ന്യൂദല്‍ഹി: ഭാരതീയ ജനസംഘം സ്ഥാപകന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ എഴുപത്തൊന്നാമത് ബലിദാനവാര്ഷികത്തില് സ്മരണാഞ്ജലിയുമായി രാജ്യം. ഭാരതത്തിന്റെ മഹാനായ പുത്രനാണ് മുഖര്‍ജിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.
വിഖ്യാത ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു അദ്ദേഹം. ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബലിദാന ദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണമിക്കുന്നു, പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ഭാരതമാതാവിന് വേണ്ടി അദ്ദേഹം ജീവിതം സമര്‍പ്പിച്ചു. മുഖര്‍ജിയുടെ ഊര്‍ജസ്വലമായ വ്യക്തിതം എല്ലാ തലമുറകള്‍ക്കും പ്രചോദനമാണ്, പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും വേണ്ടി ജീവന് ബലിയര്‍പ്പിച്ച നേതാവാണ് ഡോ. മുഖര്‍ജിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജീവിതമാകെ അദ്ദേഹം രാഷ്ട്രത്തിന് വേണ്ടി പോരാടി. ജമ്മു കശ്മീരിനെ ഭാരതത്തിന്റെ അവിഭാജ്യ ഭാഗമായി നിലനിര്‍ത്തുന്നതിന് വേണ്ടി പരമമായ ത്യാഗം അനുഷ്ഠിച്ചു.
രാജ്യത്തിന് ഒരു പതാക, ഒരു ഭരണഘടന, ഒരു പ്രധാനമന്ത്രി എന്ന മുദ്രാവാക്യമുയര്‍ത്തി കശ്മീരിലെ വിഘടനവാദത്തെ അദ്ദേഹം വെല്ലുവിളിച്ചു. ബംഗാളിനെ ഭാരതത്തിന്റെ ഭാഗമായി നിലനിര്‍ത്തുന്നതിന് സൈദ്ധാന്തികമായും പ്രായോഗികമായും ഡോ. മുഖര്‍ജി പോരാടി. പാര്‍ലമെന്റംഗം എന്ന നിലയില്‍ ഭാഷയ്ക്കും സംസ്കാരത്തിനും വേണ്ടി അദ്ദേഹം നിലപാടുകളെടുത്തു. രാഷ്ട്രമാദ്യം എന്ന വലിയ സന്ദേശം നല്‍കിയാണ് അദ്ദേഹം ജനസംഘത്തിന് രൂപം കൊടുത്തത്, അമിത് ഷാ പറഞ്ഞു.
ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ഡോ. മുഖര്‍ജിയുടെ പ്രതിമയ്ക്ക് മുന്നില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പുഷ്പാര്‍ച്ചന നടത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കിയാണ് അദ്ദേഹം ബലിദാനദിനാചരണം ഉദ്ഘാടനം ചെയ്തത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്നൗവിലെ മുഖര്‍ജി പ്രതിമയില്‍ മാല ചാര്‍ത്തി പ്രണാമങ്ങള്‍ അര്‍പ്പിച്ചു. രാജ്യമൊട്ടാകെ വിവിധ കേന്ദ്രങ്ങളില്‍ മുഖര്‍ജി ബലിദാനദിനാചരണം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: