ന്യൂദൽഹി: രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാങ്കറുകളിൽ നിന്ന് വെള്ളമെടുക്കാൻ ക്യൂ നിൽക്കുന്ന ആളുകളുടെ നീണ്ട നിര ഏവരുടെയും മനസിന്റെ ഉള്ളൊന്നുലയ്‌ക്കും. വേനൽച്ചൂടിൽ നഗരം ചുട്ടുപൊള്ളുന്നത് തുടരുന്നതിനാൽ ഈ കാഴ്ചയാണ് തലസ്ഥാന നഗരിയിൽ എന്നും കാണാനാകുക. എന്നാൽ ഭരിക്കുന്ന ആപ്പ് സർക്കാർ ഞാൻ ഒന്നും കണ്ടില്ല എന്ന മട്ടാണ്.
മയൂർ വിഹാർ ഏരിയയിലെ ചില്ല ഗാവ്, സഞ്ജയ് കോളനി, ഓഖ്‌ല ഏരിയ, ഗീത കോളനി ഏരിയ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ ഈ വേനൽക്കാലത്ത് ദേശീയ തലസ്ഥാനത്ത് ജലക്ഷാമത്തിനിടയിൽ ക്യൂവിൽ നിൽക്കുന്നതും ക്യാനുകളിലും ബക്കറ്റുകളിലും പിടിച്ച് വാട്ടർ ടാങ്കറുകൾക്ക് ചുറ്റും തടിച്ചുകൂടുന്നതും രാവിലെ തന്നെ കാണാനാകും.
കുതിച്ചുയരുന്ന താപനിലകൾക്കിടയിൽ, ഈ വർഷം വേനൽക്കാലം ആരംഭിച്ചത് മുതൽ ദേശീയ തലസ്ഥാനത്ത് പല പ്രദേശങ്ങളിലും ഈ ദൃശ്യങ്ങൾ നിത്യസംഭവമായി മാറിയിരിക്കുന്നു.
അതേസമയം ജലക്ഷാമത്തിലെ രാഷ്‌ട്രീയ വടംവലികൾക്കിടയിൽ പ്രശ്നങ്ങൾ പരിഹരിക്കാതെ ആപ്പ് സർക്കാർ പരാതിപ്പെട്ടി പൊട്ടിക്കുകയാണ് ഓരോ ദിവസവും. ഹരിയാന സർക്കാർ ദൽഹിയുടെ വിഹിതം ജലം വിട്ടുനൽകുന്നില്ലെന്ന് ആരോപിച്ച് ദൽഹിയിലെ ജലമന്ത്രി അതിഷി വെള്ളിയാഴ്ച അനിശ്ചിതകാല നിരാഹാര സമരം എന്ന പൊറോട്ടു നാടകം നടത്തിയത് ഏറെ കൗതുകരമായി. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങും പാർട്ടിയിലെ മറ്റ് അംഗങ്ങളും അവർക്കൊപ്പം ജംഗ്പുരയ്‌ക്കടുത്തുള്ള ഭോഗലിൽ നിരാഹാര സമരത്തിനെത്തിയിരുന്നു.
അതിനിടെ ദൽഹി മുഖ്യൻ അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ കപട സന്ദേശം വായിച്ചു. ദൽഹിയിലെ പൊതുജനങ്ങൾ ജലക്ഷാമം അനുഭവിക്കുന്നത് കണ്ട് അരവിന്ദ് കെജ്‌രിവാളിന് വേദനയുണ്ടെന്നാണ് സന്ദേശത്തിൽ തട്ടിവിട്ടിരിക്കുന്നത്. ജലക്ഷാമം മൂലം ദൽഹിയിലെ ജനങ്ങൾ ബുദ്ധിമുട്ടുന്നത് ടിവിയിൽ കാണുമ്പോൾ എന്നെ വേദനിപ്പിക്കുന്നുവെന്ന് കെജ്‌രിവാൾ പറഞ്ഞതായിട്ടാണ് സുനിത വ്യക്തമാക്കിയത്.
അതേ സമയം ജലക്ഷാമത്തിന്റെ പേരിൽ ബിജെപി ദൽഹി സർക്കാരിനെതിരെ ആക്രമണം കടുപ്പിച്ചു. എഎപി സർക്കാർ അഴിമതിയെ പ്രോത്സാഹിപ്പിക്കാനാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് ബിജെപി എംപി ബൻസുരി സ്വരാജ് ആരോപിച്ചു. സ്വാഭാവിക പ്രതിസന്ധിയല്ലാത്ത ഈ പ്രതിസന്ധി കെജ്‌രിവാൾ സർക്കാർ സ്വന്തം അഴിമതി പ്രോത്സാഹിപ്പിക്കുന്നതിനും അനധികൃത ടാങ്കർ മാഫിയയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ക്രമീകരിച്ചതാണെന്ന് തോന്നുന്നുണ്ടെന്ന് ബൻസുരി സ്വരാജ് പറഞ്ഞു.
ദൽഹി അതീവ ഗുരുതരാവസ്ഥയിലാണ്. നഗരം മുഴുവൻ വരണ്ടുണങ്ങി, കെജ്‌രിവാൾ സർക്കാർ നാടകങ്ങളിൽ മാത്രം മുഴുകുകയാണ്. ദൽഹി മന്ത്രി അതിഷി നിലത്തു പണിയെടുക്കാതെ, മതിയായ നടപടികളൊന്നും എടുക്കുന്നതിനുപകരം ഇപ്പോൾ വെറും തിയറ്ററുകളിൽ മുഴുകുകയാണ്. ഇപ്പോൾ ദൽഹിക്കാരെ അൻഷാൻ ( സത്യാഗ്രഹം) ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: