വാരാണസി: വേദമൂര്‍ത്തി പണ്ഡിറ്റ് ലക്ഷ്മികാന്ത് മഥുരാനാഥ് ദീക്ഷിതിന്റെ വിയോഗത്തില്‍ ദുഃഖിച്ച് രാജ്യം. രാജ്യത്തെ മഹാപണ്ഡിതനും സാംഗ്വേദ സ്കൂളിലെ യജുര്‍വേദ ആചാര്യനുമായ ലക്ഷ്മികാന്ത് ദീക്ഷിതിന്റെ വിയോഗവാര്‍ത്ത അങ്ങേയറ്റം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കാശിയിലെ പണ്ഡിത പാരമ്പരയിലെ ഏറ്റവും ശ്രേഷ്ഠമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കാശി വിശ്വനാഥ് ധാമിന്റെയും അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെയും സമര്‍പ്പണച്ചടങ്ങില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് സൗഭാഗ്യമാണെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിതിന്റെ വിയോഗത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. ആത്മീയ, സാംസ്കാരിക മണ്ഡലത്തിലെ നികത്താനാവാത്ത നഷ്ടമാണ് ആചാര്യന്റെ വിടവാങ്ങലിലൂടെ സംഭവിച്ചതെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. കാശിയിലെ വിഖ്യാത പണ്ഡിതനായിരുന്നു അദ്ദേഹം. ഭാരതീയ സംസ്കൃതിക്കും സംസ്കൃത ഭാഷയ്ക്കും നല്കിയ മികച്ച സംഭാവനകളിലൂടെ ആചാര്യന്റെ സ്മരണ അനശ്വരമായി നിലനില്ക്കും. ഭഗവാന് രാമന്റെ ചരണങ്ങളിലാകും അദ്ദേഹത്തിന്റെ സ്ഥാനമെന്നും അതിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും യോഗി ആദിത്യനാഥ് കുറിച്ചു.
അയോദ്ധ്യ പ്രാണപ്രതിഷ്ഠയ്ക്ക് മുഹൂര്‍ത്തം കുറിച്ച വിഖ്യാത ജ്യോതിഷപണ്ഡിതന് ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡ് അനുശോചനം രേഖപ്പെടുത്തി. സനാതനപരമ്പരയ്ക്ക് വലിയ നഷ്ടമാണ് ലക്ഷ്മികാന്ത് ദീക്ഷിതിന്റെ വിയോഗത്തിലൂടെ സംഭവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: