തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. മധ്യകേരളത്തിലും ഉത്തരകേരളത്തിലുമാണ് വ്യാപക നാശനഷ്ടം.
മലപ്പുറം ചെമ്പ്രശ്ശേരിയില്‍ മഴയില്‍ വീട് പൂര്‍ണമായി തകര്‍ന്നെങ്കിലും തലനാരിഴയ്‌ക്ക് വീട്ടുകാര്‍ രക്ഷപ്പെട്ടു. നെല്ലേങ്ങര സുരേഷിന്റെ വീടാണ് തകര്‍ന്നത്. കൊണ്ടോട്ടിയില്‍ ചേപ്പിലിക്കുന്ന് കുടുക്കില്‍ കൊയപ്പ രാജേഷിന്റെ വീടിന്റെ മതിലിടിഞ്ഞ് വീണു.
കോഴിക്കോട് ജില്ലയില്‍ ഇടവിട്ട് മഴയുണ്ട്. പയ്യാനക്കല്‍ ചാമുണ്ടി വളപ്പില്‍ ശക്തമായ കാറ്റില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചാലിയര്‍ പുഴയുടെ കുറുകെയുള്ള ഊര്‍ക്കടവ് റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ 17 ഷട്ടറുകളും ഉയര്‍ത്തി. കോട്ടൂളിയില്‍ സ്വകാര്യ വ്യക്തിയുടെ ഇരുപത് മീറ്റര്‍ ഉയരത്തിലുള്ള കോണ്‍ഗ്രീറ്റ് മതില്‍ മതില്‍ ഇടിഞ്ഞു വീണു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്താണ് അപകടം. അപകട സാധ്യത ഉളളതിനാല്‍ എട്ട് കുടുംബങ്ങളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു.
തൊട്ടില്‍പ്പാലത്ത് വലിയ പറമ്പത്ത് സക്കീനയുടെ വീട്ടിലെ കിണര്‍ ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചക്കിട്ടപാറയില്‍ ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ പറമ്പല്‍ വാളാംപൊയില്‍ ത്രേസ്യാമ്മയുടെ വീട് തകര്‍ന്നു.കിടപ്പ് രോഗിയാണ് ത്രേസ്യാമ്മ. മകനും കുടുംബവും ഒപ്പമുണ്ട്. തലനാരിഴക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. കുടുംബത്തെ മാറ്റിപ്പാര്‍പ്പിക്കും.
കോട്ടയം കുമരകത്ത് ഇന്നലെ രാത്രി കാറ്റില്‍ കൊല്ലകരി സ്വദേശി ഷാജി സി കെയുടെ വീടിന്റെ മേല്‍ക്കൂര പറന്നു പോയി. റോഡിലൂടെ പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാടത്ത് വീണു. നിരവധി ബൈക്കുകളും കാറ്റില്‍പെട്ടു.
കണ്ണൂരില്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. മാട്ടറ, വയത്തൂര്‍ ചപ്പാത്തുകള്‍ വെള്ളത്തിനടിയിലാണ്.എടൂര്‍ പാലത്തിന്‍കടവ് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞു. ചെമ്പിലോട് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.
ഇടുക്കിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം തുടരുന്നു. കല്ലാര്‍ കുട്ടി ഡാമിന്റെ ഷട്ടറുകള്‍ 30 സെ.മീ കൂടി ഉയര്‍ത്തി. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അപ്പര്‍ കുട്ടനാട് മേഖലയിലെ പല പ്രദേശങ്ങളും വെള്ളത്തിലായി. തലവടി പഞ്ചായത്തിലെ നീരേറ്റുപുരം ഭാഗത്ത് നിരവധി വീടുകളില്‍ വെള്ളം കയറി.
എറണാകുളം എടവനക്കാട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.തീരമേഖലയോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചാണ് വൈപ്പിന്‍ ചെറായി സംസ്ഥാന പാത ഉപരോധിച്ചത്. വരാപ്പുഴ മില്ലുപടിയില്‍ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു.
പത്തനംതിട്ട തിരുവല്ലയിലെ തിരുമൂലപുരം, ആറ്റുവാലി പ്രദേശങ്ങളിലെ വീടുകള്‍ക്കുള്ളില്‍ വെള്ളം കയറി. മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധനം ഉള്‍പ്പെടെ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: