മോസ്കോ: ഡാഗെസ്താനില് ജൂതപ്പള്ളിയിലും (സിനഗോഗ്), രണ്ട് ഓര്‍ത്തഡോക്സ് പള്ളികളിലും ഒരു പോലീസ് പോസ്റ്റിലും ഭീകരാക്രമണം. വികാരിയുള്‍പ്പെടെ ഇരുപതിലധികം പേരെ വധിച്ചു. അറുപത്താറുകാരനായ വികാരിയെ പള്ളിക്കുള്ളില്‍, വെടിവച്ചിട്ട ശേഷം കഴുത്തറുത്തു കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ 15 പേര് പോലീസുകാരാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം.
ഒരു അന്താരാഷ്ട്ര ഭീകര സംഘടനയിലെ അഞ്ചു ഭീകരരാണ് നരനായാട്ടു നടത്തിയത്. വെടിവയ്പില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. പ്രദേശവാസികളും കൊല്ലപ്പെട്ടിട്ടുണ്ട്. തിരിച്ചടിയില്‍, പോലീസ് മുഴുവന്‍ ഭീകരരെയും വധിച്ചെന്ന് ഡാഗെസ്താന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജോര്‍ജിയയുടെയും അസര്‍ബൈജാനിന്റെയും അതിര്‍ത്തിയിലുള്ള ഡാഗെസ്താന് തലസ്ഥാനം മഖച്കലയിലാണ് പോലീസ് പോസ്റ്റ് ആക്രമിച്ചത്.
ഡെര്‍ബന്റ് പള്ളി വികാരി ഫാ. നിക്കോളായിയെ വെടിവച്ച ശേഷം കഴുത്തറത്താണ് കൊന്നത്. പള്ളിക്കുള്ളിലിട്ടായിരുന്നു അരുംകൊലയെന്ന് ഡാഗെസ്താന് പബ്ലിക് മോണിറ്ററിങ് കമ്മിഷന് ചെയര്മാന് ഷാമില്‍ ഖദുലേവ് പറഞ്ഞു. ഭീകരര്‍ അഗ്നിക്കിരയാക്കിയ പുരാതന സിനഗോഗ് യുനസ്കോ പൈതൃകപ്പട്ടികയിലിടം പിടിച്ച മന്ദിരമാണ്. ഫയര്‍ബോംബ് ഉപയോഗിച്ചാണ് സിനഗോഗ് തകര്‍ത്തത്.
വെടിവയ്പിനു പിന്നില്‍ ഭീകര സംഘടനകളാണെന്നും ദേശീയ ഭീകര വിരുദ്ധ സമിതി അന്വേഷിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ മേഖലയായ നോര്‍ത്ത് കോക്കസസിലാണ് ഡാഗെസ്താന് പ്രവിശ്യ. പുരാതന ജൂത സമൂഹത്തിന്റെ ആസ്ഥാനമായ ഡെര്‍ബന്റിലാണ് സിനഗോഗും പള്ളിയും.
ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു. കറുത്ത വസ്ത്രത്തിലുള്ള നിരവധി ആയുധധാരികള്‍ തെരുവില്‍ പോലീസ് വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നേരേ വെടിയുതിര്‍ക്കുന്നത് ദൃശ്യത്തിലുണ്ട്.
ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ആരാണെന്നും അവരുടെ ലക്ഷ്യമെന്തെന്നും അറിയാമെന്ന് ഡാഗെസ്താന് പ്രവിശ്യ ഗവര്‍ണര്‍ സെര്‍ജി മെലിക്കോവ് പറഞ്ഞു. 26 വരെ പ്രവിശ്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരാക്രമണത്തില്‍ ഇസ്രയേല്‍ നടുക്കം പ്രകടിപ്പിച്ചു. ഡെര്‍ബന്റിലെ സിനഗോഗ് അഗ്നിക്കിരയാക്കിയതും മഖച്കലയിലെ പള്ളിയില്‍ വെടിയുതിര്‍ത്തതും ഗൗരവമായി കാണുന്നെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതേസമയം അയല്‍രാജ്യമായ ചെച്നിയയില്‍ രണ്ടു പതിറ്റാണ്ടു മുമ്പാരംഭിച്ച ഇസ്ലാമിക ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഡാഗെസ്താനിലേതെന്ന് റഷ്യ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: