കൊല്ലം: ജൂനിയര്‍ അഭിഭാഷകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അഭിഭാഷകനായ നേതാവിന് സംരക്ഷണം ഒരുക്കി സിപിഎം. ഇന്നലെ ചേര്‍ന്ന സിപിഎം കൊല്ലം ഏരിയ കമ്മറ്റിയാണ് നേതാവിന് പൂര്‍ണ പിന്തുണ നല്കിയത്. ഏരിയ സെക്രട്ടറി ഇക്ബാല്‍, കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. എ.കെ. സവാദ് എന്നിവരാണ് നേതാവിനു വേണ്ടി കൂടുതലായി വാദിച്ചത്.
ജൂനിയര്‍ അഭിഭാഷക നല്കിയ പരാതിയില്‍ സിപിഎം ഏരിയ കമ്മിറ്റിയംഗം, സിഐടിയു ജില്ലാ സെക്രട്ടറി, സിഐടിയു ഹെഡ്ലോഡ് വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ്, എഫ്സിഐ ഇടത് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഭാരവാഹിത്വം വഹിക്കുന്ന കൊല്ലം കച്ചേരി ടിഡി നഗര്‍-33, അഡ്വ. ഇ. ഷാനവാസ് ഖാനെതിരെയാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തത്.
ക്രൈം നമ്പര്‍ 664/2024 ആയി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്ത്രീ പീഡനവും ഉപവകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. ഇതില്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കില്ല. കേസെടുത്തതിനു പിന്നാലെ നേതാവ് ഒളിവിലാണ്. അതേസമയം, ഷാനവാസ് ഖാനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിതാ അവകാശ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. സിപിഎം നേതാക്കളുടെ സംരക്ഷണയിലാണ് ഷാനവാസ് ഖാന്‍ എന്നും അതിനാലാണ് പോലീസ് അറസ്റ്റു ചെയ്യാത്തതെന്നും പരാതിക്കാര്‍ ആരോപിച്ചു.
കഴിഞ്ഞ 14 നാണ് സംഭവം. ഡോക്യുമെന്റില്‍ നോട്ടറി ഒപ്പ് വാങ്ങുന്നതിനാണ് അഭിഭാഷക സിപിഎം നേതാവിന്റെ വീട്ടിലെത്തിയത്. ഒപ്പിട്ട ശേഷം നേതാവ് കടന്നുപിടിക്കുകയായിരുന്നു. ഭയന്ന അഭിഭാഷക കുതറി ഓടി വീടിന് പുറത്ത് എത്തി ഭര്‍ത്താവിനെ വിവരം അറിയിക്കുകയും പിന്നീട് വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്കി.
എന്നാല്‍, സിപിഎം നേതൃത്വത്തിന്റെ ഇടപെടലില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. ഉന്നതതലത്തില്‍ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം നടന്നെങ്കിലും അഭിഭാഷക പരാതിയുമായി മുന്നോട്ട് പോകുകയായിരുന്നു. നേതാവിനെതിരെ സമാനമായ പരാതി നേരത്തെയും ഉയര്‍ന്നിരുന്നു. ഇതെല്ലാം പാര്‍ട്ടി ഇടപെട്ട് ഒത്തുതീര്‍ക്കുകയായിരുന്നു.
അതിനിടെ ഷാനവാസ്ഖാന്റെ വീട്ടില്‍ തെളിവെടുപ്പിനെത്തിയ പോലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് മകന്‍. ജൂനിയര്‍ അഭിഭാഷകയെ വീടിനുള്ളില്‍ വച്ചാണ് ഷാനവാസ് ഖാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്നാണ് പോലീസ് വീട്ടിലെത്തിയത്. എന്നാല്‍, വീടിനകത്തേക്ക് പോലീസ് കയറാന്‍ മകന്‍ സമ്മതിച്ചില്ല. പരാതിക്കാരി അടക്കമുള്ളവരെ അസഭ്യം വിളിച്ചു. തുടര്‍ന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കാതെ പോലീസ് മടങ്ങി.
കൃത്യനിര്‍ഹവണം തടസപ്പെടുത്തിയിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവരുമായി അടുപ്പമുള്ള യാളാണ് ഷാനവാസ് ഖാന്‍. ഇതാണ് പ്രതിക്ക് അനുകൂലമായ സമീപനം പോലീസ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: