അയോദ്ധ്യ: അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ എല്ലാ നിര്‍മാണ പ്രവൃത്തികളും 2025 മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന് ക്ഷേത്രനിര്‍മാണ സമിതി ചെയര്മാന് നൃപേന്ദ്ര മിശ്ര.
ഒന്നാം നിലയുടെ നിര്‍മാണം 90 ശതമാനവും പൂര്‍ത്തിയായി. അടുത്ത മാസത്തോടെ ഈ നിലയില്‍ രാമരാജസഭ സജ്ജമാകും.
ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നൃപേന്ദ്രമിശ്ര. രാമരാജസഭയില് സ്ഥാപിക്കുന്ന വിഗ്രഹങ്ങള്‍ മാര്‍ബിളിലാണ് നിര്‍മിക്കുന്നത്. രാജസ്ഥാനില്‍ നിന്നുള്ള നാല് ശില്പികളില് നിന്ന് ടെന്‍ഡര്‍ സ്വീകരിച്ചിട്ടുണ്ട്. അതിലൊരാളെ വിഗ്രഹനിര്മാണത്തിനായി തെരഞ്ഞെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കടുത്ത ചൂട് അവഗണിച്ചും അയോദ്ധ്യയിലേക്ക് ഭക്തജനപ്രവാഹം തുടരുകയാണ്.
രാംജന്മഭൂമി പഥ് മുതല്‍ ക്ഷേത്ര സമുച്ചയം വരെ ഭക്തര്‍ക്കായി വിവിധ സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. നിലവില്‍ പ്രതിദിനം ഒരു ലക്ഷം ഭക്തരാണ് എത്തുന്നത്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഇതുവരെ രണ്ട് കോടിയോളം ആളുകള്‍ രാം ലല്ലയുടെ ദര്‍ശനത്തിനായി എത്തിയിട്ടുണ്ട്. അതേസമയം അയോദ്ധ്യയിലെത്തുന്നവര്‍ക്ക് ചന്ദനതിലകം ചാര്‍ത്തുന്നതും ചരണാമൃതം നല്‍കുന്നതും നിരോധിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നൃപേന്ദ്ര മിശ്ര ചൂണ്ടിക്കാട്ടി. ഇത്തരത്തിലൊരു തീരുമാനവും ട്രസ്റ്റ് എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: