ കാറിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു ബസിന് കുറുകെ കാര്‍ നിര്‍ത്തി വാക്കേറ്റം നടത്തിയത്. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും മേയര്‍ പറഞ്ഞെങ്കിലും യദു നിഷേധിച്ചു.

ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.യദുവും പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയാറായില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കുമെതിരെ കേസെടുത്തത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക