മോസ്കോ: റഷ്യയിലെ ഡാഗെസ്താനില് ആരാധനാലയങ്ങള്‍ക്കുനേരെ ഭീകരരുടെ ആക്രമണം. വിവിധ സ്ഥലങ്ങളിലെ പള്ളികള്‍, ജൂത ആരാധനാലയങ്ങള്‍ പൊലീസിന്റെ ട്രാഫിക് സ്റ്റോപ്പ് എന്നിവിടങ്ങളിലാണ് വെടിവയ്പ്പുണ്ടായത്.
ആക്രമണത്തില്‍ പൊലീസുകാരുള്‍പ്പെടെ 9 പേര് കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരാക്രമണത്തില്‍ റഷ്യന്‍ അന്വേഷണ സമിതിയുടെ ഇന്‍വെസ്റ്റിഗേറ്റീവ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റഷ്യയിലെ ഡര്‍ബെന്റ്, മഖാച്കല മേഖലകളിലാണ് തോക്കുധാരികളുടെ ആക്രമണമുണ്ടായത്. മരിച്ചവരില്‍ 7 പൊലീസ് ഉദ്യോഗസ്ഥരും ഒരു പുരോഹിതനും പള്ളി സെക്യൂരിറ്റി ഗാര്‍ഡും ഉള്‍പ്പെടുന്നു. നാല് ഭീകരരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഒരു ജൂതപ്പള്ളി ആക്രമികള്‍ തീയിട്ട് നശിപ്പിച്ചു. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. അക്രമികളെ തിരിച്ചറിഞ്ഞുവെന്നും പ്രത്യാക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കി കഴിഞ്ഞതായും ഡാഗെസ്തന്‍ ഭരണാധികാരി സെര്‍ജി മെലികോവ് പറഞ്ഞു.
ആരാധനാലയങ്ങളിലെല്ലാം ഒരേ സമയമാണ് ആക്രമണം നടന്നത്. ഡാഗെസ്തന്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിയും കൊല്ലപ്പെട്ട ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ഭീകരരുടെ ഉറവിടത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും റഷ്യന്‍ അന്വേഷണ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: