മുംബൈ: അടുത്ത മാസം നടക്കുന്ന സിംബാബ്വെക്കെതിരായ ടി 20 പരമ്പരയ്‌ക്കുള്ള ഭാരത ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. യുവതാരം ശുഭ്മാന്‍ ഗില്‍ നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടി 20 ലോകകപ്പ് ടീം അംഗവും വിക്കറ്റ് കീപ്പറുമായ മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടംപിടിച്ചു. ധ്രുവ് ജുറെലാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍. ഇഷാന്‍ കിഷനെ പരിഗണിച്ചില്ല.
അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് തുടങ്ങിയവര്‍ക്കു വിശ്രമം അനുവദിച്ചു. നിലവില്‍ ലോകകപ്പ് ടീമിനൊപ്പമുള്ള യശസ്വി ജയ്സ്വാള്‍, റിങ്കു സിങ് എന്നിവരും ടീമിലുള്‍പ്പെട്ടു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ക്ക് ദേശീയ ടീമിലേക്ക് ആദ്യ വിളിയെത്തി. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചെഹല്‍ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചു. സ്പിന്നര്‍മാരായി വാഷിങ്ടന്‍ സുന്ദര്‍, രവി ബിഷ്‌ണോയ് എന്നിവരാണ് ടീമിലുള്ളത്. ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരാണ് പേസര്‍മാര്‍. ജൂലൈ ആറിനാണ് സിംബാബ്വെ പരമ്പരയ്‌ക്കു തുടക്കമാകുന്നത്.
ഭാരത ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ്, വാഷിങ്ടന്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക