ദുഷാന്‍ബെ: മുസ്ലിം ഭൂരിപക്ഷ രാജ്യമായ താജിക്കിസ്ഥാനില്‍ ഹിജാബും 18 വയസിന് താഴെയുള്ള കുട്ടികളുടെ ഇസ്ലാമിക ആഘോഷങ്ങളും നിരോധിച്ചു. മുന്‍ സോവിയറ്റ് യൂണിയനില്‍ നിന്നും വേര്‍പിരിഞ്ഞ രാജ്യമാണ് താജിക്കിസ്ഥാന്‍.
നേരത്തെ അധോസഭ അംഗീകരിച്ച ഹിജാബ് നിരോധന നിയമഭേദഗതിക്ക് പാര്‍ലമെന്റിന്റെ ഉപരിസഭയായ മജ്‌ലിസി മില്ലിയാണ് അംഗീകാരം നല്‍കിയത്. താജിക് പ്രസിഡന്റ് ഇമോമാലി റഹ്മോന്‍ ഇതടക്കം 35 നിയമങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി താജിക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അന്യഗ്രഹ വസ്ത്രങ്ങള്‍ എന്നു വിശേഷിപ്പിച്ചാണ് ഹിജാബ് നിരോധിച്ചത്. മെയ് എട്ടിനാണ് താജിക് വിദ്യാഭ്യാസ വകുപ്പിന്റെ ഹിജാബ് നിരോധനം അധോസഭ ശരിവെച്ചത്. ബുധനാഴ്ച നിയമഭേദഗതി ഉപരിസഭയായ മജ്ലിസി മില്ലിയുടെ പരിഗണനക്ക് എത്തുകയും തുടര്‍ന്ന് ഹിജാബ് നിരോധിച്ചു കൊണ്ടുള്ള നിയമഭേദഗതി പാസാക്കിയത്. ഇതോടൊപ്പം, രണ്ട് പെരുന്നാളുകളുടെയും ഭാഗമായി കുട്ടികള്‍ക്കിടയിലുണ്ടായിരുന്ന ഇദി ആഘോഷവും നിരോധിച്ചു. കുട്ടികള്‍ അടുത്തുള്ള വീടുകള്‍ സന്ദര്‍ശിച്ച് മുതിര്‍ന്നവരെ ആശീര്‍വദിക്കുകയും പകരമായി ചെറിയ സമ്മാനങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നതാണ് ഈ ആഘോഷം.
ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ശിക്ഷ ലഭിക്കും. 8,000 – 65,000 സോമോനി (60,560-5 ലക്ഷം രൂപ) വരെയാണ് പിഴത്തുക. മതപരമായ സംഘടനകളില്‍ നിന്നുള്ളവരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ നിയമം ലംഘിച്ചാല്‍ ഉയര്‍ന്ന പിഴ (35 ലക്ഷം രൂപ) അടയ്‌ക്കേണ്ടി വരും. കഴിഞ്ഞ ഒരു വര്‍ഷമായി അനൗദ്യോഗികമായി ഹിജാബ് നിരോധനം നിലനില്‍ക്കുന്നുണ്ട്. അതേസമയം തീരുമാനത്തെ അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക പണ്ഡിതന്മാര്‍ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: