ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കൊടും ക്രിമിനലുകളായ മൂന്നുപേരെ ശിക്ഷാ കാലാവധി കഴിയും മുന്‍പേ ജയില്‍ മോചിതരാക്കാനുള്ള ശ്രമം സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും പൈശാചിക മുഖമാണ് പുറത്തുകൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായ റിപ്പോര്‍ട്ടു നല്‍കാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ കത്ത് പുറത്തുവന്നതോടെയാണ് ഈ നീക്കം വെളിപ്പെട്ടത്. ടി.പി.വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നീ കുറ്റവാളികളെ വിട്ടയയ്‌ക്കാനാണ് ശ്രമം. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജയില്‍മോചിതരാക്കേണ്ടവരുടെ പട്ടികയില്‍ തന്ത്രപൂര്‍വം ഈ മൂന്നുപേരെയും ഉള്‍പ്പെടുത്തുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവിലെ മാനദണ്ഡപ്രകാരം തടവുകാര്‍ക്ക് പ്രത്യേക ഇളവ് നല്‍കി വിട്ടയയ്‌ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും, ഇതു സംബന്ധിച്ച ഫയലുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുണ്ടെന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ കത്തില്‍ വ്യക്തമായി പറയുന്നുണ്ട്. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി തയ്യാറാക്കിയ ലിസ്റ്റില്‍ ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവനുഭവിക്കുന്ന മൂന്നുപേരുടെ പേരുണ്ട്. ഈ നീക്കം പുറത്തായതോടെ അന്യായമായി ഒന്നുമില്ലെന്ന പ്രതികരണവുമായി നിയമമന്ത്രി പി.രാജീവ് രംഗത്തുവന്നത് സര്‍ക്കാരിന്റെ അറിവോടും സമ്മതത്തോടുംകൂടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. എന്നാല്‍ നിയമവിരുദ്ധമായ നീക്കം പുറത്തായതോടെ ഉദ്യോഗസ്ഥരെ പഴിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ നോക്കുന്നത്.
കേരളം കണ്ട ഏറ്റവും പൈശാചികമായ രാഷ്‌ട്രീയ കൊലപാതകങ്ങളിലൊന്നാണ് ടി.പി. ചന്ദ്രശേഖരന്റേത്. സിപിഎമ്മുകാരനായിരുന്ന ചന്ദ്രശേഖരന്‍ പാര്‍ട്ടി വിട്ടുപോയി ആര്‍എംപി എന്ന പാര്‍ട്ടി രൂപീകരിച്ചതാണ് കൊലപാതകത്തിനു കാരണം. ചന്ദ്രശേഖരനെ കൊലചെയ്യുമെന്ന് സിപിഎം നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പാര്‍ട്ടി ക്രിമിനലുകള്‍ക്കൊപ്പം ചില വാടകക്കൊലയാളികളെയും ഉള്‍പ്പെടുത്തി സിപിഎം രൂപീകരിച്ച സംഘമാണ് ചന്ദ്രശേഖരനെ കൊന്നത്. കൊലയാളികള്‍ സിപിഎമ്മുകാരല്ലെന്നു വരുത്താന്‍ അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ കുപ്രചാരണം വിലപ്പോയില്ല. ‘മാഷാ അള്ളാ’ എന്നെഴുതിയ കാറിലെത്തിയ ഇസ്ലാമിക തീവ്രവാദികളാണ് ടിപിയെ കൊലപ്പെടുത്തിയതെന്നാണ് കൊലനടത്തിയ രാത്രി പുലര്‍ന്നപ്പോള്‍ പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞത്. കേസിലെ മുഴുവന്‍ പ്രതികളെയും സംരക്ഷിക്കുകയും കേസു നടത്തുകയും ചെയ്ത സിപിഎം കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വാദിക്കാനും മടിച്ചില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കുന്നുമ്മല്‍ രാമചന്ദ്രന്‍ എന്ന പ്രതിയെ ‘പുറത്താക്കുകയും’ ചെയ്തു. എന്നാല്‍ ഇയാള്‍ക്കുവേണ്ടി അഭിഭാഷകനെ നിയോഗഗിച്ചതും കേസ് നടത്തിയതും സിപിഎം തന്നെയായിരുന്നു. കൊലപാതകവുമായി ബന്ധമില്ലെന്നു പറഞ്ഞ സിപിഎം ജയിലില്‍ കേസിലെ പ്രതികള്‍ക്കുവേണ്ടി എല്ലാ സൗകര്യങ്ങളുമൊരുക്കി. പരോളിലായിരിക്കെ കേസിലെ പ്രതികളുടെ വിവാഹത്തില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്തത് വലിയ വിവാദത്തിനിടയാക്കിയെങ്കിലും സിപിഎം നേതൃത്വം അതും ന്യായീകരിച്ചു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി അര്‍ഹരായ തടവുകാര്‍ക്ക് ഒരു വര്‍ഷം വരെ ശിക്ഷായിളവ് നല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പതിനാലു വര്‍ഷത്തിലധികം ശിക്ഷ അനുവദിച്ചാല്‍ ജീവപര്യന്തക്കാരായ തടവുകാരെ വിട്ടയയ്‌ക്കാമെന്നുണ്ട്. ഇതുപ്രകാരം നിലവില്‍ പത്ത് വര്‍ഷം ശിക്ഷയനുഭവിച്ച ടിപി കേസിലെ പ്രതികള്‍ക്ക് ഒരു വര്‍ഷംകൂടി ഇളവു ലഭിച്ചാല്‍ നേരത്തെ ജയിലിനു പുറത്തിറങ്ങാം. ഇതായിരുന്നു സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും തന്ത്രം. എന്നാല്‍ ടിപി വധക്കേസിലെ ഒന്‍പത് പ്രതികള്‍ക്ക് 20 വര്‍ഷം തടവനുഭവിക്കാതെ ഇളവു നല്‍കരുതെന്ന് ഇവരുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച ഹൈക്കോടതി ഉത്തരവില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. കുത്സിതമാര്‍ഗത്തിലൂടെ ഈ വിധിയെ മറികടക്കാനാണ് സിപിഎം നോക്കിയത്. കോടതി എന്തു പറഞ്ഞാലും കൊലപാതക രാഷ്‌ട്രീയത്തിന്റെ കാര്യത്തില്‍ തങ്ങള്‍ പിന്നോട്ടില്ലെന്നാണ് സിപിഎം ആവര്‍ത്തിച്ച് തെളിയിക്കുന്നത്. മനുഷ്യപ്പിശാചുക്കളായ പാര്‍ട്ടി ക്രിമിനലുകളെ അധികകാലം തടവിലിടാന്‍ കഴിയില്ലെന്നും, ജയിലിനു പുറത്ത് അവര്‍ക്ക് ചെയ്തുതീര്‍ക്കാന്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന പണികളുണ്ടെന്നുമാണ് സിപിഎം പറയാതെ പറയുന്നത്. കോടതിവിധിക്ക് വിലകല്‍പ്പിക്കാതെ ടിപി വധക്കേസ് പ്രതികളെ നേരത്തെ ജയില്‍മോചിതരാക്കാനുള്ള ശ്രമവും, കണ്ണൂരില്‍ പാര്‍ട്ടി ഗ്രാമങ്ങളിലെ ബോംബു നിര്‍മാണവും സ്‌ഫോടനവുമൊക്കെ തുടര്‍ക്കഥയാവുന്നതും കൂട്ടിവായിക്കേണ്ടതുണ്ട്. കേരളത്തെ ഇനിയും ചോരയില്‍ മുക്കാനാണ് സിപിഎം പദ്ധതി. നിയമാനുസൃതം പ്രവര്‍ത്തിക്കേണ്ട ഭരണസംവിധാനം ഇതിനൊപ്പം നില്‍ക്കുന്നത് വളരെ അപകടകരമായ സ്ഥിതിവിശേഷമാണ്. ജനാധിപത്യ വിശ്വാസികളും സമാധാനപ്രേമികളുമായ ജനങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: