കൊച്ചി: സഹകരണ ബാങ്കുകളെ ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്തുകയും പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും വഴിവിട്ട് വായ്പകള്‍ നല്കി നേട്ടമുണ്ടാക്കുകയും ചെയ്യുന്ന സിപിഎമ്മിന് കടുത്ത തിരിച്ചടിയാണ് കേരള ബാങ്കിന്റെ ഗ്രേഡിങ് വെട്ടിക്കുറച്ച ആര്‍ബിഐ നടപടി. കരുവന്നൂര്‍ കണ്ടല അടക്കമുള്ള, സിപിഎം ഭരിക്കുന്ന നിരവധി ബാങ്കുകളില്‍ വലിയ ക്രമക്കേടാണ് നടന്നത്. കരുവന്നൂരില്‍ 300 കോടിയിലേറെ രൂപയുടെ വായ്പാത്തട്ടിപ്പാണ് നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാകാനുള്ള ഒരു പ്രധാനകാരണം കരുവന്നൂര്‍ തട്ടിപ്പായിരുന്നു. കേരളത്തിലെ പന്ത്രണ്ടിലേറെ സഹകരണ ബാങ്കുകളില്‍ തട്ടിപ്പ് നടന്നതായി എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരം അഴിമതിയുടെയും രാഷ്ട്രീയക്കളിയുടെയും അവസാനത്തെ ഉദാഹരണമാണ് കേരള ബാങ്കും. കരുവന്നൂരിലേതു പോലെ തട്ടിപ്പ് നടന്നതായി തത്കാലം തെളിവില്ല. പക്ഷെ കിട്ടാക്കടം വലിയ തോതില്‍ കൂടിയതും വന്‍ വായ്പാകുടിശികകളും സംശയകരം തന്നെയാണ്. അതിനാലാണ് കേരള ബാങ്ക് 25 ലക്ഷത്തിനു മുകളില്‍ വായ്പ നല്‍കുന്നത് ആര്‍ബിഐ വിലക്കിയത്.
ബാങ്കിന്റെ ഭരണ സമിതിയില്‍ രാഷ്ട്രീയ അതിപ്രസരവുമുണ്ട്. കേരള ബാങ്കിലെ തട്ടിപ്പിന് ഇരയായവര്‍ക്ക് പണം മടക്കി നല്കാന് ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ച് അതിലേക്ക് കേരള ബാങ്കിന്റെ ഫണ്ട് ഇടാന്‍ നീക്കവും നടന്നിരുന്നു. എന്നാല്‍ ആര്‍ബിഐയുടെ കര്‍ശനമായ നിരീക്ഷണത്തില്‍ ആയതിനാല്‍ ഇത് നടന്നില്ല. ആര്‍ബിഐയുടെ കണ്ണുള്ളതിനാല്‍ നീക്കത്തെ ബാങ്ക് പ്രസിഡന്റിനു തന്നെ എതിര്‍ക്കേണ്ടിയും വന്നു.
കേരള ബാങ്കിന്റെ കിട്ടാക്കടം 11 ശതമാനമാണ്. ഇത് വളരെ വലുതും ആര്‍ബിഐയുടെ ഏഴ് ശതമാനമെന്ന പരിധിക്കപ്പുറവുമാണ്. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ ഉത്തമമെന്ന് തോന്നിയതിനാലാണ് ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിച്ച് ഇടതു സര്‍ക്കാര്‍ കേരള ബാങ്ക് രൂപീകരിച്ചത്. ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളിലെ ഗുരുതരമായ വീഴ്ചകളും അപാകതകളും കണക്കിലെടുത്താണ് അവയുടെ ഗ്രേഡ് വെട്ടിക്കുറയ്ക്കുന്നത്. സമീപകാലത്ത് നിരവധി സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തന ലൈസന്‍സ് തന്നെ (കേരളത്തിനു പുറത്ത്) ആര്‍ബിഐ റദ്ദാക്കിയിട്ടുണ്ട്. അടൂര്‍ സഹകരണ ബാങ്ക് പോലെ കേരളത്തിലെ ചില ബാങ്കുകളുടെ പ്രവര്‍ത്തനവും ആര്‍ബിഐ നേരത്തെ അവസാനിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അതിന്റെ ബാങ്കിങ് ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: