ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ വിജയവുമായി ഇന്ത്യൻ വനിത ടീം. അവസാന മത്സരത്തിൽ 6 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം ഇന്ത്യ 40 ഓവറിൽ മറികടക്കുകയായിരുന്നു. 90 റൺസെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. സ്‌കോർ: ദക്ഷിണാഫ്രിക്ക 215/8, ഇന്ത്യ 220/4.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി സ്മൃതി മന്ദാനയും ക്യാപ്റ്റൻ ഹർമൻ പ്രിത് കൗറും തകർത്തടിച്ചതോടെ മികച്ച സ്‌കോർ നേടുകയായിരുന്നു. 83 പന്തിൽ 11 ഫോറുമടക്കം 90 റൺസെടുത്താണ് സ്മൃതി പുറത്തായത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും സ്മൃതി സെഞ്ച്വറി നേടിയിരുന്നു. ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയ മറ്റൊരു താരം. 42 റൺസെടുത്ത ഹർമൻപ്രീതിനെ ബ്രിറ്റ്‌സ് റണൗട്ടാക്കുകയായിരുന്നു.
ഇരുവർക്കും പുറമെ, ഷഫാലി വർമ (25), പ്രിയ പൂനിയ (28) എന്നിവരുടെ വിക്കറ്റുകളുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 19 റൺസുമായി ജെമീമ റോഡ്രീഗസും 6 റൺസുമായി റിച്ച ഘോഷും പുറത്താകാതെ നിന്നു. അയബോങ്ക ഖക, തുമി സെഖുഖുനെ, നോങ്കുലുലേകോ മ്ലാബ എന്നിവർ സൗത്ത് ആഫ്രിക്കക്കായി ഒരോ വിക്കറ്റുകൾ സ്വന്തമാക്കി.
ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. ക്യാപ്റ്റൻ ലോറ വോൾവാർഡും (61) തസ്മിൻ ബ്രിറ്റ്‌സും(38) നടത്തിയ ചെറുത്തു നിൽപ്പാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി അരുന്ധതി റെഡ്ഡി, ദീപ്തി ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. പൂജ വസ്ത്രാക്കർ, ശ്രേയങ്ക പാട്ടീൽ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: