കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ യോഗത്തിനെത്തിയവരെ തടഞ്ഞുവച്ചെന്ന പരാതിയില്‍ നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പയ്യന്നൂരില്‍ ആണ് സംഭവം.
ആയുധ പരിശീലനം നടക്കുന്നെന്ന വ്യാജ ആരോപണമുയര്‍ത്തിയാണ് സിപിഎം പ്രവര്‍ത്തകര്‍ വീട് വളഞ്ഞത്. ഈ വീടിന്റെ പരിസരത്തുനിന്ന് പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയുധങ്ങളും കണ്ടെടുത്തു. എന്നാല്‍ ഇത് സി പി എം പ്രവര്‍ത്തകര്‍ പിന്നീട് കൊണ്ടിട്ടതാണെന്ന് ബി ജെ പി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
പയ്യന്നൂര്‍ കുണിയനിലെ ബിജെപി പ്രവര്ത്തകന് ബാലന്റെ വീട്ടിലായിരുന്നു വ്യാഴാഴ്ച രാത്രി മണ്ഡലം കമ്മിറ്റി യോഗം. ഇരുപത്തഞ്ചോളം ബിജെപി പ്രവര്‍ത്തകര്‍ ഇതിനായെത്തി. ഈ വേളയിലാണ് ആയുധനിര്‍മാണവും പരിശീലവുമാണ് നടക്കുന്നതെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ വീട് വളഞ്ഞത്.
സംഘര്‍ഷമുണ്ടായതോടെ പൊലീസ് സ്ഥലത്തെത്തി. ബിജെപി പ്രവര്‍ത്തകരെ വീടിന് പുറത്തെത്തിച്ചു പറഞ്ഞു വിട്ടു. തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തെന്ന ബിജെപിയുടെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പിറ്റേന്ന് രാവിലെയാണ് ബാലന്റെ വീടിന് സമീപത്തുനിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ഇരുമ്പ് പൈപ്പുകളും വാളും കണ്ടെത്തിയത്.
ആയുധങ്ങള്‍ കണ്ടെടുത്തതില്‍ പൊലീസ് കേസെടുത്തെങ്കിലും ആരെയും പ്രതി ചേര്‍ത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: