കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് ഹൈക്കോടതിയില്‍ പൊലീസ്. പരാതിക്കാരി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. രാഹുല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന വാദം അവിശ്വസനീയമെന്ന് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നുണ്ട്. പരാതിക്കാരി പൊലീസ് സ്റ്റേഷനില്‍ എത്തിയത് ഗുരുതര പരിക്കുകളോടെയാണെന്നും ചൂണ്ടിക്കാട്ടുന്നു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്കിയ ഹര്‍ജി തളളണം.യുവതി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഭര്‍ത്താവായ രാഹുലിനെതിരെ പരാതി നല്‍കിയതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ പരിശോധനയിലും സാക്ഷി മൊഴികളിലും രാഹുലില്‍ നിന്നാണ് യുവതിക്ക് പരിക്കേറ്റതെന്ന് വ്യക്തമാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. യുവതി പരാതിയില്ലെന്ന് പറയുന്നത് ഭീഷണി കൊണ്ടാകാം.
യുവതി നല്കിയ സത്യവാംഗ്മൂലം അംഗീകരിച്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയ പശ്ചാത്തലത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. പരാതി പിന്‍വലിച്ചെന്ന യുവതിയുടെ സത്യവാംഗ്ൂലം കോടതിയില്‍ ഹാജരാക്കി.യുവതിയുമായി കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നാണ് ഹര്‍ജിയില്‍ പ്രതി വ്യക്തമാക്കിയത്.
വീട്ടുകാര്‍ പറഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും വെളിപ്പെടുത്തിക്കൊണ്ട് യുവതി സാമൂഹ്യ മാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചിരുന്നു.
നേരത്തേ കേസെടുത്തതിന് പിന്നാലെ രാഹുല്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു. തന്റെ വീട്ടുകാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയതെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്പര്യമില്ലെന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അറിയിച്ച യുവതി ദല്‍ഹിയിലേക്ക് തിരിച്ചു പോയി.
രാഹുലിന്റെ പാസ്പോര്‍ട്ട് പിടിച്ചെടുക്കാനുള്ള നടപടികളാരംഭിച്ചെന്ന് പൊലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: