ന്യൂദല്‍ഹി: പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ശബ്ദവോട്ടോടെ പ്രമേയം അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. ഓം ബിർള യെ സ്പീക്കറായി തെരഞ്ഞെടുക്കണം എന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വക്കുകയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു. പിന്നാലെ എന്‍ഡിഎ സഖ്യകക്ഷികള്‍ പിന്തുണച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് പുതിയ സ്പീക്കറെ ചേമ്പറിലേക്ക് ആനയിച്ചത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓം ബിര്‍ളയെ അഭിനന്ദിച്ചു. ഓം ബിര്‍ള സ്പീക്കറായത് സഭയുടെ ഭാഗ്യമെന്ന് മോദി പറഞ്ഞു. നവാഗത എംപിമാര്‍ക്ക് ഓം ബിര്‍ള പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നു തുടര്‍ച്ചയായ മൂന്നാംവട്ടവും ജയിച്ച ഓം ബിര്‍ള 17-ാം ലോക്സഭയിലെ സ്പീക്കറായിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷം ലോക്സഭാ സ്പീക്കറായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഓം ബിര്‍ളയുടെ അനുഭവ സമ്പത്ത് ഗുണകരമാകുമെന്ന് ബിജെപി നേതൃത്വം വിലയിരുത്തിയതോടെയാണ് അദ്ദേഹത്തിനു രണ്ടാമൂഴം ലഭിച്ചത്.
സ്പീക്കര്‍ സ്ഥാനത്തേക്കു കൊടിക്കുന്നില്‍ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ പദവി കോണ്‍ഗ്രസിനു നല്കിയില്ലെങ്കില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന കോണ്‍ഗ്രസിന്റെ സമ്മര്‍ദ തന്ത്രത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതോടെയാണ് തോല്‍വിയുറപ്പായ മത്സരത്തിന് കൊടിക്കുന്നിലിനെ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: