ആലപ്പുഴ: അമ്പലപ്പുഴയുടെ വിവിധ തീരങ്ങളില്‍ ശക്തമായ കടലേറ്റം.ഇന്നലെ രാവിലെ മുതലാണ് തീരം പ്രക്ഷുബ്ധമായത്.
കേന്ദ്ര കാലാവസ്ഥ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് പോയ ചിലവള്ളങ്ങള്‍ തോട്ടപ്പള്ളി ഹാര്‍ബറില്‍ അടുപ്പിച്ചു. പുറക്കാട്, കരൂര്‍, ആനന്ദേശ്വരം, കാക്കാഴം, വളഞ്ഞവഴി, വണ്ടാനം മാധവന് മുക്ക്, പൂമീന്‍ പൊഴി, പുന്നപ്ര ചള്ളി, വിയാനി, പറവൂര്‍ ഗലീലിയ, വാടക്കല്‍ അറപ്പ പൊഴി മല്‍സ്യഗന്ധി, വട്ടയാല്‍ വാടപ്പൊഴി തുടങ്ങിയ തീരങ്ങളിലെല്ലാം കടലേറ്റം ശക്തമാണ്.
പുന്നപ്ര ചള്ളി ഫിഷ് ലാന്റ് സെന്റര്‍ ഭാഗത്ത് കടല്‍ ,തീരം മീറ്ററുകളോളം കവര്‍ന്ന് ഇരച്ചു കയറുന്നത് ഇവിടെ കയറ്റി വെച്ചിരിക്കുന്ന വള്ളങ്ങള്‍ക്കും ഭീഷണിയായി. ചള്ളി തീരത്തു കടലേറ്റം മൂലം നിലം പൊത്താറായ ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ ദിവസം അധികൃതര്‍ ഇളക്കി ഇവിടെ നിന്ന് മാറ്റിയതിനാല്‍ ലക്ഷങ്ങളുടെ നാശം ഒഴിവായി.
പുന്നപ്ര വിയാനി തീരത്തു കടലേറ്റം ശക്തം. ശക്തമായ തിരമാലകള്‍ കടല്‍ ഭിത്തിയില്ലാത്തത് മൂലം തീരദേശ റോഡു വരെ ഇരച്ചുകയറി. ഇവിടെ കടല്‍ ഭിത്തികെട്ടണമെന്നുള്ള നാട്ടുകാരുടെ മുറവിളിക്ക് ഇതുവരെ പരിഹാരം കാണാന്‍ അധികൃതര്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: