കോയമ്പത്തൂര്‍: ക്ഷേത്രങ്ങളെയും ആചാരങ്ങളെയും പറ്റി അറിവോ വിശ്വാസമോ ഇല്ലാത്തവര്‍ ക്ഷേത്രഭരണത്തില്‍ നിന്നും പുറംതള്ളപ്പെടണമെന്ന് കുമ്മനം രാജശേഖരന്‍.
ഈശ്വര വിശ്വാസികളാകണം ക്ഷേത്ര ഭരണം നടത്തേണ്ടവര്‍. കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠത്തില്‍ ചേര്‍ന്ന ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ ദിവസം 80000 പേര്‍ക്ക് മാത്രമേ ഓണ്‍ലൈനിലൂടെ ദര്‍ശനാനുമതി നല്കുകയുള്ളൂ എന്ന ദേവസ്വം ബോര്‍ഡ് തീരുമാനം തിരുത്തണം. ബോര്‍ഡിന്റെ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ 60-62 ദിവസങ്ങളിലായി നടക്കുന്ന മണ്ഡല മകരവിളക്ക് ഉത്സവ കാലത്ത് 50 ലക്ഷം ഭക്തര്‍ക്ക് മാത്രമേ ദര്‍ശനം നടത്താനാവുകയുള്ളൂ. ഒരുകോടിയിലധികം അയ്യപ്പന്മാരാണ് ഓരോ വര്‍ഷവും വ്രതമെടുത്ത് സന്നിധാനത്തേക്ക് ഒഴുകിയെത്തുന്നത്. അയ്യായിരം പുതിയ വളണ്ടിയര്‍മാരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും നിയമിക്കാനുള്ള ദേവസ്വംബോര്‍ഡ് നീക്കമാണ് നടക്കുന്നതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.
ദേവസ്വം ബോര്‍ഡ് ഉണ്ടാകുന്നതിനും മുമ്പ് ശബരിമലയില്‍ അയ്യപ്പ ഭക്ത കൂട്ടായ്മയായി തുടങ്ങിയ അയ്യപ്പ സേവാ സംഘമടക്കമുള്ള പല സന്നദ്ധ സംഘങ്ങളുടെയും പ്രവര്‍ത്തനം തടയുകയാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമലയില്‍ സേവനം ചെയ്യാനുള്ള ഭക്തന്മാരുടെ മൗലികാവകാശത്തെ ലംഘിക്കുന്ന നീക്കങ്ങള്‍ക്കെതിരെ നിയമ നടപടികളും ഭക്തജന പ്രക്ഷോഭങ്ങളും സംഘടിപ്പിക്കണം, അദ്ദേഹം പറഞ്ഞു.
മണ്ഡലകാലത്ത് അധികൃതര്‍ വരുത്തിയ വീഴ്ചകളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ ഡോ. കാര്‍ത്തിക് പ്രബന്ധം അവതരിപ്പിച്ചു. സ്വാമി തപസ്യാമൃത ഭദ്രദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു.
ദേശീയ ചെയര്‍മാന്‍ ടി.ബി. ശേഖര്‍, ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍, സ്വാമി അയ്യപ്പദാസ്, ഏ.ആര്‍. മോഹനന്‍, വി.കെ. വിശ്വനാഥന്‍, മുന്‍ മേഘാലയ ഗവര്‍ണര്‍ വി. ഷണ്മുഖനാഥന്‍, എസ്. വിനോദ്കുമാര്‍, പ്രകാശ് പൈ, കൃഷ്ണപ്പാ മുതലായവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. അടുത്ത മണ്ഡല മകര വിളക്ക് കാലത്ത് ശബരിമലയിലേക്കുള്ള വഴികളില്‍ നൂറ്റിയിരുപത് അന്നദാന കേന്ദ്രങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: