ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളില്‍ 19 മണ്ഡലത്തിലും പരാജയം ഏറ്റുവാങ്ങിയ ഭരണമുന്നണിയും അതിന് നേതൃത്വം നല്‍കുന്ന സിപിഎമ്മും പാഠം പഠിക്കുമെന്നും തെറ്റ് തിരുത്തുമെന്നും കരുതിയവര്‍ക്ക് വീണ്ടും പിഴച്ചു. സിപിഎമ്മിലെ കണ്ണൂര്‍ ലോബി പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ അന്ധമായി ആരാധിക്കുന്ന ചില ആസുരിക ശക്തികളും ആണ് ഇപ്പോഴും ഭരണത്തെയും പാര്‍ട്ടിയെയും സ്വാധീനിക്കുന്നത് എന്ന സത്യം ഒരിക്കല്‍ കൂടി പുറത്തുവരികയാണ്.അതിന്റെ സൂചനയാണ് ഹൈക്കോടതി വിധി മറികടന്ന്, ഹൈക്കോടതിയെയും നിയമ സംവിധാനത്തെയും വെല്ലുവിളിച്ച് ടി.പി. കേസിലെ പ്രതികളെ പുറത്തിറക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കം. ഇതുമാത്രമല്ല, കണ്ണൂര്‍ ജില്ലയില്‍ അടുത്തിടെ ഉഷാറായി നടക്കുന്ന ബോംബ് നിര്‍മ്മാണം കൂടി ഇതിനോടൊപ്പം കൂട്ടി വായിക്കാതിരിക്കാന്‍ കഴിയില്ല.
ആസാദി കാ അമൃത് മഹോത്സവ് അഥവാ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം എന്ന പേരില്‍ 2022 ല്‍ സ്വാതന്ത്ര്യത്തിന്റെ 75 മത് വാര്‍ഷികത്തോടനുബന്ധിച്ച് അര്‍ഹരായ തടവുകാര്‍ക്ക് ശിക്ഷയിളവ് നല്‍കാനുള്ള പട്ടികയില്‍ ടി പി കേസിലെ പ്രതികളെ കൂടി തിരുകി കയറ്റിയതാണ് പുതിയ വിവാദം.അര്‍ഹരായ തടവുകാര്‍ക്ക് 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെ ഇളവ് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നത്. ടി പി കേസിലെ പ്രതികളായ ടി .കെ. രജീഷ്, കെ .കെ. മുഹമ്മദ് ഷാഫി, എസ്.സജിത് എന്നിവരുടെ പേരുകള്‍ ഈ പട്ടികയില്‍ തിരുകി കയറ്റുകയായിരുന്നു.
ജൂണ്‍ മൂന്നിന് ആഭ്യന്തര വകുപ്പ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് 188 പേരുടെ പട്ടിക തയ്യാറാക്കി ജൂണ്‍ 13ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അഭിപ്രായം തേടി കത്തയച്ചത്. 14 വര്‍ഷത്തിലധികം ശിക്ഷ അനുഭവിച്ചാല്‍ ജീവപര്യന്തക്കാരെ വിട്ടയക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിലവില്‍ 10 വര്‍ഷം ശിക്ഷ അനുഭവിച്ച പ്രതികള്‍ക്ക് ഒരു വര്‍ഷം ഇളവ് ലഭിച്ചാല്‍ ഈ ആനുകൂല്യത്തില്‍ നേരത്തെ പുറത്തിറങ്ങാനാകും. ഈ പഴുത് ഉപയോഗിച്ച് പ്രതികളെ പുറത്തിറക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. നിയമ വകുപ്പിലെ അഡിഷണല്‍ സെക്രട്ടറി ചെയര്‍മാനും ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി കണ്‍വീനറും ജയില്‍ ഡിഐജി അംഗവുമായുള്ള രണ്ട് പരിശോധനാ സമിതികളെയാണ് ശിക്ഷയിളവ് പരിശോധിക്കുവാന്‍ ആഭ്യന്തര വകുപ്പ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ജയിലില്‍ നിന്ന് നല്‍കുന്ന പട്ടിക സമിതി പരിശോധന നടത്തിയാണ് അന്തിമമാക്കുന്നത്. ഇതിന്റെ ഭാഗമായി പോലീസ് റിപ്പോര്‍ട്ട് തേടി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ജയിലില്‍ നിന്ന് അയച്ച കത്താണ് പുറത്തുവന്നത്. ഏതായാലും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാതെ ഇത്തരമൊരു നീക്കം നടക്കില്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും അറിയാതെ ജയിലില്‍ നിന്ന് ടി പി കേസ് പ്രതികള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുമെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല.
കേരളപ്പിറവിയുടെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പിണറായി സര്‍ക്കാര്‍ സമര്‍പ്പിച്ച പഴയ പട്ടിക തന്നെയാണ് വീണ്ടും പൊടിതട്ടിയെടുത്ത് പ്രതികളുടെ മോചനത്തിനായി സമര്‍പ്പിക്കാന്‍ തയ്യാറാക്കിയിട്ടുള്ളത്. ഇതാകട്ടെ ഗവര്‍ണറും ഹൈക്കോടതിയും നേരത്തെ തന്നെ നിരസിച്ചതാണ്. ആ പഴയ പട്ടികയില്‍ ചില പുതിയ പേരു കൂടി ഉള്‍പ്പെടുത്തിയാണ് പുതുക്കി തയ്യാറാക്കിയിട്ടുള്ളത്. 1850 തടവുകാരുടെ പട്ടിക ആണ് അന്ന് തയ്യാറാക്കി അയച്ചത്. ഈ പട്ടിക അന്നത്തെ ഗവര്‍ണര്‍ പി. സദാശിവം തിരിച്ചയക്കുകയായിരുന്നു. അതാണ് 739പേരുടേതായി ചുരുക്കിയത്.എന്നാല്‍ ഹൈക്കോടതി അനുമതിയോടുകൂടി മാത്രമേ ശിക്ഷാ ഇളവ് നല്‍കാവൂ എന്ന നിര്‍ദ്ദേശം ഹൈക്കോടതിയില്‍ നിന്നുണ്ടായതോടെ ആ പട്ടിക മരവിപ്പിക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തിന്റെ ഭാഗമായി ശിക്ഷാ ഇളവ് നല്‍കാന്‍ 2022ല്‍ കേന്ദ്ര നിര്‍ദ്ദേശം വന്നപ്പോഴാണ് ഈ പട്ടിക വീണ്ടും പുറത്തെടുത്തത്. 1088 പേരുടെ പട്ടിക ജയില്‍ ഡിജിപി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. രണ്ടു പരിശോധനാ സമിതികളെ നിയോഗിച്ചെങ്കിലും കഴിഞ്ഞ അഞ്ചു മാസത്തിനിടെ പരിശോധനയൊന്നും നടന്നിരുന്നില്ല. അതിനിടെയാണ് ടിപി കേസ് പ്രതികള്‍ക്കെതിരെ ഹൈക്കോടതി വിധി വന്നത്. ടിപി കേസിലെ പ്രതികള്‍ക്ക് 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കും വരെ ഇളവ് നല്‍കാന്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട് . ചില പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്തിട്ടില്ല.ഹൈക്കോടതിയുടെ നിലവിലുള്ള ഒരു ഉത്തരവ് അട്ടിമറിച്ച് ടി പി കേസ് പ്രതികളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഏതെങ്കിലും താഴെക്കിടയില്‍ ഉള്ള ഒരു ചെറിയ ഉദ്യോഗസ്ഥന് പറ്റിയ പിഴവാണെന്ന് ഒരു കാരണവശാലും കരുതാനാവില്ല .ഇതിന്റെ പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ട്. ടി പി കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടതിനുശേഷം ജയിലില്‍ കിടന്നതിനേക്കാള്‍ കൂടുതല്‍ കാലം പരോളില്‍ ആയിരുന്നു എന്ന ആക്ഷേപം ഉണ്ട്. ഈ ആക്ഷേപം കൂടി ശിക്ഷ വിധിച്ച ഹൈക്കോടതി അടക്കമുള്ള ഉന്നത നീതിപീഠങ്ങള്‍ പരിഗണിക്കേണ്ടതല്ലേ?
എങ്ങനെയാണ് ടിപി കേസിലെ പ്രതികള്‍ക്കു മാത്രം ഇത്രയേറെ കാലം ജയില്‍ നിയമങ്ങള്‍ക്കും ക്രിമിനല്‍ നിയമങ്ങള്‍ക്കും അതീതമായും വിരുദ്ധമായും ശിക്ഷയിളവും പരോളും കിട്ടുന്നത്. ഇത് ആഭ്യന്തരവകുപ്പിന്റെയും സംസ്ഥാന ഭരണകൂടത്തിന്റെയും ഒത്താശയും താല്‍പര്യവും ഇല്ലാതെ നടക്കുന്ന കാര്യമാണോ? നരേന്ദ്രമോദി സര്‍ക്കാരിന്റെയോ ബിജെപിയുടെയോ ഭാഗത്തായിരുന്നു ഇങ്ങനെയൊരു സംഭവം ഉണ്ടായിരുന്നതെങ്കില്‍ എന്താകുമായിരുന്നു ഇടതുപക്ഷ ബുദ്ധി ജീവികളുടെയും സാംസ്‌കാരിക നായകരുടെയും ഇടതുപക്ഷ രാഷ്‌ട്രീയക്കാരുടെയും നിലപാട്.സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പുറത്തുപോവുകയും എതിരഭിപ്രായം പ്രകടിപ്പിക്കുകയും പാര്‍ട്ടി സംവിധാനത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്ത പഴയ സഖാവിന് വധശിക്ഷ വിധിച്ച പാര്‍ട്ടി നേതൃത്വം പിന്നീട് കുലംകുത്തി എന്ന് വിളിച്ച് ആക്ഷേപിക്കുക കൂടി ചെയ്തത് മനുഷ്യത്വവും രാഷ്‌ട്രീയ പ്രബുദ്ധതയും ഉണ്ടെന്ന് കരുതുന്ന ഏതു സമൂഹത്തിനും അപമാനകരമാണ്. പ്രതികളെ രക്ഷിക്കാന്‍ കള്ള തെളിവും കള്ള സാക്ഷികളെയും സൃഷ്ടിച്ചിട്ടും അതെല്ലാം മറികടന്ന് പ്രതികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ നീതിന്യായ വ്യവസ്ഥയെ തന്നെ കബളിപ്പിച്ച് സ്ഥിരം പരോളും ശിക്ഷയിളവും നല്‍കാനുള്ള സിപിഎം ശ്രമം ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും ഒരേപോലെ അവഹേളിക്കുന്നതാണ്.
മാത്രമല്ല ടി. പി. ചന്ദ്രശേഖരനെ വധിച്ചതിന് പിന്നില്‍ സിപിഎമ്മിന്റെ ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ട് എന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. ഇല്ലെങ്കില്‍ കൊലപാതകത്തിന് ശേഷവും കുലംകുത്തി എന്ന പ്രയോഗവും പ്രതികളെ രക്ഷിക്കാനുള്ള നിരന്തരശ്രമവും ഒരു കാരണവശാലും ഉണ്ടാവില്ലായിരുന്നു. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ചന്ദ്രശേഖരന്റെ ഭാര്യ കെ. കെ. രമ പരാതി നല്‍കിയതാണ്. ആ പരാതിയില്‍ 2014 ല്‍ ഭരണമൊഴിയും മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചതുമാണ്. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എംപി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ല. അതിന്റെ പേരില്‍ സിബിഐ അന്വേഷണം ഇനിയും തുടങ്ങിയിട്ടുമില്ല. അതേസമയം അന്ന് കേസ് അന്വേഷിച്ച ഉത്തരമേഖല ഡിഐജി എന്‍. ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കാവുന്ന സാഹചര്യങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 2014 ഫെബ്രുവരിയില്‍ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചിട്ടും സിബിഐ കേസ് എടുത്തില്ല.ഇതിനിടെ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് പുതിയതായി നിലവില്‍ വന്ന ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു. സിപിഎമ്മിന്റെ അക്രമ
രാഷ്‌ട്രീയത്തിന് ഏറ്റവും കൂടുതല്‍ വിധേയരായതും ഏറ്റവും കൂടുതല്‍ പേര്‍ ബലിദാനികള്‍ ആയതും ബിജെപിയില്‍ നിന്നും സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്നുമാണ്. ടി. പി
ചന്ദ്രശേഖരന്റെ വധത്തിന് പിന്നിലുള്ളവര്‍ തന്നെയാണ് കണ്ണൂര്‍ ജില്ലയില്‍ ഉടനീളം സംഘത്തിന്റെയും പരിവാര്‍ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകരെ വെട്ടി വീഴ്‌ത്തിയതെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ടി പി കേസിലെ ഗൂഢാലോചന അന്വേഷിക്കുകയും പ്രതികളെ പുറത്തുകൊണ്ടുവരികയും ചെയ്യണം.
അടുത്തിടെ കണ്ണൂര്‍ ജില്ലയില്‍ തുടരെയുണ്ടാകുന്ന ബോംബ് സ്‌ഫോടനം, ബോംബ് നിര്‍മ്മാണം എന്നിവയും ഈ സാഹചര്യത്തിലാണ് വിലയിരുത്തേണ്ടത്.ഭരണമുന്നണിയില്‍ ആയതുകൊണ്ട് മാത്രം തല്‍ക്കാലം സര്‍ക്കാരിനും ഭരണ സംവിധാനത്തിനും തലവേദന ആകാതിരിക്കാന്‍ വേണ്ടി മാത്രം ആക്രമണങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന സിപിഎം, ഭരണം വിട്ടാല്‍ അപ്പോള്‍ത്തന്നെ പഴയതിന്റെ ഇരട്ടി വീര്യത്തില്‍ രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരെ ആഞ്ഞടിക്കുമെന്ന് ഉറപ്പാണ്. അതിന്റെ ഭാഗം തന്നെയാണ് ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ഒഴിഞ്ഞ പറമ്പുകളില്‍ നടക്കുന്ന ബോംബ് ശേഖരണം. ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയ ആള്‍ കൊല്ലപ്പെട്ട സംഭവം ശ്രദ്ധേയമാണ്. തേങ്ങ പൊട്ടി വൃദ്ധന്‍ മരിച്ചു എന്നാണ് പാര്‍ട്ടി പത്രം റിപ്പോര്‍ട്ട് ചെയ്തത്. ബോംബ് നിര്‍മാണത്തിനിടെ ബോംബ് പൊട്ടി മരിച്ചവര്‍ക്ക് രക്തസാക്ഷി മണ്ഡപം ഒരുക്കിയ സിപിഎം ഇന്ന് കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ ജനാധിപത്യ വിശ്വാസികള്‍ക്കോ ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കോ ഭൂഷണമാണോ? ഒപ്പം നടന്നവനെ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ വേണ്ടി മാഷാ അള്ളാ ബോര്‍ഡ് വെച്ച വണ്ടിയില്‍ വന്ന് കൊല്ലുകയും കുലംകുത്തി എന്ന് ആക്ഷേപിക്കുകയും പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയും അവസാനം ശിക്ഷിക്കപ്പെടുമ്പോള്‍ ജയിലില്‍ നിന്ന് സ്ഥിരം പരോളും ശിക്ഷയിളവും നല്‍കുന്ന സമ്പ്രദായം സിപിഎമ്മിന് മാത്രമേ കഴിയുകയുള്ളൂ. പിന്നെ സംസ്‌കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത നരഭോജികള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: