കൊല്ലം: മുതിര്‍ന്ന സിപിഎം നേതാവായ പി.കെ.ഗുരുദാസന്, 2016-ല്‍ തനിക്ക് കൊല്ലം സീറ്റ് നല്കാതിരുന്നതിന്റെ പ്രതിഷേധം ആദ്യമായി തുറന്ന് പറഞ്ഞത് രണ്ട് ദിവസം മുമ്പ് നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ്. ജില്ലയിലെ സിപിഎമ്മിനെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക നേതൃത്വം വഹിച്ചിരുന്ന ഗുരുദാസന് പോലും തന്റെ നിലപാട് പറയാന്‍ പിണറായി പ്രഭാവം മങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വന്നുവെന്നത് നേതൃത്വത്തെ പോലും അദ്ഭുതപ്പെടുത്തി.
കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗം എല്ലാ അര്‍ത്ഥത്തിലും പിണറായി വിജയനെതിരെയുള്ള വിചാരണയായി മാറുകയായിരുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളില്‍
എം.നൗഷാദ് എംഎല്‍എയും മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്.ബാബുവും ഒഴികെ എല്ലാവരും പിണറായിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ രംഗത്ത് വന്നു. ഇത്രമേല്‍
കടുത്ത ആക്രമണമുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചതേയില്ല.
യോഗത്തില്‍ പങ്കെടുത്ത പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത എന്നിവര്‍ ചര്‍ച്ചകള്‍ തടയാന്‍ ശ്രമിച്ചതുമില്ല. പിണറായിയും കണ്ണൂര്‍ ലോബിയും പാര്‍ട്ടിയില്‍ അപ്രമാദിത്വം ഉറപ്പിച്ചതോടെ നിശബ്ദരായി പോയ പഴയ പിണറായി വിരുദ്ധ ചേരിയാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് പരസ്യമായി യുദ്ധമുഖം തുറന്നത്.
വി.എസ്.സര്‍ക്കാരില്‍ മന്ത്രിയും രണ്ട് തവണ കൊല്ലം എംഎല്‍എയുമായിരുന്ന പി.കെ. ഗുരുദാസന് 2016-ലെ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് വീണ്ടും മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ഗുരുദാസന് നടത്തി. എന്നാല്‍ ഗുരുദാസനെ ഒതുക്കാന്‍ പിണറായി നേരിട്ടിറങ്ങിയാണ് കൊല്ലത്ത് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
അതില്‍ ഗുരുദാസന് മാത്രമല്ല നേതൃത്വത്തിലെ പലര്‍ക്കും വിയോജിപ്പുണ്ടായിരുന്നു. പക്ഷേ പിണറായിയുടെ അജയ്യതയ്ക്ക് മുമ്പില്‍ എല്ലാവരും നിശബ്ദരായി വഴങ്ങി. തുടര്‍ഭരണം കൂടി സാധ്യമാക്കിയതോടെ പിണറായി പറയുന്നതാണ് പാര്‍ട്ടി എന്നനിലയിലേക്ക് സര്‍വാധിപത്യ സ്വഭാവത്തിലേക്ക് മാറി. തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എ ആയവര്‍ ഇനി മത്സരിക്കേണ്ടതില്ലെന്നും മുന്‍ മന്ത്രിമാര്‍ പുതിയ മന്ത്രിസഭയില്‍ വേണ്ടെന്നതും പിണറായിയുടെ തീരുമാനമായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ പിണറായി യുഗം അവസാനിക്കുന്നുവെന്ന തിരിച്ചറിവിലാണ് പിണറായിയെ നേരിട്ട് കടന്നാക്രമിക്കാന്‍ എം.എ.ബേബി നേതൃത്വം
നല്കുന്ന പിണറായി വിരുദ്ധ ചേരിതയ്യാറായത്. ബേബി കടുത്ത അസ്വസ്ഥനായിരുന്നുവെങ്കിലും പിണറായിയെ നേരിടാന്‍ അശക്തനായിരുന്നു.
എന്നാല്‍ തോല്‍വിയോടെ ബേബി കൂടുതല്‍ കരുത്തോടെ തന്റെ ചേരിയെ ശക്തിപ്പെടുത്തുകയാണ്. പി.ജയരാജന് മുതല്‍ കടകംപള്ളി സുരേന്ദ്രന് വരെ നീളുന്ന പാര്‍ട്ടിയിലെ അസ്വസ്ഥര്‍ ബേബിക്കൊപ്പമുണ്ടെന്നാണ് വിവരം. കൊല്ലം ജില്ലാ കമ്മിറ്റിയില്‍ ഭൂരിപക്ഷവും ബേബിക്ക് പിന്നില്‍ അണിനിരന്ന് കഴിഞ്ഞു. പിണറായിക്കെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയില്‍ ശബ്ദിക്കാതിരുന്ന ആര്.എസ്.ബാബുവും നൗഷാദ് എംഎല്‍എയും പിണറായിയുടെ കടുത്ത ആശ്രിതരാണ്. ദേശാഭിമാനിയില്‍ നിന്ന് വിരമിച്ചയുടന്‍ ബാബുവിനെ മീഡിയ അക്കാദമി ചെയര്‍മാനും പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവുമാക്കിയത് പിണറായിനേരിട്ടാണ്.
കൊല്ലം ഏരിയ കമ്മിറ്റിയംഗം മാത്രമായിരുന്ന എം.നൗഷാദിനെ ഇരവിപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയതും ജില്ലാ കമ്മിറ്റിയംഗമാക്കിയതും പിണറായി നേരിട്ടാണ്. ബാബു അടുത്തതവണ കൊല്ലം സീറ്റും നൗഷാദ് ജില്ലാ സെക്രട്ടറിയേറ്റ് അംഗത്വവും പ്രതീക്ഷിച്ചാണ് പിണറായി ചേരിയില്‍ ഉറച്ച് നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: