ന്യൂജേഴ്‌സി: കോപ്പ അമേരിക്ക 2024ന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന. ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ വൈകിനേടിയ ഗോളില്‍ കരുത്തരായ ചിലിയെ തോല്‍പ്പിച്ചാണ് മുന്നേറ്റം ഉറപ്പിച്ചത്. കളിയുടെ 88-ാം മിനിറ്റില്‍ ലാട്ടരോ മാര്‍ട്ടിനെസ് ആണ് ഗോള്‍ നേടിയത്.
മത്സരഫലം ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നെങ്കിലും മെറ്റ് ലൈഫ് സ്റ്റേഡിയത്തിലെ പോരാട്ടത്തെ മൊത്തത്തില്‍ നിയന്ത്രിച്ചത് അര്‍ജന്റീനയായിരുന്നു. വ്യക്തമായ ആധിപത്യം പുലര്‍ത്തിയ മത്സരത്തിന്റെ സിംഹഭാഗവും പന്ത് കൈവശം വച്ചു. ചിലി ഗോള്‍ മുഖത്തേക്ക് 22 മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചു. കളിയുടെ തുടക്കത്തിലേ തന്നെ മാഞ്ചസ്റ്റര്‍ സിറ്റി താരം ഹൂലിയന്‍ അല്‍വാരസും ഫിയോറെന്റീന മദ്ധ്യനിരതാരം നിക്കോളാസ് ഗോന്‍സാലെസും ചിലി ഗോളി ക്ലൗഡിയോ ബ്രാവോയെ നന്നായി പരീക്ഷിച്ചു.
മെസ്സിക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും ഷോട്ട് പോസ്റ്റിലിടിച്ചു. കളി ഗോള്‍ കാണാതെ ആദ്യ പകുതി പിരിഞ്ഞു. രണ്ടാം പകുതി പുരോഗമിക്കുമ്പോഴും ചിലി ചിത്രത്തിലേ ഉണ്ടായില്ല. മാക് അലിസ്റ്ററും മികച്ച അവസരം നഷ്ടപ്പെടുത്തി. കളിക്ക് 72 മിനിറ്റെത്തിയപ്പോഴാണ് ചിലി അര്‍ജന്റൈന്‍ ഗോള്‍ മുഖത്തേക്ക് ആദ്യ നീക്കം നടത്തിയത്. ചിലി മദ്ധ്യനിരക്കാരന്‍ റോഡ്രിഗോ എച്ചാവെറി എമിലിയാനോ മാര്‍ട്ടിനെസിനെ പരീക്ഷിച്ചു. പിന്നാലെ ചിലിയുടെ മാര്‍സെലിനോ ന്യൂനെസും മാര്‍ട്ടിനെസിനെ പരീക്ഷിച്ചു. പക്ഷെ മറുവശത്ത് മികച്ച പോരാട്ടം കാഴ്‌ച്ചവച്ച അര്‍ജന്റീന ഗോളില്ലാ സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചപ്പോഴാണ് മാര്‍ട്ടിനെസ് വിജയഗോള്‍ കുറിച്ചത്. കഴിഞ്ഞ കളിയില്‍ കാനഡയ്‌ക്കെതിരെയും താരം ഗോള്‍ നേടിയിരുന്നു.
രണ്ട് കളികളും ജയിച്ച് ഗ്രൂപ്പ് എയില്‍ ആറ് പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് അര്‍ജന്റീന ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: