ലണ്ടന്‍: ഭാരതത്തിന്റെ പുരുഷ സിംഗിള്‍സ് ടെന്നിസ് താരം സുമിത് നാഗല്‍ പാരിസ് ഒളിംപിക്സിന് യോഗ്യത നേടി. അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്(ഐടിഎഫ്) ഔദ്യോഗികമായാണ് താരത്തെ യോഗ്യനായി പ്രഖ്യാപിച്ചത്. ഈ വിവരം നാഗല്‍ സമൂഹമാധ്യമത്തിലൂടെയാണ് പങ്കുവച്ചത്.
2024 പാരിസ് ഒളിംപിക്സിന് ഔദ്യോഗികമായി യോഗ്യത നേടിയ വിവരം ഏറെ സന്തോഷത്തോടെ പങ്കുവയ്ക്കുന്നുവെന്ന് താരം സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഇത് വലിയൊരു അംഗീകരമായി കണക്കാക്കുന്നുവെന്നും താരം കുറിച്ചു.
ഭാരതത്തില്‍ നിന്നുള്ള ഒരേയൊരു ഒളിംപിക്സ് മെഡല്‍ ജേതാവായ ടെന്നിസ് താരം ലിയാണ്ടര്‍ പേസിന് ശേഷം ആദ്യമായാണ് ടെന്നിസ് പുരുഷ സിംഗിള്‍സില്‍ തുടര്‍ച്ചയായി യോഗ്യത നേടുന്നത്. 1992, 1996, 2000 ഒളിംപിക്സുകളില്‍ പേസ് കളിച്ചിട്ടുണ്ട്. ഇതില്‍ 1996ലെ അറ്റ്ലാന്റ ഒളിംപിക്സിലാണ് വെങ്കലം നേടി ചരിത്രം കുറിച്ചത്.
കഴിഞ്ഞ തവണ 2021ല്‍ ടോക്കിയോ ഒളിംപിക്സില്‍ കളിച്ച സുമിത് നാഗല്‍ രണ്ടാം റൗണ്ടില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്വെദെവിനോട് തോറ്റാണ് പുറത്തായത്.
സുമിത് നാഗല്‍ പാരിസ് ഒളിംപിക്സില്‍ കളിക്കുമെന്ന വിവരം സ്ഥിരീകരിച്ചെങ്കിലും ഔദ്യോഗിക അറിയിപ്പ് ജൂലൈ നാലിനേ വരൂ. എല്ലാ താരങ്ങളെയും ഉള്‍പ്പെടുത്തിയ ശേഷമേ ഐടിഎഫ് ഒളിംപിക്സിനുള്ള എന്റ്രി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തൂ.
ജൂലൈ 27 മുതല്‍ ആഗസ്ത് നാല് വരെ ഫ്രഞ്ച് ഓപ്പണ്‍ നടക്കുന്ന പ്രസിദ്ധ കളിമണ്‍ കോര്‍ട്ട് റോളന്‍ഡ് ഗാരോസിലായിരിക്കും ഇത്തവണത്തെ ഒളിംപിക്സ് പോരാട്ടം.
ഇക്കൊല്ലം മികച്ച പ്രകടനമാണ് നാഗല്‍ കാഴ്ച്ചവച്ചിട്ടുള്ളത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ സീഡഡ് താരത്തെ അട്ടിമറിച്ചിരുന്നു. 31-ാം സീഡായി ഇറങ്ങിയ കസാഖ് അലക്സാണ്ടര്‍ ബുബ്ലിക്കിനെയാണ് ആദ്യപോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ ഭാരത താരം ഒരു സീഡഡ് താരത്തെ തോല്‍പ്പിക്കുന്നത് ആദ്യമായായിരുന്നു. രണ്ടാം റൗണ്ടില്‍ താരം പരാജയപ്പെട്ടു. ചെന്നൈ ഓപ്പണ്‍ എടിപി ചലഞ്ചര്‍ ടൈറ്റില്‍ സ്വന്തമാക്കിയ നാഗല്‍ എടിപി റാങ്കിങ്ങില്‍ ആദ്യ നൂറിലെത്തുകയും ചെയ്തു. നിലവില്‍ 77-ാമതാണ് നാഗല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: