Kerala

അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നില‍യിൽ നിന്നും താഴേയ്‌ക്ക് വീണ് നാലു വയസുകാരിക്ക് ഗുരുതര പരുക്ക്; സംഭവം ഇടുക്കിയിൽ

Published by

ഇടുക്കി: ഇടുക്കി കല്ലാറിൽ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നില‍യിൽ നിന്നും വീണ് നാലു വയസുകാരിക്ക് ഗുരുതര പരുക്ക്. ഇന്നലെ ഉച്ചയ്‌ക്ക് ശേഷമായിരുന്നു സംഭവം. 20 അടിയോളം ഉയരമുള്ള കെട്ടിടത്തിൽ നിന്നുമാണ് കുട്ടി വീണത്. കുട്ടിയുടെ തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

നിലവിൽ കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആന്‍റോ- അനീഷ ദമ്പതികളുടെ മകൾ മെറീന ആണ് അപകടത്തിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ താഴെക്ക് ചാടിയ അങ്കണവാടി അധ്യാപികക്കും പരുക്കേറ്റിട്ടുണ്ട്. അങ്കണവാടി പ്രവര്‍ത്തിക്കുന്നത് രണ്ടാം നിലയിലാണ്. 2018ലെ പ്രളയത്തില്‍ കെട്ടിടത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് അങ്കണവാടി മുകളിലേക്ക് മാറ്റുന്നത്.

താഴത്തെ നിലയിലാണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. മുകളിലത്തെ നിലയില്‍ ഓടിക്കളിക്കുന്നതിനിടെയാണ് കുട്ടി താഴേക്ക് തെന്നി വീഴുകയായിരുന്നു. കുട്ടി വീഴുന്നത് കണ്ട അധ്യാപികയും പിന്നാലെ എടുത്തു ചാടി. അധ്യാപികയ്‌ക്കും പരുക്കേറ്റിട്ടുണ്ട്. വളരെ അപകടകരമായ രീതിയിലാണ് കെട്ടിടത്തിന്റെ കൈവരികള്‍ സ്ഥാപിച്ചിരിക്കുന്നത്. അതീവ ശ്രദ്ധ വേണ്ട സ്ഥലത്ത് ഗുരുതര പാളിച്ച സംഭവിച്ചതായി കാണാം. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും പ്രദേശവാസികളും വന്‍ പ്രതിഷേധത്തിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by