ഫ്രാങ്ക്ഫര്‍ട്ട്: പകരക്കാരനായി ഇറങ്ങി പരിക്ക് സമയത്തിന്റെ രണ്ടാം മിനിറ്റില്‍ ഫുള്‍ക്രുഗ് നേടിയ ഗോളിന്റെ കരുത്തില്‍ പരാജയത്തില്‍ നിന്ന് രക്ഷപ്പെട്ട് ആതിഥേയരായ ജര്‍മനി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോടാണ് ജര്‍മനി പരാജയത്തില്‍ നിന്ന് രക്ഷപ്പെട്ട് 1-1ന് സമനില നേടിയത്.
കളിയുടെ 28-ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയ് നേടിയ ഗോളില്‍ സ്വിറ്റ്സര്‍ലന്‍ഡ് മുന്നിലെത്തി. തുടര്‍ന്നുള്ള 90 മിനിറ്റുവരെ സ്വന്തം നാട്ടിലെ കാണികള്‍ക്കു മുന്നില്‍ ജര്‍മനിക്ക് തോറ്റുനില്‍ക്കേണ്ടിവന്നു. ഒടുവില്‍ അധിക സമയത്തെ രണ്ടാം മിനിറ്റില്‍ ജീവശ്വാസംപോലെ ജര്‍മനിയുടെ സമനില ഗോള്‍ വന്നു.
സമനിലയോടെ ഗ്രൂപ്പ് എ യില്‍ മൂന്ന് കളികളില്‍നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ ജര്‍മനി ഒന്നാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു. മൂന്ന് കളികളില്‍ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റോടെ സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാമതായും ഫിനിഷ് ചെയ്തു.
ജര്‍മനിക്കെതിരെ പ്രതിരോധക്കോട്ട കെട്ടിയതിനൊപ്പം കിട്ടിയ അവസരങ്ങളില്‍ അതിവേഗ കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ എതിരാളികളെ വിറപ്പിക്കാനും സ്വിസ് താരങ്ങള്‍ക്കായി. പന്തില്‍ കൂടുതല്‍ ആധിപത്യം പുലര്‍ത്തിയതും ഷോട്ടുകള്‍ കൂടുതല്‍ ഉതിര്‍ത്തതും പാസുകള്‍ കൃത്യമായി നടത്തിയതുമെല്ലാം ജര്‍മനിയായിരുന്നു.
പക്ഷേ, ഗോള്‍മാത്രം അകന്നുനിന്നു. 17-ാം മിനിറ്റില്‍ വിര്‍ട്സിന്റെ പാസില്‍നിന്ന് ബോക്സിനു പുറത്തുവെച്ച് ആന്‍ഡ്രിച്ച് ജര്‍മനിക്കായി പന്ത് വലയിലെത്തിച്ചെങ്കിലും പക്ഷേ, വാര് പരിശോധനയില്‍ ഗോള്‍ തടയപ്പെട്ടു. കളിയുടെ അതുവരെയുള്ള നീക്കങ്ങള്‍ക്കെതിരായിരുന്നു സ്വിറ്റ്സര്‍ലന്‍ഡിന്റെ ആദ്യ പകുതിയിലെ ഗോള്‍. അങ്ങനെയൊരു നീക്കത്തിനൊടുവില്‍ 28-ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയ് നേടിയ ഗോളിലൂടെ സ്വിറ്റ്സര്‍ലന്‍ഡ് ലീഡ് നേടി. മുന്നേറ്റത്തില്‍ മികച്ച പ്രകടനം നടത്തിയ ജര്‍മനി, പ്രതിരോധത്തില്‍ വരുത്തിയ പിഴവാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ഗോളിലേക്ക് നയിച്ചത്.
രാജ്യത്തിനുവേണ്ടി 14-ാമത്തെ മത്സരം കളിക്കുന്ന എന്‍ഡോയ് ഇതാദ്യമായാണ് സ്വിറ്റ്സര്‍ലന്‍ഡിനായി ഗോള്‍ നേടുന്നത്. റെമോ ഫ്രൈലര് ബോക്സിന് മധ്യത്തിലേക്ക് നീട്ടി നല്കിയ പന്ത് ജര്‍മന്‍ പ്രതിരോധത്തെ മറികടന്ന് ഓടിയെത്തിയ എന്‍ഡോയ്ക്ക് വലതുകാല്വെച്ചുകൊടുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. ജര്‍മന്‍ ഗോളി മാനുവല്‍ ന്യുയറിന് ഒരു അവസരവും നല്‍കാതെ പന്ത് വലയില്‍ കയറി. ഗോള്‍ വഴങ്ങിയതോടെ ഹാവെര്‍ട്സും മുസിയാലയും ഗുണ്ഡോഗനും അടങ്ങുന്ന താരനിര എണ്ണയിട്ടയന്ത്രം കണക്കെ സ്വിസ് പ്രതിരോധത്തെ തുടര്‍ച്ചയായി പരീക്ഷിച്ചെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. മത്സരത്തില്‍ മുസിയാലയുടെ മികച്ച നീക്കങ്ങള്‍ കണ്ടെങ്കിലും സ്വിസ് പ്രതിരോധത്തില്‍ തട്ടിനിന്നു. പ്രതിരോധം തകര്ന്നപ്പോഴാകട്ടെ സ്വിസ് ഗോള്‍കീപ്പറുടെ മികച്ച രക്ഷപ്പെടുത്തലും ജര്‍മനിക്ക് മുന്നില്‍ വിലങ്ങുതടിയായി.
രണ്ടാം പകുതിയിലും ഗോള്‍ മടക്കാനുറച്ച് മൈതാനത്തിറങ്ങിയ ജര്‍മന്‍ ആക്രമണങ്ങളെ പ്രതിരോധക്കോട്ടക്കെട്ടി സ്വിസ് തടഞ്ഞതോടെ അവര്‍ വിജയം സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചു. എ്ന്നാല്‍ രണ്ടാംപകുതിയുടെ ഇന്‍ജുറി സമയത്ത് സ്വിസ് വിജയപ്രതീക്ഷകള്‍ക്ക് കനത്തതിരിച്ചടി നല്കി ജര്‍മനി സമനില ഗോള്‍ നേടുകയായിരുന്നു.
നിക്കോളാണ് ഫുള്‍ക്രുഗിന്റെ മനോഹരമായ ഹെഡറില്‍ ജര്‍മനി സമനില പിടിച്ചു. ഡേവിഡ് റോം നല്കിയ ക്രോസില്‍നിന്നായിരുന്നു ഗോള്‍. രണ്ടുപേരും പകരക്കാരായി ഇറങ്ങിയതായിരുന്നു. മുസിയാലയ്ക്ക് പകരമായിട്ടാണ് ഫുള്‍ക്രുഗ് ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: