കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തുടരുന്ന അക്രമങ്ങളില്‍ മമതാ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊല്‍ക്കത്ത ഹൈക്കോടതി. അക്രമം ഭയന്ന് വീടുവിട്ട മുഴുവന്‍ ആളുകളെയും സുരക്ഷിതരായി മടക്കി എത്തിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഹരീഷ് ഠണ്ടന്റെ ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. അവരുടെ മടങ്ങിവരവ് ചൊവ്വാഴ്ചയ്ക്ക് അപ്പുറം പോകാന്‍ പാടില്ലെന്നും കോടതി കര്‍ശന നിര്‍ദേശം നല്കി.
കേന്ദ്ര സേനയോട് ബുധനാഴ്ച വരെ സംസ്ഥാനത്ത് തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അക്രമങ്ങള്‍ സംബന്ധിച്ച പരാതികളില്‍ പോലീസ് നടപടി എടുക്കാത്തത് ഗുരുതരമായ അലംഭാവമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി കോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം ജൂണ്‍ 18 വരെ 859 പരാതികളാണ് ലഭിച്ചതെന്ന് സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത കോടതിയെ അറിയിച്ചു. പോലീസും തൃണമൂല്‍ ഗുണ്ടകളും ഒരുമിച്ചാണ് ബിജെപി പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും തെരഞ്ഞുപിടിച്ച് അക്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ചൂണ്ടിക്കാട്ടി.
അക്രമികളെ ഭയന്ന് പാര്‍ട്ടി ഓഫീസുകളില്‍ രാത്രി കഴിച്ചുകൂട്ടേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്ന തരത്തിലുള്ള അക്രമങ്ങളാണ് ബംഗാളില്‍ അരങ്ങേറുന്നതെന്ന് ബിജെപിക്ക് വേണ്ടി കോടതിയെ സമീപിച്ച അഡ്വക്കേറ്റ് പ്രിയങ്ക തിബ്രേവാള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: