മുംബൈ: ബോളിവുഡ് താരം അനുപം ഖേറിന്റെ ഓഫീസിൽ കവർച്ച. ബുധനാഴ്ച രാത്രിയാണ് കവർച്ച നടന്നത്. മോഷണ വിവരം അനുപം ഖേർ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. മുംബൈയിലെ വീര ദേശായി റോഡിലുള്ള ഓഫീസിലാണ് മോഷണം നടന്നത്.വാതിലിന്റെ പൂട്ട് പൊട്ടിച്ചതിന്റെ ദൃശ്യങ്ങളടക്കം താരം പങ്കുവച്ചിട്ടുണ്ട്.
ഓഫീസിലെ അക്കൗണ്ട് സെക്ഷനിൽ സൂക്ഷിച്ചിരുന്ന ‘മേംനെ ഗാന്ധി കോ നഹിൻ മാരാ’ എന്ന ചിത്രത്തിന്റെ നെഗറ്റീവും മോഷ്ടാക്കൾ കവർന്നു. 2005-ൽ ദേശീയപുരസ്കാരം സ്വന്തമാക്കിയ ചിത്രമാണിത്. വൈകാരിക മൂല്യമുള്ള സമ്പത്താണ് മോഷ്ടാക്കൾ കവർന്നതെന്നും സിനിമയുടെ നെഗറ്റീവെങ്കിലും മോഷ്ടാക്കൾ തിരികെ തരണമെന്നും അനുപം ഖേർ അഭ്യർത്ഥിച്ചു.സിനിമയുടെ നെഗറ്റീവ് കേടുവരുത്തില്ലെന്നാണ് തന്റെ വിശ്വാസമെന്നും അനുപം ഖേർ ദുഖത്തോടെ പറഞ്ഞു.
രണ്ട് മോഷ്ടാക്കളാണ് ഓഫീസിലെത്തി കവർച്ച നടത്തിയത്. മോഷണത്തിന് ശേഷം ഇരുവരും ഓട്ടോയിൽ കയറി പോകുന്നതിന്റെ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.സംഭവത്തിൽ മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് അധികൃതർ അറിയിച്ചതായും അനുപം ഖേർ പറഞ്ഞു.
വീട്ടിലെ അലമാരയില്‍ സൂക്ഷിരുന്ന 4.15 ലക്ഷം രൂപയും മോഷ്ടാക്കള്‍ കവർന്നു. ദൈവം പ്രതികൾക്ക് നല്ല ബുദ്ധി നൽകട്ടെയെന്നും സംഭവത്തിൽ താൻ കേസ് ഫയൽ ചെയ്തെന്നും താരം പോസ്റ്റിലൂടെ അറിയിച്ചു.വ്യാഴാഴ്ച രാവിലെ 9.45 ഓടെ ഓഫീസ് ജീവനക്കാര്‍ എത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: