കിങ്‌സ്ടൗണ്‍: എഴുതിവച്ച കാവ്യം പോലെ ഒരു ചരിത്ര വിജയം. സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അട്ടിമറി വിജയം സ്വന്തമാക്കുമ്പോള്‍ ആ കാവ്യം പൂര്‍ത്തിയാകുന്നു.
മാസങ്ങള്‍ക്ക് മുമ്പ് ഏകദിന ലോകകപ്പിന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ അഫ്ഗാന്‍ താരങ്ങളുടെ ചുണ്ടില്‍ വിജയച്ചിരി വിരിയുമ്പോഴാണ് മുടന്തുന്ന കാലുമായി കളത്തിലിറങ്ങിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഓസീസിന് രക്ഷകനായി അവതരിച്ചത്. മുംബൈയില്‍ വാംഖഡെയിലെ രാത്രിയിലായിരുന്നു മാക്‌സ്‌വെലിന്റെ ഐതിഹാസികമായ ഡബിള്‍ സെഞ്ചുറി പ്രകടനം. അന്ന് മാക്‌സ്‌വെല്ലിനെ സൂപ്പര്‍ ഹീറോയാക്കി മാറ്റിയതിന് പിന്നില്‍ അഫ്ഗാന്‍ മറക്കാന്‍ കൊതിക്കുന്ന രണ്ട് പിഴവുകളുണ്ടായിരുന്നു. മൂന്ന് തവണയാണ് മാക്‌സിക്ക് ബംഗ്ലാ ഫീല്‍ഡര്‍മാര്‍ ജീവന്‍ ദാനം നല്കിയത്. ഉറച്ച മൂന്ന് ക്യാച്ചുകള്‍ അവര്‍ വിട്ടുകളഞ്ഞു. അതില്‍ രണ്ട് തവണയും പിഴച്ചത് നൂര്‍ അഹമ്മദിന്. കളി കവിതയാകുന്നത് ഇങ്ങനെയാണ്. മാസങ്ങള്‍ പിന്നിട്ട് വീണ്ടുമൊരു ലോകകപ്പ്. ഇക്കുറി ട്വന്റി 20. അന്ന് കളി കൈവിട്ട അതേ നൂര്‍ അഹമ്മദ് ഇന്നലെ മാക്‌സ് വെല്ലിന്റെ പോരാട്ടത്തിന് അന്ത്യംകുറിച്ചത് ചരിത്രത്തിലെതന്നെ ഏറ്റവും ആവേശകരമായ ഒരു ത്രില്ലിങ് മുഹൂര്‍ത്തമായി മാറി. ഫീല്‍ഡിങ്ങിന് പേരുകേട്ട ഓസ്‌ട്രേലിയ അഫ്ഗാന്‍ താരങ്ങളുടെ നാല് ക്യാച്ചുകള്‍ കൈവിട്ടുകളയും ചെയ്തു. കരീബിയയിലെ സെന്റ് വിന്‍സെന്റ് ദ്വീപിലെ കിങ്സ്റ്റണ്‍ മൈതാനത്ത് പോയ രാത്രിയില്‍ അഫ്ഗാന്‍ മധുരപ്രതികാരം ചെയ്തിരിക്കുന്നു.
വേഗം കുറഞ്ഞതായിരുന്നു സെന്റ് വിന്‍സെന്റിലെ പിച്ച്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന അഫ്ഗാന്‍ കരുതലോടെയാണ് ബാറ്റ് ചെയ്തത്. ഒന്നാം വിക്കറ്റ് പിരിഞ്ഞത് 15.5 ഓവറുകളില്‍. സ്‌കോര്‍ ബോര്‍ഡില്‍ 118 റണ്‍സ് മാത്രം. ടോസ് നിര്‍ണായകമായ പിച്ചില്‍ വിക്കറ്റ് വലിച്ചെറിയാതെ പരമാവധി പൊരുതുകയായിരുന്നു അഫ്ഗാന്‍ തന്ത്രം. അതില്‍ അവര്‍ വിജയിച്ചു. ഓപ്പണര്‍മാരായ റഹ്മനുല്ല ഗുര്‍ബാസും(60) ഇബ്രാഹിം സദ്രാനും(51) സ്വന്തമാക്കിയ അര്‍ധസെഞ്ചുറി ബലത്തില്‍ ടീം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 148 റണ്‍സ്. ഓപ്പണര്‍മാരെ കൂടാതെ മുഹമ്മദ് നബി(പുറത്താകാതെ 10) മാത്രമാണ് രണ്ടക്കം എത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ കാത്തിരുന്നത് പഴുതടച്ച അഫ്ഗാന്‍ ഫീല്‍ഡിങ്ങാണ്. കളി തുടങ്ങി മൂന്നാം പന്തില്‍ തന്നെ അഫ്ഗാന്‍ നയം വ്യക്തമാക്കി. ഓസീസ് സ്‌കോര്‍ബോര്‍ഡില്‍ അക്കങ്ങള്‍ തെളിയും മുമ്പേ ട്രാവിസ് ഹെഡ്(പൂജ്യം) ക്ലീന്‍ ബൗള്‍ഡ്. നവീന്‍ ഉള്‍ ഹഖിന് വിക്കറ്റ്. പിന്നീട് ചെറിയ ചെറിയ ഇടവേളകളില്‍ വിക്കറ്റുകള്‍ പെയ്തുകൊണ്ടിരുന്നു. പക്ഷെ ഒരിക്കല്‍ കൂടി അഫ്ഗാന്‍ പ്രതീക്ഷകള്‍ക്ക് കുറുകെ മാക്‌സ്‌വെല്‍ നിലയുറപ്പിച്ചു. ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 41 പന്തില്‍ 59 റണ്‍സുമായി കുതിച്ച മാക്‌സ്‌വെല്‍ അതിശയകരമായ ഒരു ക്യാച്ചില്‍ ഒടുങ്ങുന്നതു വരെ അഫ്ഗാന്‍ ആശങ്കയിലായിരുന്നു.
മീഡിയം പേസര്‍ ഗുല്‍ബാദിന്‍ നായിബിനെ തേഡ്മാനിലേക്ക് ബൗണ്ടറി കടത്താന്‍ ശ്രമിച്ചപ്പോള്‍ നൂര്‍ അഹമ്മദ് അത്യുഗ്രന്‍ ക്യാച്ചിലൂടെ മാക്‌സ്‌വെല്ലിനെ പുറത്താക്കി. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന്. ഓസ്‌ട്രേലിയയ്‌ക്ക് ജയിക്കാന്‍ അഞ്ച് വിക്കറ്റ് കൈയിലിരിക്കെ 33 പന്തില്‍ 43 റണ്‍സ് മതിയെന്നുള്ളപ്പോഴാണ് മാക്‌സ്‌വെല്‍ പുറത്തായത്. നിര്‍ണായകമായ ഈ വിക്കറ്റടക്കം നാല് പേരെ പുറത്താക്കി ഗുല്‍ബാദിന്‍ നായിബ് കളിയിലെ താരമായി. ഓസീസ് നിരയില്‍ മാക്‌സ്‌വെലിനെ കൂടാതെ രണ്ടക്കം കടന്നവര്‍ നായകന്‍ മിച്ചല്‍ മാര്‍ഷും(12) മാര്‍കസ് സ്‌റ്റോയിനിസും(11) മാത്രം. ഒടുവില്‍ 19.2 ഓവറില്‍ പത്താമനായി ആദം സാംപയെ(ഒമ്പത്) അസ്മത്തുല്ല പുറത്താക്കിയതോടെ ഓസീസ് ഇന്നിങ്‌സ് തീര്‍ന്നു. അഫ്ഗാന്‍ ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. മുന്‍ ട്വന്റി20 ലോകചാമ്പ്യന്‍മാരായ ഓസീസിന് ഇതോടെ സെമി പ്രവേശം തുലാസിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: