ന്യൂദല്‍ഹി: ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാര്‍ ഓതന്റിക്കേഷന് നടപ്പാക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്. വ്യാജ ഇന്‍വോയ്സുകള്‍ മുഖേനയുള്ള ക്ലെയിമുകള്‍ തടയാനാണിതെന്നും അവര്‍ അറിയിച്ചു.
ഇന്നലെ ചേര്‍ന്ന 53-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. വ്യാപാരം സുഗമമാക്കല്‍, നികുതിദായകര്‍ക്ക് ആശ്വാസം നല്കല്, ഭാരം ലഘൂകരിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി തീരുമാനങ്ങള്‍ യോഗത്തില്‍ കൈകൊണ്ടതായും അവര്‍ അറിയിച്ചു.
റെയില്‍വേ നല്കുന്ന സേവനങ്ങളായ പ്ലാറ്റ്ഫോം ടിക്കറ്റ്, റിട്ടയര്‍ റൂം വെയിറ്റിംഗ് റൂം ക്ലോക്ക്റൂം സേവനങ്ങള്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ സേവനങ്ങള്‍ എന്നിവയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി. കൂടുതല്‍ ഇന്‍ട്രാ-റെയില്‍വേ വിതരണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരാള്‍ക്ക് പ്രതിമാസം 20,000 രൂപ വരെയുള്ള താമസസേവനങ്ങളെയാണ് ഒഴിവാക്കുക.
ജിഎസ്ടിആര്‍ നാലില്‍ റിട്ടേണുകളും വിശദാംശങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടും. ചെറുകിട നികുതിദായകരെ സഹായിക്കുന്നതിനാണിത്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള റിട്ടേണുകള്‍ക്ക് ഇത് ബാധകമാകും. ജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 73 പ്രകാരം പുറപ്പെടുവിച്ച ഡിമാന്‍ഡ് നോട്ടീസുകളുടെ പിഴയും പലിശയും ഒഴിവാക്കും. 2017-18, 2018-19, 2019-20 സാമ്പത്തിക വര്ഷങ്ങളിലേക്കാണിത് ബാധകമാകുക. അപ്പീല്‍ ട്രിബ്യൂണലില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിനുള്ള തുക 20 ലക്ഷം രൂപയും ഹൈക്കോടതിയില്‍ ഒരു കോടി രൂപയും സുപ്രീംകോടതിയില്‍ രണ്ട് കോടി രൂപയുമാക്കി കുറച്ചു. ഈ തീരുമാനങ്ങള്‍ വ്യാപാരികള്‍ക്കും എംഎസ്എംഇകള്‍ക്കും നികുതിദായകര്‍ക്കും ഗുണം ചെയ്യുമെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
പാല് കാനുകള്‍, കാര്‍ട്ടണ്‍ ബോക്സുകള്‍ എന്നിവയ്ക്ക് 12% ഏകീകൃത നിരക്ക് ഏര്‍പ്പെടുത്താനും എല്ലാ സോളാര്‍ കുക്കറുകള്‍ക്കും സിംഗിള്‍ അല്ലെങ്കില്‍ ഡ്യുവല്‍ എനര്‍ജി സ്രോതസ് ഉണ്ടെങ്കിലും 12% ജിഎസ്ടി നിര്‍ദ്ദേശിക്കാനും കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. ഫയര്‍ വാട്ടര്‍ സ്പ്രിംഗഌറുകള് ഉള്‍പ്പെടെ എല്ലാത്തരം സ്പ്രിംഗഌറുകള്ക്കും 12% ജിഎസ്ടി ഏര്‍പ്പെടുത്തി. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം ആഗസ്ത് പകുതിയോടെ ചേരും. ബീഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയെ റേറ്റ് റാഷണലൈസേഷന്റെ ജിഒഎം ചെയര്‍മാനാക്കിയതായും ധനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: